വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചശേഷം സോളാർ തട്ടിപ്പ് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ ഉമ്മൻ ചാണ്ടിയും സംഘവും തകർന്നു പോയി. യു.ഡി.എഫ് കേന്ദ്രങ്ങളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു ഈ അപ്രതീക്ഷിത നീക്കം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും അടക്കം പ്രമുഖ കോൺഗ്രസ് നേതാക്കൾക്കും ചില ഉദ്യോഗസ്ഥർക്കും എതിരെ ക്രിമിനൽ കേസുകൾ എടുക്കുവാനാണ് സർക്കാർ തീരുമാനം. ഇതിൽ സരിതയെ ലൈംഗികമായി ഉപയോഗിച്ചതും ബലാത്സംഗം ചെയ്തതുമടക്കം ഉള്ള കാര്യങ്ങളും ഉൾപ്പെടും എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. നിയമം അതിന്റെ ശരിയായ വഴിക്ക് പോയാൽ അത് ഇന്ത്യൻ രാഷ്ടീയത്തിൽ തന്നെ വലിയ കോളിളക്കം സൃഷ്ടിക്കും. ജാമ്യമില്ലാ കുറ്റങ്ങൾ ചാർത്തപ്പെട്ടാൽ പതിറ്റാണ്ടുകളുടെ രാഷ്ടീയ പാരമ്പര്യം ഉള്ള പലരും ബലാത്സംഗ കുറ്റത്തിന് ജയിലഴി എണ്ണേണ്ടിവരും.
പൊതുവിൽ ജുഡീഷ്യൽ അന്വേഷന കമ്മീഷനുകൾ സമർപ്പിക്കുന്ന റിപ്പോർട്ടുകളിൽ കാര്യമായ നടപടിയിലെക്ക് രാഷ്ടീയ നേതൃത്വങ്ങൾ നീങ്ങാറില്ല. പല കമ്മീഷൻ റിപ്പോർട്ടുകളും തള്ളാറുമുണ്ട്. എന്നാൽ സോളാർ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചു ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നീക്കം വേങ്ങര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് മാത്രമല്ല. അതിന്റെ പ്രത്യാഘാതം പല തലങ്ങളിലാണ് കേരള രാഷ്ടീയത്തിൽ പ്രതിഫലിക്കുക. ഏറ്റവും വലിയ ആഘാതം സംഭവിക്കുക കോൺഗ്രസ്സിനായിരിക്കും. പാർട്ടിയിൽ പുനസ്സംഘടന നടക്കുന്ന അവസരത്തിൽ തന്നെ ഇത്തരം ഒരു കേസെടുക്കുന്നതിലൂടെ അതും ലൈംഗിക പീഡനക്കുറ്റം വരെ ചാർത്തിക്കൊണ്ട് പല പ്രമുഖർക്കും സ്ഥാനങ്ങൾ നഷ്ടമാകാൻ ഇടയുണ്ട്. പ്രതിഛായ നഷ്ടം പരിഹരിക്കുവാനായി കോൺഗ്രസ്സിനു ഏറെ പാടുപെടേണ്ടിവരും.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ യാത്ര ആഭ്യന്തര പ്രശ്നങ്ങളും ഒപ്പം ദേശീയ അധ്യക്ഷൻ അമിത് ഷാ ഇടക്ക് വച്ച് പിന്മാറി ദില്ലിക്ക് മടങ്ങിയതും അടക്കം ശോഭ കെട്ട അവസ്ഥയിലാണ് മുന്നേറുന്നത്. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ഉള്ളവരെ കൊണ്ടുവന്നെങ്കിലും സംസ്ഥാനത്തെ നേതാക്കളുടെ ഉൾപ്പോരു ഒരു കാരണമാണ്.
മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉള്ള കനത്ത ബി.ജെ. പി വിരുദ്ധ നിലപാടും അതിന്റെ കരുത്ത് ചോർത്തിക്കളഞ്ഞു. ലഭിക്കുന്ന അവസരങ്ങളിൽ എല്ലാം യാത്രയെ മോശമാക്കുന്നതിനായും വിവാദങ്ങളിൽ പെടുത്തുന്നതിനായും മാധ്യമങ്ങളിലെ ഒരു പ്രബല വിഭാഗം കൈമെയ് മറന്ന് പ്രയതിനിക്കുന്നുമുണ്ട്. അതോടൊപ്പം സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ നടത്തിയ ചടുല നീക്കവും സരിതയുടെ വെളിപ്പെടുത്തലുകളും കൂടിയായതോടെ ജനങ്ങളുടെ ശ്രദ്ധ അതിലേക്കായി. ഇനി കുമ്മനത്തിന്റെ യാത്രക്ക് വലിയ വാർത്താപ്രാധാന്യം ഒന്നും ലഭിക്കുവാൻ ഇടയില്ല.
പിണറായി വിജയൻ സർക്കാരിലെ മന്ത്രിയായ തോമസ് ചാണ്ടി കായൽ കയ്യേറി നികത്തിയതും റോഡ് നിർമ്മിച്ചതും ഉൾപ്പെടെ വലിയ നിയമ ലംഘനങ്ങൾ വാർത്തകളിൽ സജീവമായിരുന്നു. വിവാങ്ങൾ മുറുകിയതോടെ മന്ത്രി രാജിവെക്കേണ്ടിവരും എന്ന അവസ്ഥ വരെ എത്തി. എന്നൽ സോളാർ വിഷയത്തിലേക്ക് മാധ്യമ ശ്രദ്ധ തിരിഞ്ഞതോടെ തല്ക്കാലം അതുസംബന്ധിച്ച വാർത്തകൾക്ക് പ്രാധാന്യം കുറയും ഇതുവഴി അദ്ദെഹത്തിന്റെ രാജി ഒഴിവാക്കുവാനും പിണറായിക്ക് സാധിക്കും.
രാഷ്ടീയമായി നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ തല്ക്കാലം മാധ്യമ വാർത്തകളിൽ നിന്നും രക്ഷപ്പെട്ട മറ്റു പ്രമുഖർ നടൻ ദിലീപും ഭാര്യ കാവ്യാമാധവനുമാണ്. സഹപ്രവർത്തകയായിരുന്ന നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനം നടത്തി അതിന്റെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ദിലീപ് എൺപത്തഞ്ച് ദിവ്സം ജയിൽ വാസം അനുഭവിക്കേണ്ടിവന്നിരുന്നു. പലതവണ കോടതി അദ്ദേഹത്തിനു ജാമ്യം നിഷേധിക്കുകയും ചെയ്തു. മാധ്യമങ്ങൾ വലിയ തോതിൽ ഇത് ചർച്ചയാക്കുകയും ചെയ്തിരുന്നു. സമയത്തിനു ചാർജ്ജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിൽ വിചാരണ കഴിയും വരെ അദ്ദേഹം ജയിലിൽ കിടക്കേണ്ടിയും വന്നേനെ. തൊണ്ണൂറു ദിവസത്തിനകം ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കാതെ വന്നതിന്റെ കൂടെ അടിസ്ഥാനത്തിൽ ദിലീപിനു ജാമ്യം ലഭിക്കുകയായിരുന്നു. സിനിമാ രംഗത്ത് കരുത്തനായ ദിലീപിനെ സംബന്ധിച്ച് അപ്രതീക്ഷിതമായ സംഭവം ആയിരുന്നു അറസ്റ്റും ജയിൽ വാസവും. ഇടത് എം.എൽ.എ മാരും നടന്മാരുമായ മുകേഷും, ഗണേശ് കുമാരും അമ്മയുടെ പ്രസിഡണ്ടും എം.പിയുമായ ഇന്നസെന്റും ഉൾപ്പെടെ ഒരു വലിയ വിഭാഗം ദിലീപിനായി നിലകൊള്ളുന്നുണ്ട്. ഇപ്പോൾ അദ്ദേഹത്തിനു ജാമ്യം ലഭിക്കുകയും മാധ്യമ ശ്രദ്ധ മാറുകയും ചെയ്ത സാഹചര്യത്തിൽ ഇനി ആ കേസിന്റെ തുടർ നടപടികൾ വേണ്ടത്ര ജാഗ്രതയോടെ ആകില്ല എന്ന അഭ്യൂഹം ശക്തമാണ്.
ഒറ്റ നീക്കം കൊണ്ട് ഇത്തരത്തിൽ പല തലങ്ങളിലാണ് പിണറായി വിജയൻ പ്രഹരിച്ചിരിക്കുന്നതും ചില പ്രശ്നങ്ങളെ പൊതു ജന ശ്രദ്ധയിൽ നിന്നും മാറ്റിയിരിക്കുന്നതും. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന വേളയിൽ ഈ നീക്കം അദ്ദേഹത്തിന്റെ കരുത്ത് ഒന്നു കൂടെ വർദ്ധിപ്പിച്ചു. പ്രമുഖ പ്രതിപക്ഷം ദുർബലമാകുകയും രാഷ്ടീയ തന്ത്രങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ വമ്പൻ പരാജയമായ ബി.ജെ.പി ആഭ്യന്തര പ്രശ്നങ്ങളിൽ ഉഴലുകയുമ്മാണ്. പ്രതിപക്ഷത്തെ രണ്ടു പ്രമുഖ പാർട്ടികളും തളർന്നതും പോരാത്തതിനു ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പിക്കുവാനായി കടുത്ത ഹിന്ദുത്വ വിരുദ്ധ നിലപാടു തുടരുകയും ചെയ്യുന്നതിലൂടെ കേരള രാഷ്ടീയത്തിൽ പിടി മുറുക്കുവാൻ സി.പി.എമ്മിനു അനായാസം സാധിക്കും.
എസ് കുമാർ