മലയാളം ഇ മാഗസിൻ.കോം

പിങ്ക്‌ കോളർ ജോലികൾ സ്ത്രീകൾ കയ്യടക്കുന്നു; എന്താണ് പിങ്ക്‌ കോളർ ജോബ്സ്‌?

സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന തൊഴിലുകളെയാണ്‌ പൊതുവെ പിങ്ക്‌ കോളർ ജോലി എന്ന്‌ വിവക്ഷിക്കുന്നത്‌. നഴ്സിംഗ്‌, അധ്യാപനം, ഹോട്ടലുകളിലെ ഭക്ഷണം വിളമ്പൽ തുടങ്ങിയ തൊഴിലുകളാണ്‌ പിങ്ക്‌ കോളർ എന്ന സംജ്ഞയ്ക്ക്‌ ഉളളിൽ വരുന്നത്‌.

ആലിയ ഭട്ട്‌ മുഖ്യ വേഷത്തിലെത്തിയ ഡിയർ സിന്തഗി എന്നചിത്രം ഓർമയില്ലേ? കടാറ എന്ന വളർന്ന് വരുന്നൊരു ചലച്ചിത്ര ക്യാമറ പേഴ്സന്റെ കഥ പറയുന്ന ചിത്രം. ജീവിതത്തോട്‌ തന്നെ ഏറെ വിരക്തി തോന്നിയിരിക്കുമ്പോഴാണ്‌ അവർ ഡോ. ജഹാംഗീറിനെ പരിചയപ്പെടുന്നത്‌. ഒരു മികച്ച മനഃശാസ്ത്ര വിദഗ്ദ്ധനാണ്‌ അദ്ദേഹം. തന്റെ ജീവിതത്തിൽ ഒരു പുതിയ കാഴ്ചപ്പാടുണ്ടാക്കിയെടുക്കാൻ ഇദ്ദേഹം കടാറയെ പ്രാപ്തയാക്കുന്നു.

അടിച്ച്‌ പൊളിച്ച്‌ ജീവിച്ച കടാറയുടെ ജീവിതത്തിൽ കാർമേഘമായത്‌ രാഘവേന്ദ്ര എന്ന ചലച്ചിത്ര നിർമാതാവായിരുന്നു. തന്റെ കുട്ടിക്കാലത്തെ പ്രണയം ഇയാൾക്ക്‌ വേണ്ടി അവൾക്ക്‌ വേണ്ടെന്ന്‌ വയ്ക്കേണ്ടി വരുന്നു. എന്നാൽ പിന്നീട്‌ ഇയാൾ മറ്റൊരാളിലേക്ക്‌ തിരിയുന്നു. ഇതോടെ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ നിന്ന്‌ പുറത്താക്കപ്പെടുന്ന കടാറ ഗോവയിൽ സ്വന്തം മാതാപിതാക്കൾക്കൊപ്പം താമസിക്കാനെത്തുന്നു. എന്നാൽ ഗോവയിലെ ജീവിതം അവൾക്ക്‌ ഉറക്കമില്ലാത്ത രാത്രികളാണ്‌ സമ്മാനിച്ചത്‌. ഇതിനിടെയാണ്‌ ഡോ. ജഹാംഗീർ ഇവളുടെ ജീവിതത്തിലേക്ക വരുന്നതും ജീവിതം മാറി മറയുന്നതും.

ഇയാൾക്കൊപ്പം ആശുപത്രിയിലെത്തുന്ന കടാറ അവിടെ വച്ച്‌ റുമി എന്ന്‌ സംഗീതജ്ഞനെ കണ്ടുമുട്ടുന്നു. എന്നാൽ ഈ ബന്ധം ദൃഢമാകുന്നതിന്‌ മുമ്പ്‌ തന്നെ അതും തകരുന്നു. കുടുംബത്തിലെ ഒരാഘോഷത്തിനിടെ തന്നെ കുട്ടിക്കാലത്ത്‌ മുത്തശിയ്ക്കും മുത്തശനും ഒപ്പം ആക്കി പോയ അച്ഛനമ്മമാർക്ക്‌ നേരെ ഇവൾ പൊട്ടിത്തെറിക്കുന്നു. തന്നെ അനാഥയാക്കി പോയതിനാലാണ്‌ താൻ സനേഹം നേടി അലയുന്നതെന്ന്‌ ആരോപിക്കുന്നു. എന്നാൽ മനോഹരമായ ഭാവി മുന്നിലുളളപ്പോൾ കഴിഞ്ഞ കാലത്തെ ഓർത്ത്‌ വിലപിക്കരുതെന്ന ജഹാംഗീറിന്റെ ഉപദേശം അവളെ മാറ്റിയെടുക്കുന്നു. അവൾ സ്വന്തം ദുഃഖാങ്ങളിൽ നിന്നെല്ലാം മോചിതയായി മനോഹരമായ ഒരു ഹ്രസ്വചിത്രം നിർമിച്ച്‌ പ്രദർശിപ്പിക്കുന്നതോടെയാണ്‌ ഡിയർ സിന്തഗി അവസാനിക്കുന്നത്‌. ഇതിനിടെ ഒരു വീട്ടുസാമാന ഇടപാടുകാരനുമായി അടുക്കുകയും ചെയ്യുന്നുമുണ്ട്‌.

ഒരുകാലത്ത്‌ അഭിനയത്തിനായി പോലും സിനിമാരംഗത്തേക്ക്‌ വരാൻ സ്ത്രീകൾ മടിച്ചിരുന്നു. എന്നാൽ ഇന്ന്‌ ഈ മേഖലയിലെ സാങ്കേതിക രംഗത്ത്‌ പോലും വളരെ പ്രാഗത്ഭ്യം തെളിയിച്ച ധാരാളം സ്ത്രീകൾ നമുക്ക്‌ ചുറ്റുമുണ്ട്‌. എങ്കിലും ചില ജോലികൾ സ്ത്രീകൾക്ക്‌ മാത്രമായി പണ്ടു മുതലേ നീക്കി വച്ചിരിക്കുന്നു. ഇതിൽ സ്ത്രീകൾ തികഞ്ഞ ആധിപത്യം ഇന്നും പുലർത്തുന്നുണ്ട്‌.

തൊഴിൽ മേഖലയെ വിവിധ കോളറുകളായി നാം തിരിച്ചിരിക്കുന്നു, വെളളക്കോളർ, നീലക്കോളർ, പിങ്ക്‌ കോളർ ഇങ്ങനെ നീളുന്നു അത്‌. വെളളക്കോളർ ജോലിയോട്‌ എല്ലാവർക്കും താത്പര്യം കൂടുതലാണ്‌. കാരണം കോളർ ചുളുങ്ങാതെ പഞ്ചനക്ഷത്രസൗകര്യത്തിൽ ജോലി ചെയ്യാമെന്നത്‌ തന്നെ.

\"\"ബ്ലൂ കോളർ അഥവാ നീലക്കോളറിനോട്‌ ആർക്കും വലിയ താത്പര്യമില്ല. കാരണം അത്‌ അദ്ധ്വാനം ഏറെ വേണ്ടുന്ന ജോലിയാണ്‌. നമ്മുടെ നാടൻ ഭാഷയിൽ കൂലിപ്പണി. എന്നാൽ എന്താണ്‌ ഈ പിങ്ക്‌ കോളർ എന്നാകും ഇപ്പോൾ ആലോചിക്കുന്നത്‌ അല്ലേ. പറയാം. പണ്ട്‌ കാലം മുതൽക്ക്‌ തന്നെ നമ്മുടെ നാട്ടിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമായി നാം ചില തൊഴിലുകൾ സംവരണം ചെയ്തിട്ടുണ്ട്‌. അധ്യാപനം, നേഴ്സിംഗ്‌, തുടങ്ങിയ ജോലികളാണ്‌ ഇവ. എന്നാൽ കാലക്രമേണ ഇവിടേക്ക്‌ പുരുഷൻമാർ കടന്ന്‌ വന്ന്‌ തുടങ്ങി. സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന തൊഴിലുകളെയാണ്‌ പൊതുവെ പിങ്ക്‌ കോളർ ജോലി എന്ന്‌ വിവക്ഷിക്കുന്നത്‌. നഴ്സിംഗ്‌, അധ്യാപനം, ഹോട്ടലുകളിലെ ഭക്ഷണം വിളമ്പൽ തുടങ്ങിയ തൊഴിലുകളാണ്‌ പിങ്ക്‌ കോളർ എന്ന സംജ്ഞയ്ക്ക്‌ ഉളളിൽ വരുന്നത്‌. പഠിപ്പിക്കലും ശുശ്രൂഷിക്കലുമെല്ലാം എന്നും സ്ത്രീകൾക്ക്‌ തന്നെ മാറ്റി വച്ചിട്ടുളള തൊഴിലുകളാണ്‌. പണ്ടേ ഈ രംഗത്ത്‌ സ്ത്രീകളാണ്‌ ഏറെയും. അധ്യാപനത്തിൽ ഏറെ മാറ്റങ്ങൾ നേരത്തെ തന്നെ വന്നിരുന്നെങ്കിലും നേഴ്സിംഗിലേക്ക്‌ കടന്ന്‌ വരാൻ പുരുഷൻമാർ ഏറെ വൈമനസ്യം കാട്ടിയിരുന്നു. എന്നാലിത്‌ ഇതിനൊരു മാറ്റമുണ്ട്‌. ചെറിയ തോതിൽ പുരുഷൻമാർ ഈ രംഗത്തേക്ക്‌ വരുന്നുണ്ട്‌.

കേരളത്തിലെ ചില ആശുപത്രികൾ പുരുഷ നേഴ്സുമാരെ നിയമിക്കാൻ ഇപ്പോൾ വിമുഖത കാട്ടിത്തുടങ്ങിയിട്ടുണ്ട്‌. കാരണം മറ്റൊന്നുമല്ല, ഇവർ സമരങ്ങൾക്ക്‌ നേതൃത്വം നൽകുന്നു പോലും. നമ്മുടെ നാട്ടിൽ നഴ്സുമാർക്ക്‌ വളരെ കുറഞ്ഞ കൂലിയാണ്‌ ലഭിക്കുന്നത്‌. ഇതിനെതിരെ സംസ്ഥാനത്തെ ചില വൻകിട സ്വകാര്യ ആശുപത്രികളിൽ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇത്‌ വിജയം കണ്ടോയെന്ന കാര്യം ഇന്നും സംശയമാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ പുരുഷ നേഴ്സുമാരെ വേണ്ടെന്നൊരു തീരുമാനം മാനേജ്മെന്റുകൾ കയ്യടക്കിയിരിക്കുന്നത്‌.

എങ്കിലും പത്ത്‌ നഴ്സുമാരെ എടുത്താൽ ഒരു പുരുഷൻ ഉണ്ടാകും. എന്ന നിലയിലേക്ക്‌ കാര്യങ്ങൾ എത്തിയിട്ടുണ്ട്‌. വിദേശത്തും മെയിൽ നേഴ്സുമാർക്ക്‌ പ്രിയമുണ്ട്‌. വിദേശത്ത്‌ വൃദ്ധസദനങ്ങളിലും രോഗികൾക്കുളള മറ്റ്‌ കീയർ ഹോമുകളിലും മറ്റും ജോലി ചെയ്യുന്നതിലേറെയും പുരുഷൻമാരാണ്‌. ആളുകളെ കൈകാര്യം ചെയ്യാൻ സ്ത്രീകളെക്കാൾ ഈ മേഖലകളിൽ പുരുഷൻമാർ തന്നെയാണ്‌ നല്ലതെന്ന്‌ അവിടെ ഈരംഗത്ത്‌ പ്രവർത്തിക്കുന്നവർ വിലയിരുത്തുന്നു.

ഹ്യൂമൻ റിസോഴ്സ്‌ മാനേജ്മെന്റ്‌ രംഗത്തും സാമൂഹ്യ പ്രവർത്തനത്തിലും കൗൺസിലിംഗ്‌ മേഖലയിലും സ്ത്രീകൾ തന്നെയാണ്‌ തിളങ്ങുന്നത്‌. എന്നാൽ ഇതിനെതിരെ സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ്‌ നൽകുന്നു. ഇതൊരു അസന്തുലിതത്വം സൃഷ്ടിക്കുമെന്നാണ്‌ ഇവരുടെ വിലയിരുത്തൽ. സമ്പദ്ഘടനയെ കൂടുതൽ കാര്യക്ഷമമാക്കാൻ ഇരുപക്ഷത്തിന്റെയും കൂട്ടായ്മ ഉണ്ടാകണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളുടെ ജോലി എന്ന ലേബൽ പലപ്പോഴും കമ്പനികളെ പ്രതിസന്ധിയിലാക്കുന്നതായി ബിഹേവിയറൽ സാമ്പത്തിക വിദഗ്ദ്ധയായ തെരേസ ഘിലാൽഡുസി ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെയൊരു സാഹചര്യം മൂലം പലപ്പോഴും മികച്ച ഉദ്യോഗാർത്ഥികളെ ലഭിക്കാത്ത സ്ഥിതിയുമുണ്ട്‌.

സ്ത്രീകൾ കയ്യടക്കി വച്ചിരിക്കുന്ന ചില മേഖലകൾ നമുക്ക്‌ പരിശോധിക്കാം
\"\"നഴ്സിംഗ്‌ രംഗത്താണ്‌ സ്ത്രീകൾ സമ്പൂർണ ആധിപത്യം പുലർത്തുന്നത്‌. ഈ രംഗത്ത്‌ 91.10 ശതമാനവും സ്ത്രീകളാണ്‌. തൊട്ടുപിന്നിൽ പ്രാഥമികമധ്യ വിദ്യാലയങ്ങളിലെ അധ്യാപകരാണ്‌. ഈ മേഖലയിലെ 81.80 പേരും സ്ത്രീകളാണ്‌. സാമൂഹ്യ പ്രവർത്തകരുടെ എണ്ണം 80.80ശതമാനമാണ്‌. മീറ്റിംഗ്‌ ആൻഡ്‌ കൺവൻഷൻ പ്ലാനർമാരായി പ്രവർത്തിക്കുന്നവരിൽ 78.80 ശതമാനവും സ്ത്രീകളാണ്‌.

മെഡിക്കൽ ആൻഡ്‌ ആരോഗ്യ സേവന മാനേജിംഗ്‌ രംഗത്ത്‌ 72.50 ആണ്‌ സ്ത്രീകളുടെ പങ്കാളിത്തം. കൗൺസിലിംഗ്‌ മേഖലയിൽ 71.2ശതമാനവും സ്ത്രീകളാണ്‌. നികുതി കണക്കാക്കലിലും പെൺ ആധിപത്യമാണ്‌. ഇവിടെ 71.3ശതമാനമാണ്‌ പെണ്ണുങ്ങൾ. സാമൂഹ്യസമുദായിക സേവനരംഗത്ത്‌ 70.2ശതമാനമാണ്‌ സ്ത്രീകളുടെ പങ്കാളിത്തം.

ഹ്യൂമൻ റിസോഴ്സ്‌ മാനേജ്മെന്റ്‌ മേഖലയിൽ 69.3ശതമാനം പെണ്ണുങ്ങളുണ്ട്‌. മനഃശാസ്ത്ര വിദഗ്ദ്ധകളുടെ എണ്ണം 66.7 ശതമാനമാണ്‌. നികുതി പരിശോധകർ, ശേഖരിക്കൽ, റവന്യൂ ഏജന്റ്സ്‌ മേഖലകളിൽ 66.10 സ്ത്രീകൾ പ്രവർത്തിക്കുന്നു. സാമ്പത്തിക വിദഗ്ദ്ധരുടെ കൂട്ടത്തിൽ 64.10 ആണ്‌ സ്ത്രീകൾ. വിദ്യാഭ്യാസരംഗത്തെ ഭരണ മേഖലയിൽ 63ശതമാനം വനിതകളുണ്ട്‌.

മറ്റ്‌ വ്യവസായ നടത്തിപ്പിൽ 63ശതമാനമാണ്‌ സ്ത്രീകൾ. പരസ്യ, പ്രെമോഷൻ മേഖലയിൽ 61.10% വനിതകളുണ്ട്‌. അക്കൗണ്ടന്റുമാരും ആഡിറ്റർമാരുമായും പ്രവർത്തിക്കുന്ന സ്ത്രീകളുടെ എണ്ണം 60.1 ശതമാനമാണ്‌. പബ്ലിക്‌ റിലേഷൻ മാനേജർമാരായി പ്രവർത്തിക്കുന്ന സ്ത്രീകൾ 60ശതമാനം വരും. ഇൻഷ്വറൻസ്‌ അണ്ടർ റൈറ്റേഴ്സ്‌ ആയി 59.3ശതമാനം സ്ത്രീകളുണ്ട്‌. ക്ലയിംസ്‌ അഡ്ജസ്റ്റേഴ്സ്‌, അപ്രൈയ്സേഴ്സ്‌, പരിശോധകർ, അന്വേഷകരായി 57.40 ശതമാനം സ്ത്രീകൾ പ്രവർത്തിക്കുന്നു. മൃഗാരോഗ്യരംഗത്ത്‌ സ്ത്രീകളുടെ പ്രാതിനിധ്യം 56ശതമാനമാണ്‌.

ഏതായാലും സ്ത്രീകളുടെ ഈ പങ്കാളിത്തം ഏറെ ദോഷമൊന്നും ചെയ്യുന്നില്ലെന്നതാണ്‌ വാസ്തവം. പലപ്പോഴും പല കമ്പനികളെയും വളരാൻ സഹായിക്കുന്നതിൽ സ്ത്രീകൾക്ക്‌ ഏറെ പങ്ക്‌ വഹിക്കാനാകുന്നുണ്ട്‌. ഇന്ന്‌ പല കമ്പനികളുടെയും തലപ്പത്തേക്കും സ്ത്രീകൾ എത്തിയിരിക്കുന്നു. ബിസിനസ്‌ മാസികയായ ഫോർബ്സിന്റെ പട്ടികയിൽ പോലും അതിശക്തരായ വ്യവസായ സ്ത്രീകൾ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്‌. ഇന്ന്‌ സ്ത്രീകൾ കടന്ന്‌ ചെല്ലാത്ത യാതൊരു മേഖലയുമില്ല. സ്ത്രീകൾക്ക്‌ വേണ്ടി മാത്രം മാറ്റി വച്ചിട്ടുളള ജോലികളിൽ വരും നാളുകളിൽ കൂടുതൽ പുരുഷ പങ്കാളിത്തമുണ്ടാകുമെന്നും പ്രതീക്ഷിക്കാം.

മായാ ദേവി, ഏഷ്യാവിഷൻ ഫാമിലി മാഗസിൻ, ദുബായ്‌

YOU MAY ALSO LIKE:

Avatar

Staff Reporter