കരിപ്പൂരില്‍ വിമാനാപകടത്തില്‍ ആളപായം കുറച്ചത് പൈലറ്റ് ദീപക്സാഠെയുടെ സന്ദര്‍ഭോചിത ഇടപെടലെന്ന് വിലയിരുത്തല്‍. അദ്ദേഹത്തിന്റെ പരിചയസമ്പത്തും മനഃസാന്നിധ്യവുമാണ് ഒരു വന്‍ ദുരന്തം ഒഴിവാക്കിയതെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മോശം കാലാവസ്ഥ കാരണം വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ ക്യാപ്റ്റന്‍ ദീപക് സാഠെ വിമാനം ആകാശത്ത് വട്ടമിട്ട് പറത്തിയത് ഇരുപത് മിനിറ്റ് നേരം. പിന്നീട് ഇന്ധനം തീര്‍ത്ത ശേഷം ബെല്ലി ലാന്റിംഗ് നടത്തുകയായിരുന്നു. ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നും വിമാനം താഴ്ചയിലേക്ക് വീഴുമ്പോള്‍ എൻജിൻ ഓഫ് ചെയ്തതിലൂടെ തീപിടിത്തവും സ്ഫോടനവും ഒഴിവാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഇത് നിരവധി ജീവനുകളാണ് രക്ഷപ്പെടുത്തിയത്.
ഇരുപത് മിനിറ്റ് നേരത്തെ കഠിന പ്രയത്നത്തിനൊടുവില്‍ സ്വന്തം ജീവന് കൊടുത്തെങ്കിലും യാത്രക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്. സാഠെയ്ക്കും സഹ പൈലറ്റ് അഖിലേഷ് കുമാറിനും ജീവന് നല്‍കേണ്ടി വന്നു. ലാന്‍ഡിംഗ് ഗിയര്‍ തുറക്കാതെതന്നെ അടിയന്തര സാഹചര്യങ്ങളില്‍ വിമാനത്തിന്റെ അടിഭാഗം പെട്ടെന്ന് തറയില്‍ മുട്ടിച്ച് നിര്‍ത്തുന്നതാണ് ബെല്ലി ലാന്‍ഡിംഗ്.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ 191 യാത്രക്കാരുമായി ദുബൈയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് തെന്നിമാറി കഷണങ്ങളായി തകര്‍ന്നപ്പോള്‍ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്. ദുരന്തം ഉണ്ടായ ടേബിള്‍ടോപ്പ് റണ്‍വേ ആഴത്തിലുള്ള മലയിടുക്കുകളാല്‍ ചുറ്റപ്പെട്ട അപകട സാധ്യത ഏറെയുള്ളതായിരുന്നുവെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

30 വര്‍ഷത്തെ പരിചയ സമ്പത്താണ് ക്യാപ്റ്റന്‍ ദീപക് സാഠെയ്ക്കുള്ളത്. വ്യോമസേനയില്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വോളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് അദ്ദേഹം എയര്‍ ഇന്ത്യയില്‍ എത്തിയത്. രാഷ്ട്രപതിയില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നേടിയ സാഠെ എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുമ്പ് വ്യോമസേനയിലെ എക്സ്പിരിമെന്റല്‍ ടെസ്റ്റ് പൈലറ്റ് ആയിരുന്നു. മഹാരാഷ്ട്രയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും 1980ലാണ് കോഴ്സ് പൂര്‍ത്തിയാക്കിയത്. എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്നും സ്വോര്‍ഡ് ഓഫ് ഓണര്‍ ബഹുമതിയും നേടിയിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737ന്റെ പൈലറ്റായി പ്രവേശിക്കുന്നതിന് മുമ്പ് എയര്‍ ഇന്ത്യ എയര്‍ബസ് 310ന്റെ പൈലറ്റായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യക്കും രണ്ട് ആണ്മക്കള്ക്കുമൊപ്പം മുംബൈയിലെ പോവൈയിലായിരുന്നു താമസം.
കനത്ത മഴ മൂലം പൈലറ്റിന് റണ്‍വേ കാണാനായില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാൽ ഇപ്പോൾ കേൾക്കുന്നത് അദ്ദേഹത്തിന്റെ വിയോഗം തന്റെ അമ്മയുടെ പിറന്നാളിന് അപ്രതീക്ഷിത സന്ദർശനം നടത്താനിരിക്കെയാണ് എന്ന വിവരമാണ്. അദ്ദേഹത്തിന്റെ ഒരു ബന്ധു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ചയായിരുന്നു സാഠേയുടെ അമ്മയുടെ 84ാം പിറന്നാൾ. വിമാനങ്ങളുണ്ടെങ്കിൽ താൻ അമ്മയുടെ 84 പിറന്നാളിന് എത്തുമെന്ന് അദ്ദേഹം ചില ബന്ധുക്കളോട് പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു.

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച സഹപൈലറ്റ് അഖിലേഷ് കുമാറിന്റെ മരണം ആദ്യ കുഞ്ഞിനെ വരവേൽക്കാനിരിക്കെയാണ്. മഥുര ഗോവിന്ദ് നഗർ സ്വദേശിയായ ഇദ്ദേഹം രണ്ട് വർഷം മുമ്പാണ് വിവാഹിതനായത്. പൂർണ്ണഗർഭിണിയായ ഭാര്യ മേഘയ്ക്ക് ഈ വരുന്ന സെപ്റ്റംബർ ഒന്നിനായിരുന്നു പ്രസവതീയതി അറിയിച്ചിരുന്നത്. മലകള്‍ക്കിടയില്‍ ചെത്തിയൊരുക്കുന്ന ടേബിള്‍ ടോപ്പ് റണ്‍വേ ആയതിനാല്‍ അതീവ ശ്രദ്ധയോടെ മാത്രമേ ഇവിടെ വിമാനം ഇറക്കാന്‍ കഴിയൂ.
രാജ്യത്തെ മറ്റുപല ടേബിള്‍ ടോപ്പ് റണ്‍വേകളിലും ഈ പ്രശ്നമുണ്ട്. സാഠെയുടെ പരിചയ സമ്പന്നതയാണ് വിമാനം വലിയ ഉയരത്തില്‍ നിന്ന് വീഴാതിരുന്നതിനും തീ പിടിക്കാതിരുന്നതിനും കാരണമായതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മഴയില്‍ പെട്ട് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങുന്നത് ഫലപ്രദമായി തടയാന്‍ കഴിയാത്തതിനാലാണ് അത് 35 അടി താഴ്ചയിലേക്ക് വീണത്.

ഇതിനിടെ സുരക്ഷാ വീഴ്ചകള്‍ സംബന്ധിച്ച് 2019 ല്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് ഡിജിസിഎ നോട്ടീസ് നല്‍കിയിരുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. റണ്‍വേയും ആപ്രോണും (വിമാനത്തില്‍ ചരക്കു കയറ്റുന്ന തറ) ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കഴിഞ്ഞ ജൂലൈ 11 ന് കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
റണ്‍വേയിലെ വിള്ളലുകള്‍, വെള്ളക്കെട്ട്, അമിതമായ റബ്ബര്‍ നിക്ഷേപം തുടങ്ങിയ സുരക്ഷാ തകരാറുകള്‍ ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ജൂലൈ രണ്ടിന് സൗദിയിലെ ദമാമില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് കരിപ്പൂരില്‍ വന്നിറങ്ങുമ്പോള്‍ ടെയില്‍ സ്ട്രൈക്ക് ഉണ്ടായതിനെ തുടര്‍ന്നാണ് ഡിജിസിഎ പരിശോധന നടത്തിയത്.