മലയാളം ഇ മാഗസിൻ.കോം

എന്റെ മോഹം മലയാള സിനിമാലോകത്തെ അറിയിക്കണമെന്ന് സോഷ്യൽ മീഡിയയിൽ തരംഗമായ പാകിസ്ഥാൻ ഗായിക

ദേശാതിവർത്തിയായ സംഗീതത്തിന്‌ കറാച്ചിയിൽ നിന്നും ദുബായ്‌ വഴി കേരളത്തിലേക്ക്‌ നാദത്തിന്റെ ഇടനാഴി തീർത്തപാക്‌ ഗായിക നാസിയാ മുഹമ്മദിന്‌ മലയാളസിനിമയിൽ പാടാൻ മോഹം.

‘എന്നു നിന്റെ മൊയ്തീനി’ലെ കാത്തിരുന്നു, കാത്തിരുന്നു എന്ന ഗാനവും ‘പ്രേമ’ത്തിലെ മലരേ എന്ന പാട്ടും പാടി നാദവിസ്മയമാകുന്ന നാസിയ മലയാള ചലച്ചിത്രത്തിൽ ഒരൊറ്റ ഗാനമെങ്കിലും ആലപിക്കാനായി കാത്തിരിക്കുന്നു. ‘ആ ദിനം വരും, ആ നാദനിർഭരമായ മുഹൂർത്തത്തിനായി ഞാൻ കാത്തിരിക്കുന്നു, പ്രത്യാശയോടെ’ ഒരു ടെലിഫോൺ അഭിമുഖത്തിൽ നാസിയ പറഞ്ഞു. എന്റെ മോഹം മലയാള സിനിമാലോകത്തെ അറിയിക്കണേ എന്നൊരു അഭ്യർഥനയും ഒപ്പം.

പാകിസ്ഥാനിലെ കറാച്ചിയിൽ പിറന്ന്‌ ദുബായിലെ ഒരു സ്ഥാപനത്തിൽ ബിസിനസ്‌ ഡവലപ്മെന്റ്‌ മാനേജരായി ജോലി ചെയ്യുന്ന ഈ 28 കാരിയുടെ സിരകളിലോടുന്നത്‌ സംഗീതം. ഹിന്ദിയും മലയാളവും തമിഴും ഗുജറാത്തിയുമടക്കം 22 ഭാഷകളിലെ ഗാനങ്ങൾ നാദമാധുര്യത്തോടെ ഭാവമൊട്ടും ചോരാത്ത വിധത്തിൽ ആലപിച്ചിട്ടുള്ള ഈ ഗാനവിസ്മയം ഇപ്പോൾ രവീന്ദ്രസംഗീതത്തിന്റെയും ബംഗാളി ചലച്ചിത്ര ഗാനങ്ങളുടേയും പഠിപ്പുരയിലാണ്‌. ഇംഗ്ലീഷും ആഫ്രിക്കയിലെ സ്വഹിലിയുമെല്ലാം നാസിയക്കു നാവേൽപ്പാട്ട്‌. പ്രേമത്തിലെ ‘മലരേ’യും എന്നു നിന്റെ മൊയ്തീനിലെ ‘കാത്തിരുന്നു’വും നാസിയ പാടുമ്പോൾ ആ ഗാനങ്ങൾക്ക്‌ മലയാളിത്തത്തിന്റെ ഭാവപൂർണിമ, നാദതരംഗം. തന്നോടൊപ്പം ആദ്യം ദുബായിൽ പണി ചെയ്തിരുന്ന മലയാളി സഹപ്രവർത്തകർക്കായാണ്‌ നാദിയ ‘മലരേ’ സമർപ്പിച്ചിരിക്കുന്നത്‌. ‘കാത്തിരുന്നു, കാത്തിരുന്നു’ സ്നേഹപൂർവം മലയാളി പ്രേക്ഷകർക്കും.

സംഗീതം സമൂഹമാധ്യമങ്ങളിലൂടെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ മാധ്യമമായി വളർത്തിയെടുക്കാൻ അനന്തസാധ്യതകളാണുള്ളതെന്ന്‌ നാസിയ കരുതുന്നു. അന്തരിച്ച ഇന്ത്യൻ നാദപ്രതിഭ നാബിയാ ഹസന്റെ ‘ആപ്‌ ജൈസേ കോയീരേ, സിന്ദഗിമേം ആയേരെ’ എന്ന അവിസ്മരണീയ ഹിന്ദിഗാനമാണ്‌ ത തന്റെ മനസിൽ എന്നെന്നും നിറഞ്ഞുനിൽക്കുന്നതെന്ന്‌ മനസുതുറക്കുന്നു ഈ പാക്‌ ഗായിക.

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു യുദ്ധം വേണമെന്നു പറയുന്നവർ ഇരു രാജ്യത്തുമുണ്ട്‌. അവർ യുഎഇയിലേക്ക്‌ വരട്ടെ. ഇവിടത്തെ മതസാഹോദര്യവും പരസ്പരബഹുമാനവും കണ്ടുപഠിക്കട്ടെ. ഇരു രാജ്യങ്ങളിലേയും ജനതകൾ തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു ലോകം അതുവഴി വിടർന്നുവരട്ടേയെന്നാണ്‌ നാസിയയുടെ പ്രാർഥന. പാകിസ്ഥാനിലെ പഷ്ഠു ഗായികയായ നാസിയാ ഇക്ബാലിനെയും സ്നേഹിക്കുന്ന നാസിയാ മുഹമ്മദ്‌ പറയുന്നത്‌ പഷ്ഠുസംഗീതത്തിലൂടെ അവർ ഒരു സ്നേഹസാമ്രാജ്യമാണ്‌ സൃഷ്ടിക്കുന്നതെന്നാണ്‌.

സംഭാഷണം അവസാനിപ്പിക്കുമ്പോൾ നാസിയ ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു, മലയാള സിനിമയിൽ പാടാനുള്ള എന്റെ മോഹങ്ങൾ മലയാളികളെ അറിയിക്കാൻ മറക്കരുതേ.

കെ രംഗനാഥ്‌, ജനയുഗം, ദുബായ്‌

Avatar

Staff Reporter