മലയാളം ഇ മാഗസിൻ.കോം

‘ബാന്ദ്ര’ക്ക് പിന്നാലെ ‘പറക്കും പപ്പനും’: മലയാള സിനിമയിലെ തന്റെ ആധിപത്യം തിരിച്ചു പിടിക്കാൻ ദിലീപ്

വിവാദങ്ങളുടെ ചുഴിയിൽപെട്ട് കരിയർ അവസാനിച്ചെന്ന് ഏവരും കരുതിയ ജനപ്രിയ താരം ദിലീപിന്റെ തിരിച്ചുവരവ് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. മലയാളത്തിലെ തന്നെ അറിയപ്പെടുന്ന നടിയെ ആക്രമിച്ച കേസിൽ ​ഗുഢാലോചന കുറ്റം ചുമത്തി പ്രതി ചേർക്കപ്പെടുകയും പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്ത ദിലീപ് കഴിഞ്ഞ കുറേ വർഷങ്ങളായി കുറ്റാരോപിതനാണ്. അതിനിടയിലും നിരവധി സിനിമകളിൽ ദിലീപ് അഭിനയിക്കുകയും അവയെല്ലാം മോശമല്ലാത്ത പ്രകടനം തീയറ്ററുകളിൽ കാഴ്ച്ചവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ദിലീപിന്റെ പിറന്നാൾ ദിനത്തിൽ പുതിയ രണ്ട് സിനിമകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ മലയാള സിനിമയിലെ ആധിപത്യം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് ദിലീപ് എന്ന സൂചനകളാണ് ലഭിക്കുന്നത്.

ആരാധകരും പ്രേക്ഷകരും ഒരു പോലെ കാത്തിരുന്ന ദിലീപ് അരുൺ ഗോപി ചിത്രം ബാന്ദ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തത്. ഒരു കൈയിൽ തോക്കും മറുകൈയിൽ സിഗരറ്റും പിടിച്ച് നീളം മുടിയുമായി അതീവ സ്‌റ്റൈലിഷ് ഡോൺ ലുക്കിലാണ് താരം എങ്കിൽ, പറക്കും പപ്പനിൽ മിന്നൽ മുരളിയെ പോലെ അമാനുഷികനായ ദിലീപിനെയാണ് കാണാൻ കഴിയുന്നത്.

ശരാശരി മലയാളിയെ സംബന്ധിച്ച് ദിലീപിനെ വെറുക്കാൻ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിന്റെ പരാജയം മാത്രം മതിയായിരുന്നു. മഞ്ജു വാര്യർ മലയാളികളെ സംബന്ധിച്ച് അത്രയേറെ പ്രിയപ്പെട്ടവൾ ആയിരുന്നു. അതിന് പിന്നാലെയായിരുന്നു നടിയെ ആക്രമിച്ച കേസിൽ താരം പ്രതിയായത്. മലയാളികളുടെ പൊതു സ്വഭാവം വെച്ച് ഈ രണ്ട് സംഭവങ്ങളും മതിയായിരുന്നു ദിലീപ് എന്ന നടൻ മുഖ്യധാരയിൽ നിന്നും നിഷ്കാസിതനാകാൻ. എന്നാൽ, കുറ്റം നിയമം തെളിയിക്കട്ടെ എന്നും അഭിനയ പ്രതിഭയെ ചേർത്തു നിർത്തുന്നു എന്നുമുള്ള മനോഭാവമാണ് ദിലീപ് ആരാധകർ സ്വീകരിച്ചത്.

YOU MAY ALSO LIKE THIS VIDEO, വെറും 1000 രൂപ മുടക്കിയാൽ 7000 രൂപ വരെ ആദായം, ചിപ്പികൂൺ കൃഷി ആർക്കും തുടങ്ങാം, സ്ഥലം വേണ്ട, ഒട്ടും മിനക്കെടാതെ മികച്ച വരുമാനവും നെടാം: കാണാം കൃഷി രീതി | അറക്കപ്പൊടിയിൽ കൂൺ കൃഷി ചെയ്താൽ 3 ഇരട്ടി ലാഭം

Avatar

Staff Reporter