മലയാളം ഇ മാഗസിൻ.കോം

ഷൂട്ടിംഗ്‌ പകുതി ആയിട്ടും കഥ എന്താണെന്ന് സംവിധായകനു പോലും മനസിലാകാതിരുന്ന ആ സിനിമ പക്ഷെ സൂപ്പർ ഹിറ്റ്‌, സിനിമ ഏതെന്ന് മനസിലായോ?

ഒരു സിനിമ നിര്‍മ്മിക്കണമെന്ന് ആലോചിക്കുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് നല്ല കഥയും തിരക്കഥയുമാണ്. അതിനുശേഷമേ സംവിധായകനേയും അഭിനേതാക്കളെയും തീരുമാനിക്കാന്‍ പാടുള്ളൂ. അങ്ങനെ ചെയ്തില്ലെങ്കില്‍ ഒരു നല്ല സിനിമ നിര്‍മ്മിക്കാന്‍ കഴിയില്ല.

എന്നാല്‍ ഇന്ന് കഥയ്‌ക്കോ തിരക്കഥയ്‌ക്കോ അല്ല വില, സൂപ്പര്‍സ്റ്റാറുകള്‍ക്കാണ്. അവരുടെ അഭിപ്രായവും ഇഷ്ടാനിഷ്ടങ്ങളുമാണ് ഇന്നത്തെ കാലത്തെ സിനിമയില്‍ പ്രതിഫലിക്കുന്നത്. മലയാള സിനിമയില്‍ നല്ല കുറേ സിനിമകള്‍ നിര്‍മ്മിച്ചവരില്‍ ഒരാള്‍ തല്‍ക്കാലം പേര് വെളിപ്പെടുത്തരുതേ എന്ന് സൂചിപ്പിച്ചതുകൊണ്ടാണ് അഭിപ്രായം പറഞ്ഞത്.

മലയാള സിനിമയ്ക്ക് നല്ല കുറേ നിര്‍മ്മാതാക്കള്‍ ഉണ്ടായിരുന്നു. തങ്ങള്‍ എടുക്കുന്ന സിനിമയുടെ കഥ എന്തായിരിക്കണമെന്നും അത് ആരെക്കൊണ്ടു സംവിധാനം ചെയ്യിക്കണമെന്നും തീരുമാനിച്ചിരുന്നത് ഇത്തരം നിര്‍മ്മാതാക്കളാണ്. പിന്നീടാണ് സംവിധായകന്റെ സഹായത്തോടെ നടീനടന്മാരെ തീരുമാനിച്ചിരുന്നത്. അക്കാലത്തെ സിനിമകള്‍ എല്ലാം വന്‍ വിജയമായിരുന്നു, നല്ല സിനിമകളായിരുന്നു.

പിന്നീട് പലതരം യാന്ത്രിക സംഭവങ്ങളും സിനിമകളിലുണ്ടായി. ‘ചക്ക വീണു മുയല്‍ ചത്തു’ എന്നു പറയുന്നതുപോലെ തിരക്കഥ എഴുതുന്നവരില്‍ ചിലര്‍ അവര്‍ക്കിഷ്ടമുള്ള രീതിയില്‍ എഴുതുകയും ചിലത് വിജയിപ്പിക്കുകയും മറ്റു ചിലത് വന്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. അത്തരത്തില്‍ ഒരു സിനിമയുടെ സംഭവകഥയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

കമല്‍ സംവിധാനം ചെയ്ത ശ്രീനിവാസന്‍ കഥ, തിരക്കഥ- സംഭാഷണം എഴുതിയ സിനിമയാണ് ചമ്പക്കുളം തച്ചന്‍ തിരക്കഥാകൃത്തെന്ന നിലയില്‍ മിനിമം ഗ്യാരണ്ടി ശ്രീനിവാസനുണ്ടായിരുന്നു. എങ്ങനെ വീണാലും നാലുകാലില്‍ വീഴാനുള്ള നുണുക്കു വിദ്യകള്‍ ശ്രീനിവാസനറിയാം.

YOU MAY ALSO LIKE THIS VIDEO

ചമ്പക്കുളം തച്ചനില്‍ ശ്രീനിവാസന്‍ സംവിധായകന്‍ കമല്‍ അടക്കമുള്ളവരെയും നടീനടന്മാരെയും വിഷമവൃത്തത്തിലാക്കി. സാധാരണ രീതിയില്‍ തിരക്കഥ മുഴുവന്‍ എഴുതിയില്ലെങ്കിലും നല്ലൊരു കഥ പറയാറുണ്ടായിരുന്നു. കഥയില്‍ പിടിച്ച് ഓരോ ദിവസവും എഴുതിക്കൊടുക്കുന്ന തിരക്കഥ വച്ചാണ് ചിത്രീകരണം നടന്നിരുന്നത്. എന്നാല്‍ കഥ പറയാതെയാണ് ചമ്പക്കുളം തച്ചന്റെ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തത്. ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം എല്ലാം പക്കയായിരിക്കുമെന്ന് ശ്രീനിവാസന്‍ ഉറപ്പും കൊടുത്തു.

ഓരോ ദിവസവും ചിത്രീകരിക്കാനുള്ള സീന്‍ അതതു ദിവസം ലൊക്കേഷനില്‍ എത്തിച്ചു. അതനുസരിച്ച് കമല്‍ ചിത്രീകരണവും തുടങ്ങി. അഞ്ച് ദിവസം ചിത്രീകരിച്ചിട്ടും സിനിമയുടെ കഥ എന്താണെന്ന് ശ്രീനിവാസന് പറയാന്‍ കഴിഞ്ഞില്ല. എഴുത്തും അഭിനയവും കാരണം ഭ്രാന്തമായ അവസ്ഥയിലായിരുന്നു ശ്രീനിവാസനും.

കമലുമായി ചര്‍ച്ചചെയ്ത് കാര്യങ്ങള്‍ മുന്നോട്ടുപോയി. ചിത്രീകരണം പകുതിയോളം കഴിഞ്ഞപ്പോഴും കഥയ്ക്ക് വ്യക്തമായ രൂപമില്ലായിരുന്നു. എന്തായാലും തട്ടിയും മുട്ടിയും ചിത്രീകരണം പൂര്‍ത്തിയാക്കി. ഒരുവിധം കഥയും ശരിയാക്കി. എന്നിട്ടും തീയേറ്ററില്‍ ‘ചമ്പക്കുളം തച്ചന്‍’ വന്‍ വിജയമായി മാറി. പിന്നീട് ഈ രീതി പലരും പരീക്ഷിച്ചു പരാജയപ്പെട്ടു.

പല്ലിശേരി

Avatar

Staff Reporter