മലയാളം ഇ മാഗസിൻ.കോം

കോവിഡ്‌ രോഗം ബാധിച്ചാലും ചിലരിൽ രോഗലക്ഷണങ്ങൾ കാണിക്കാറില്ല, അതിന്റെ കാരണമിതാണ്‌

ലോകമെങ്ങും കൊറോണയുടെ ഭീതിയിലാണ്‌. കോവിഡ്‌ ബാധിതരിൽ ലക്ഷണങ്ങളൊന്നും കാണിക്കാത്തവരുടെ എണ്ണം വൈറസ്‌ ബാധിച്ച മൊത്തം ആൾക്കാരുടെ മൂന്നിലൊന്നുവരാമെന്നു വിദഗ്ധർ. സൗത്ത്‌ ചൈനാ മോണിങ്‌ പോസ്റ്റാണ്‌ ഇതു സംബന്ധിച്ച റിപ്പോർട്ട്‌ പുറത്ത്‌ വിട്ടിരിക്കുന്നത്‌.

വുഹാനിൽ വൈറസ്ബാധ സ്ഥിരീകരിച്ചവരിൽ 60 ശതമാനത്തിനും കാര്യമായ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന്‌ റിപ്പോർട്ട്‌. കാര്യമായ ലക്ഷണങ്ങൾ കാണിക്കാത്തതിനെ തുടർന്ന്‌ ഇവർ അധികൃതരെ അറിയിച്ചില്ലെന്നും ഇതോടെ സർക്കാരിന്റെ രോഗികളുടെ പട്ടികയിൽ നിന്ന്‌ ഇവർ പുറത്താണെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. 21 ദിവസത്തേക്ക്‌ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഇന്ത്യയെ പോലും ഏറെ ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടാണിത്‌. ഒരാൾ ആരോഗ്യവാൻ ആണെങ്കിൽ അദ്ദേഹം വഴി വൈറസ്‌ മറ്റുള്ളവരിലേക്ക്‌ പകരും. എന്നാൽ ആരിൽ നിന്നാണ്‌ വൈറസ്‌ കിട്ടിയതെന്ന്‌ പെട്ടെന്ന്‌ കണ്ടെത്താനും കഴിയില്ല. ഇത്‌ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്‌.

നിരവധി പേരിൽ കൊറോണ പടർന്ന്‌ കൊണ്ടിരിക്കുന്നു. പനി, ചുമ, തൊണ്ട വേദന എന്നിവയാണ്‌ വൈറസ്‌ ബാധയുടെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ ഈ പറഞ്ഞ ലക്ഷണങ്ങളൊന്നും ചിലരിൽ കാണുന്നില്ല. കൊവിഡ്‌ ബാധിതരിൽ ലക്ഷണങ്ങളൊന്നും കാണിക്കാത്തവരുടെ എണ്ണം വൈറസ്‌ ബാധിച്ച മൊത്തം ആൾക്കാരുടെ മൂന്നിലൊന്നുവരാമെന്നു വിദഗ്ധർ പറയുന്നു.

നമ്മുടെ ശരീരത്തിലേക്ക്‌ കയറുന്ന വൈറസ്‌ ഏകദേശം രണ്ട്‌ മുതൽ 14 ദിവസം കഴിയുമ്പോൾ ലക്ഷണങ്ങൾ കാണിക്കേണ്ടതാണ്‌. പക്ഷേ, ചിലരിൽ ഇങ്ക്യുബേഷന്റെ പിരീഡിന്റെ കാലയളവ്‌ 21 ദിവസം വരെ നീണ്ട്‌ പോകുന്നത്‌ കാണുന്നുണ്ട്‌. രണ്ടാമത്തെ കാരണം, ചിലർക്ക്‌ ശരീരത്തിൽ രോഗപ്രതിരോധശേഷി ഉള്ളത്‌ കൊണ്ട്‌ തുടക്കത്തിൽ ലക്ഷണങ്ങളൊന്നും കാണുന്നില്ല.

വൈറസ്‌ ശരീരത്തിൽ കയറിയാൽ സാധാരണ കാണുന്ന ലക്ഷണം 103 മുതൽ 104 ഡിഗ്രി വരെ പനി ഉണ്ടാകുന്നു. അതൊടൊപ്പം വരണ്ട ചുമ, ശ്വാസംമുട്ടൽ എന്നി ലക്ഷണങ്ങളുണ്ടെങ്കിലാണ്‌ സാധാരണ കൊറോണ വൈറസ്‌ ബാധ പിടിച്ചവരാണോ എന്ന്‌ സംശയിക്കുക. എന്നാൽ ചിലരിൽ ഈ ലക്ഷണങ്ങളൊന്നും കാണാതെ തന്നെ ഏകദേശം അഞ്ചോ ആറോ ദിവസങ്ങൾ കഴിയുമ്പോൾ തന്നെ പെട്ടെന്ന്‌ ശ്വാസംമുട്ടൽ പോലെയോ നിമോണിയയുടെ ലക്ഷണങ്ങളോ കാണുന്നു. എന്നാൽ കൊറോണ പരിശോധനയിൽ ഫലം പോസിറ്റീവായിരിക്കും. എന്നാൽ ഇവർ ഫലം വരുന്നതിന്‌ മുമ്പ്‌ തന്നെ പലരോടും സമ്പർക്കം പുലർത്തിയിട്ടുണ്ടാവും. ഇത്‌ കൂടുതൽ ആപത്തിലേക്കാണ്‌ വഴിവെക്കുക.

അതേസമയം, രോഗം കൂടുതൽ പേരിലേക്ക്‌ എത്തിക്കുന്നതിൽ ഇത്തരത്തിലുള്ളവർ വലിയ പങ്ക്‌ വഹിക്കുകയും ചെയ്തു. വുഹാനിലെ വിവിധ ലബോറട്ടറികളിൽ നിന്നും ശേഖരിച്ച 26,000 പേരുടെ പരിശോധന ഫലങ്ങളാണ്‌ പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്‌. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്ത്‌ നടത്തിയ പരിശോധനകളാണിത്‌. വിദഗ്ധ വിശകലനത്തിന്‌ സമർപ്പിച്ചിരിക്കുന്ന ഈ ഗവേഷണഫലം മെഡ്‌റെക്സിവിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

കാര്യമായ ലക്ഷണങ്ങൾ കാണിക്കാത്ത കോവിഡ്‌ 19 രോഗികൾ നേരത്തെ രോഗം ബാധിച്ചവരുമായി അടുത്ത്‌ ഇടപഴകിയവരാണെന്നാണ്‌ ചൈനീസ്‌ സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ ആന്റ്‌ പ്രിവെൻഷനിലെ എപിഡെമിയോളജിസ്റ്റ്‌ വു സുൻയു പറഞ്ഞത്‌. വുഹാനിൽ കർശനമായ ക്വാറന്റിൻ നിലവിലുണ്ടായിരുന്നതിനാൽ ഇവർ മറ്റുള്ളവർക്ക്‌ ഭീഷണിയായിട്ടില്ലെന്നും വീണ്ടും കൊറോണ ലക്ഷണങ്ങൾ കാണിച്ചാൽ മാത്രം ഇവരെ രോഗികളുടെ പട്ടികയിൽ പെടുത്തിയാൽ മതിയെന്നുമാണ്‌ ചൈനീസ്‌ അധികൃതരുടെ നിലപാട്‌.

Staff Reporter