മലയാളം ഇ മാഗസിൻ.കോം

പാണ്ഡവൻപാറയിലെ അത്ഭുതക്കാഴ്ചകൾ! കൊല്ലം ജില്ലയിൽ, കൺമുന്നിലുള്ള ഈ മനോഹരകാഴ്ച കാണാതെ ലോകം മുഴുവൻ ചുറ്റിയിട്ടെന്താ കാര്യം

സമയം: രാവിലെ 3 AM.. അലാറം അതിനെ ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്തു.. കുളിച്ച് ഫ്രഷായി ഞാനും സുഹൃത്ത് മണികണ്ഠനും കൂടി കൃത്യം 4 മണിക്ക് ആറ്റിങ്ങലിൽ നിന്നും ബുള്ളറ്റിൽ യാത്ര തിരിച്ചു.. വരയ്ക്കുവാനും പൂർത്തിയാക്കാനും കുറേയധികം ചിത്രങ്ങൾ ബാക്കിയുണ്ടെങ്കിലും മടുപ്പുളവാക്കുന്ന ചില ദിവസങ്ങളിൽ മനസ്സിലെ ആനന്ദത്തെ തിരിച്ചു പിടിക്കാൻ ഒരു യാത്ര അനിവാര്യമാണെന്നു തോന്നാറുണ്ട്..

വഴിയിൽ കാണുന്ന ദിശാസൂചകങ്ങൾ നോക്കിയും, അപരിചിതരോട് വഴി ചോദിച്ചും, തട്ടുകടയിലെ ഫുഡ് കഴിച്ചും നടത്തുന്ന ചില യാത്രകളുടെ അവസാനം നമ്മൾ പ്രതീക്ഷിച്ചതിനേക്കാളും മനോഹരമായൊരു ദൃശ്യാനുഭവത്തിലെത്തുമ്പോൾ കിട്ടുന്ന ആനന്ദം ഒന്നു വേറെ തന്നെയാണ്.. അത്തരത്തിലുള്ള ഒരു യാത്രയിലായിരുന്നു ഞാൻ.. ഒരു പക്ഷേ അലസമായി കടന്നു പോകേണ്ടിയിരുന്ന ഒരു ദിവസത്തെ മനോഹരമാക്കിയതിലുമുപരി ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒരു യാത്ര..!

കിളിമാനൂർ – നിലമേൽ – കടയ്ക്കൽ – മടത്തറ വഴി കുളത്തൂപ്പുഴയിലെത്തിയപ്പോൾ കഷ്ടിച്ചു നേരം പുലർന്നു വരുന്നതേയുണ്ടായിരുന്നുള്ളൂ.. വനപ്രദേശമായതിനാൽ വന്യമൃഗങ്ങൾ പലതും റോഡരികിൽ തന്നെ നിൽപ്പുണ്ട്. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ അവയിൽ പലതിനേയും കാണാൻ കഴിഞ്ഞു.. അധികസമയം അവിടെ നിന്ന് അവറ്റകൾക്ക് കളിപ്പാട്ടമാകാൻ നിന്നു കൊടുക്കാതെ ഞങ്ങൾ വളരെ വേഗത്തിൽത്തന്നെ യാത്ര തുടർന്നു.. പ്രകൃതി ഒരുക്കിയ മനോഹര ചിത്രങ്ങളും കല്ലടയാറിന്റെ ദൃശ്യഭംഗികളുമൊക്കെ പിന്നിട്ട് തെന്മലയിലെത്തിയപ്പോൾ നേരം നന്നായി പുലർന്നിരുന്നു..

തെന്മലയെന്നാൽ സഹ്യന്റെ മടിത്തട്ടിൽ കുന്നുകളാലും മലനിരകളാലും പുഴകളാലും സമൃദ്ധമായ കൊല്ലം ജില്ലയിലെ ഒരു മലനാടൻ ഗ്രാമമാണ്.. അതുകൊണ്ടു തന്നെ ഇങ്ങോട്ടുള്ള യാത്രയിലെ കാഴ്ചകൾ ഏതു സമയത്തും ഹരിതാഭമാണ്.. അവിടുന്ന് തെന്മല ഡാമിനു സമീപമെത്തിയപ്പോഴാണ് കണ്ണാടിച്ചില്ലിൽ ചൂട് പഴംപൊരിയും വടകളും നിറച്ചു വച്ചിരിക്കുന്ന ഒരു കുഞ്ഞുചായക്കട കണ്ടത്.. പിന്നെ മറ്റൊന്നും ആലോചിച്ചില്ല, അവിടുന്ന് ചൂട് ചായയും വടയും കഴിച്ചു.. അതിനിടയിലാണ് തെന്മലയ്ക്കടുത്തായി പാണ്ഡവൻ പാറ എന്നൊരു സ്ഥലമുണ്ടെന്നറിയുന്നത്.. തെന്മലയിൽ നിന്നും പുനലൂർ റൂട്ടിൽ ഏകദേശം ആറ് കിലോമീറ്റർ അകലെയായി ഉറുകുന്ന് എന്ന സ്ഥലത്താണ് മഹാഭാരതകഥയിലെ ഐതിഹ്യപെരുമയുടെ തലയെടുപ്പുമായി നിൽക്കുന്ന പാണ്ഡവൻപാറ സ്ഥിതി ചെയ്യുന്നത്…

അല്ലെങ്കിലും കൊല്ലം ജില്ലയിലുള്ള പല പ്രദേശങ്ങളും രാമായണത്തിലെ കഥാപാത്രങ്ങൾക്കും മഹാഭാരത്തിലെ കഥാപാത്രങ്ങൾക്കും ഒരുപോലെ ആതിഥ്യം നൽകിയ സ്ഥലങ്ങളാണ്.. കൊല്ലം ജില്ലയിലെ ചടയമംഗലം രാമായണകഥയിലെ രക്തസാക്ഷിയായ ജടായുവിന്റെ പേരിൽ പ്രസിദ്ധമാണ്.. അതുപോലെ തന്നെ മറ്റൊരു പ്രധാന സ്ഥലമാണ് പാണ്ഡവൻപാറയും.. വനവാസകാലത്ത് പഞ്ചപാണ്ഡവർ ഈ സ്ഥലത്ത് വളരെക്കാലം താമസിച്ചിരുന്നതായി ഐതിഹ്യം പറയുന്നുണ്ട്.. ഈ വിശ്വാസത്തിൽ നിന്നാണ് ഈ സ്ഥലത്തിന് പാണ്ഡവൻപാറ എന്ന പേര് വന്നത്.. സമുദ്രനിരപ്പിൽ നിന്നും 1300 അടി ഉയരത്തിലാണ് പാണ്ഡവൻപാറ സ്ഥിതിചെയ്യുന്നത്.. പഞ്ചപാണ്ഡവർ താമസിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന പ്രാചീനഗുഹകളും കല്ലിൽ തീർത്ത ഇരിപ്പിടങ്ങളുമെല്ലാം ഇപ്പോഴും ഇവിടെയുണ്ട്..

ഉറുകുന്നിൽ നിന്നും ചെങ്കുത്തായ കൽപ്പടവുകളും കാനനപ്പാതയും പിന്നിട്ട് ഒരു കിലോമീറ്റർ ദൂരം കാൽനടയായി നടന്നാൽ പാണ്ഡവൻപാറയുടെ മുകളിലെത്താം.. പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്ക് ഈ കയറ്റവും പടവുകളും കല്ലും നിറഞ്ഞ ഈ പാതകളൊന്നും ഒരിക്കലും ദുഷ്ക്കരമായി തോന്നുകയില്ല.. വഴിയുടെ അരികിലൊക്കെ പലതരത്തിലുള്ള കാട്ടുപൂക്കൾ വിരിഞ്ഞു നിൽക്കുന്നു.. ഇവിടുത്തെ ഇളംകാറ്റിന്റെ ഗന്ധം പോലും വന്യതയെ ഓർമ്മിപ്പിക്കും.. പാറയുടെ മുകളിലെത്തിയ ഞങ്ങളെ വരവേറ്റത് കണ്ണും മനസ്സും കുളിർക്കുന്ന കാഴ്ചകളാണ്.. മീശപ്പുലിമലയെ വെല്ലുന്ന തരത്തിൽ പാണ്ഡവൻപാറയിൽ മഞ്ഞു പെയ്യുന്ന കാഴ്ച നയനമനോഹരം തന്നെയായിരുന്നു.. ദൂരെ തെന്മല ഡാം മുതൽ പേരെന്തെന്നറിയാത്ത അനേകം മലനിരകളും, പുഴകളുമൊക്കെ അകലെയായി കാണാൻ കഴിയും.. നല്ല കാറ്റ് വീശുന്നതിനാൽ എപ്പോഴുമിവിടെ നല്ല തണുപ്പാണ്.. മലമുകളിൽ ഒരു വശത്തായി ശിവപാർവ്വതി ക്ഷേത്രമുണ്ട്.. ഇതിനു സമീപത്തുള്ള ഗുഹകളിൽ അജ്ഞാത വാസകാലത്ത് പാണ്ഡവർ താമസിച്ചിരുന്നതായി ഈ ക്ഷേത്രത്തിന്റെ ഐതിഹ്യത്തിലും പറയുന്നുണ്ട്..

പാണ്ഡവൻപാറയിൽ ഞങ്ങളെ ഏറ്റവുമധികം അതിശയപ്പെടുത്തിയത് ഈ ക്ഷേത്രത്തിലെ മറ്റൊരു അത്ഭുതക്കാഴ്ചയായിരുന്നു.. അതാണ് ശങ്കരനെന്നും ശങ്കരിയെന്നും പേരുള്ള രണ്ട് കരിവണ്ടുകൾ..! ഈ ക്ഷേത്രത്തിലെ പൂജാരിയായ സോമനാഥൻ പോറ്റി ഇവരുടെ പേര് നീട്ടി വിളിക്കുമ്പോൾത്തന്നെ എത്ര ദൂരത്താണേലും അവ പറന്നെത്തുന്ന കാഴ്ച ആരേയും അത്ഭുതപ്പെടുത്തും..

ആറ് വർഷങ്ങൾക്കു മുമ്പ് ഒരു ദിവസം കാട്ടിൽ നിന്നും തേനീച്ചക്കൂട്ടം ഇളകി പൂജാരിയെ കുത്താനോടിച്ചപ്പോൾ ആ തേനീച്ചകളെയെല്ലാം തുരത്തിയോടിച്ച് തന്റെ രക്ഷയ്ക്കെത്തിയ രണ്ട് വണ്ടുകളെക്കുറിച്ച് വളരെ അത്ഭുതത്തോടെയും വാചാലനായുമാണ് അദ്ദേഹം സംസാരിച്ചത്.. അന്നു മുതൽ ഇന്നുവരെ ആറ് വർഷമായി ആ വണ്ടുകൾ അദ്ദേഹത്തിനു കൂട്ടായി ഇവിടെയുണ്ട്..! “ശങ്കരാ………. എന്നൊന്നു നീട്ടി വിളിച്ചാൽ എത്ര ദൂരെപ്പോയാലും അവ അദ്ദേഹത്തിന്റെ അടുത്ത് പറന്നെത്തും..

പല തരത്തിലുള്ള പക്ഷിമൃഗാദികൾ മനുഷ്യരോടിണങ്ങുന്നത് നമ്മളെല്ലാം കണ്ടിട്ടുണ്ട്.. എന്നാൽ വണ്ടുകളും മനുഷ്യനും തമ്മിലുള്ള അടുപ്പം ആദ്യമായിട്ടാണ് കാണുന്നത്.. എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ള എന്നെ ഏറെ അത്ഭുതപ്പെടുത്തിയ കാഴ്ചകളിലൊന്നാണ് ശങ്കരനും ശങ്കരിയുമെന്ന കരിവണ്ടുകൾ..!

36 ഏക്കറുകളിലായി പരന്നു കിടക്കുന്ന പാണ്ഡവൻപാറ ചുറ്റി സഞ്ചരിച്ചാൽ വനവാസകാലത്ത് പാണ്ഡവർ താമസിച്ചിരുന്ന ഗുഹകൾ കാണാൻ കഴിയും.. പ്രാകൃതകാല സംസ്കാരത്തിന്റെ ഒളിമങ്ങാത്ത ശേഷിപ്പുകൾ നമുക്കിവിടെ ഇപ്പോഴും കാണാവുന്നതാണ്.. പക്ഷേ ഈ ഗുഹകൾ കാണണമെങ്കിൽ അൽപ്പം സാഹസികത തന്നെ വേണ്ടി വരും.. ക്ഷേത്രത്തിന്റെ തെക്കുകിഴക്കായി അഞ്ഞൂറടിയോളം താഴേക്കിറങ്ങി വനത്തിനുള്ളിൽ പ്രവേശിച്ചാലേ അവിടേക്കെത്താൻ കഴിയുള്ളൂ.. അങ്ങോട്ടേക്കുള്ള യാത്ര വളരെ സൂക്ഷിക്കണമെന്ന് പൂജാരി മുന്നറിയിപ്പ് തന്നു.. കാരണം വിഷസർപ്പങ്ങൾ യഥേഷ്ടമുള്ള, കാലങ്ങളായി മനുഷ്യസ്പർശമേൽക്കാതെ കിടക്കുന്ന സ്ഥലമാണ് അവിടം.

മാത്രമല്ല കുറച്ചു നാൾ മുമ്പ് ക്ഷേത്രദർശനത്തിന് വന്നൊരാൾ ഒരു പുളളിപ്പുലിയെ ആ പ്രദേശത്ത് കണ്ടിരുന്നുവത്രേ.. അതുകൊണ്ട് ഓരോ ചുവട് വെയ്ക്കുന്നതും അതീവ ജാഗ്രതയോടെയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.. സ്വയരക്ഷയ്ക്കായി അദ്ദേഹം ഒരു വടിയും കൈയ്യിൽ തന്നു.. ഇനി അഥവാ പുലിയെങ്ങാനും വന്നാൽ ഈ വടി കൊണ്ട് ഞാനതിനെ എന്തു ചെയ്യാനാണോയെന്തോ??? എന്തായാലും ഞങ്ങൾ ഗുഹ ലക്ഷ്യമാക്കി നടന്നു..

പോകുന്ന വഴിയിൽ രണ്ട് നീരുറവകൾ കണ്ടു. എത്ര കടുത്ത വേനലിലും വറ്റാത്ത നീരുറവകളാണ് അവ.. അവയെല്ലാം താണ്ടി ഞങ്ങൾ കാടിനുള്ളിലേക്ക് കയറി.. വൻവൃക്ഷങ്ങൾ പലതും നിലംപൊത്തി കിടപ്പുണ്ട്.. മുന്നോട്ടുള്ള വഴിയിൽ അൽപ്പം അകലെയായി കുരങ്ങ്, കാട്ടുപന്നി, മലയണ്ണാൻ, പാമ്പ്, മ്ലാവ്, തുടങ്ങി പലതിനേയും കണ്ടു.. നീണ്ട നേരത്തെ തിരച്ചിലിനൊടുവിൽ ഭൂതകാല സംസ്കാരത്തിന്റെ ഒളിമങ്ങാത്ത ശേഷിപ്പുകൾ സ്ഥിതിചെയ്യുന്ന ഗുഹയുടെ സമീപത്തെത്തി..

ഒരുപക്ഷേ എത്രയോ നൂറ്റാണ്ടുകൾക്കും യുഗങ്ങൾക്കും മുമ്പേ ഇന്ന് ഞാൻ സഞ്ചരിച്ച വഴികളിലൂടെ പഞ്ചപാണ്ഡവർ സഞ്ചരിച്ചിട്ടുണ്ടാവാം.. അവയിൽ പല ശേഷിപ്പുകളും ഇന്നും ഇവിടെയൊക്കെ അവശേഷിക്കുന്നുണ്ട്.. സൂര്യപ്രകാശം ഒരിക്കൽപ്പോലും പ്രവേശിച്ചിട്ടില്ലാത്ത ഗുഹയ്ക്കുള്ളിൽ അൽപ്പനേരമൊന്നു വിശ്രമിച്ചു.. അവിടെ നിന്നും പിന്നിട്ട വഴികളിലൂടെ തിരികെ ക്ഷേത്രത്തിനടുത്തെത്തിയാൽ അർജ്ജുനൻ തപസ്സനുഷ്ഠിച്ച മറ്റൊരു ഗുഹയും നമുക്കു കാണാൻ കഴിയും.. അവിടെയൊരു വിളക്ക് കത്തിച്ചു വെച്ചിരിക്കുന്നതിനാൽ അതിനുള്ളിലേക്ക് കയറിയില്ല..

യുഗാന്തരങ്ങൾക്കു മുമ്പേ പാണ്ഡവർ തപം ചെയ്ത പ്രാചീനതയുടെ തണലിൽ ഇത്തിരി നേരം വിശ്രമിച്ചപ്പോൾ മനസ്സ് വല്ലാതെ ശാന്തമായി..! നമ്മുടെയൊക്കെ കൺമുന്നിലുള്ള ഈ മനോഹരകാഴ്ചകൾ കാണാതെ ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചിട്ടെന്താ കാര്യം!!

എഴുത്ത്‌: നിജുകുമാർ വെഞ്ഞാറമൂട്‌

Avatar

Staff Reporter