പാറശാലയിൽ കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്‍സി വിദ്യാർഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ വൻ വഴിത്തിരിവ് . ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഷാരോണിന്റെ മരണത്തിൽ പങ്കുണ്ടെന്ന് വനിതാ സൃഹൃത്ത് ഗ്രീഷ്മ അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി. ഷാരോണിനു നൽകിയ കഷായത്തിൽ കലർത്തിയതായി പെൺകുട്ടി മൊഴി നൽകി. തുരിശ് ആയിരുന്നു കലർത്തിയത്. മറ്റൊരു വിവാഹം നിശ്ചയിച്ചതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുധ്യവും അന്വേഷണത്തിൽ പ്രധാന തുമ്പായി.
മറ്റൊരു വിവാഹ ഒറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാകാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു. എഡിജിപി എം ആര്‍ അജിത് കുമാർ ഉടന്‍ റൂറൽ എസ് പി ഓഫീസിലെത്തും.

പാറശാല പൊലീസിൽനിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പെൺകുട്ടിയെ സുദീർഘമായി ചോദ്യം ചെയ്തിരുന്നു. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്. അന്വേഷണ വിവരങ്ങൾ അറിയിക്കുന്നതിനായി എഡിജിപി എം.ആർ.അജിത്കുമാർ ഉടനെ മാധ്യമങ്ങളെ കാണും.
പൊലീസ് ചോദ്യം ചെയ്യുന്ന വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് കഷായവും ജൂസും കഴിച്ചതിനു പിന്നാലെയാണ് ഷാരോൺ ഛർദ്ദിച്ച് അവശനായതും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നതും. റൂറൽ എസ്പി ഡി.ശിൽപയുടെ നേതൃത്വത്തിലാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതിനു പിന്നാലെ മൊഴി നൽകാൻ എത്തണമെന്നു കാണിച്ച് പെൺകുട്ടിക്ക് കത്ത് നൽകിയിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോൺസൺ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. റൂറൽ എസ്പിയും എഎസ്പി സുൽഫിക്കറും അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്നുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുവും രാവിലെ പത്തരയോടെ മൊഴി നൽകാനായി ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയിരുന്നു. നാലു പേരെയും ഒറ്റയ്ക്കും, കൂട്ടായും ഇരുത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്.
ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണങ്ങളടക്കം വിശദമായ ചോദ്യാവലിയാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തയാറാക്കിയത്. നാലു കാര്യങ്ങളാണ് പ്രധാനമായും അറിയാൻ ശ്രമിച്ചത് 1. മറ്റൊരു വിവാഹം തീരുമാനിച്ച ശേഷവും എന്തിനു ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി? 2. ഷാരോണിനു ശീതള പാനീയമടക്കം എന്തെല്ലാം നൽകി? 3. കഷായം നൽകാനുണ്ടായ സാഹചര്യം? 4. ഈ സമയം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു? വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൊവ്വാഴ്ച കിട്ടുമെന്നാണു ക്രൈംബ്രാഞ്ച് നിഗമനം. ഇതിനു ശേഷം ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കും. ആന്തരികാവയവങ്ങളുടെ തകരാറാണ് മരണ കാരണമെന്നാണു പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്.
പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്നു കഷായവും ശീതളപാനീയവും കുടിച്ചശേഷം ഷാരോണ്‍ മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. തുടർന്നാണു മെഡിക്കല്‍ കോളജിലെത്തിയത്. ഈ മാസം 25നായിരുന്നു ഷാരോണിന്റെ മരണം. നേരത്തെ മൊഴി രേഖപ്പെടുത്താൻ പാറശാല പൊലീസ് ശ്രമിച്ചിരുന്നെങ്കിലും പെൺകുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു വിശദ മൊഴി രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല. പെൺകുട്ടി നൽകിയ പാനീയം കുടിച്ചാണ് മരണമെന്ന ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണമാണ് കേസിലേക്കും അന്വേഷണത്തിലേക്കും നയിച്ചത്.
YOU MAY ALSO LIKE THIS VIDEO, വീടിനു ചുറ്റാകെയുള്ള വയലിനോട് ചേർന്നുള്ള കുളങ്ങളിൽ മത്സ്യകൃഷി തുടങ്ങി, മികച്ച വരുമാനവും മാതൃകാ മത്സ്യകൃഷിയിടമെന്ന അംഗീകാരവും, ഒപ്പം ഫാം ടൂറിസം എന്ന സാധ്യതയും, സിൽക്കി കോഴിയും കരിങ്കോഴിയും ആടും പശുവും താറാവും എല്ലാമുണ്ട് ഈ കൃഷിയിടത്തിൽ