മലയാളം ഇ മാഗസിൻ.കോം

പാകിസ്ഥാൻ പുറത്താകാൻ കാരണം ഐസിസി എന്ന് പാകിസ്ഥാൻ കോച്ച്‌ ആർതർ, അതിന്‌ പറയുന്നത്‌ വിചിത്രമായ വാദം അതോ സത്യമോ?

ഏറെ പ്രതീക്ഷയോടെ എത്തിയെങ്കിലും ഈ ലോകകപ്പിന്റെ സെമിയില്‍ കടക്കാന്‍ പാകിസ്ഥാന്റെ സര്‍ഫറാസിനും സംഘത്തിനും കഴിഞ്ഞിരുന്നില്ല. അതിനു പിന്നാലെ ഐസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മിക്കി ആര്‍തര്‍ രംഗത്ത്‌. പാക്കിസ്ഥാന്‍ ലോകകപ്പിന്റെ സെമി കളിക്കേണ്ട ടീമായിരുന്നുവെന്നാണ് എന്നാണ് ആര്‍തറുടെ അഭിപ്രായം. ടീമിനെ പുറത്താക്കിയത് ഐസിസിടെ നെറ്റ് റണ്‍റേറ്റ് നിയമമാണെന്നാണ് അദ്ദേഹം വാദിക്കുന്നത്.

ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചെങ്കിലും അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. 9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റാണ് അവര്‍ക്കുള്ളത്. സെമിയില്‍ കടന്ന ന്യൂസിലന്‍ഡിനും 11 പോയിന്റുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ പുറത്തായി. ഐസിസിയുടെ നെറ്റ് റണ്‍റേറ്റ് സിസ്റ്റമാണ് ആര്‍തറെ ചൊടിപ്പിച്ചത്.

\"\"

ആര്‍തര്‍ പറയുന്നതിങ്ങനെ… \’\’പാക്കിസ്ഥാന്‍ സെമി ഫൈനല്‍ കളിക്കേണ്ട ടീമായിരുന്നു. എന്നാല്‍ നെറ്റ് റണ്‍റേറ്റ് നിയമം ടീമിനെ ചതിച്ചു. ഇത്തരം വലിയ ടൂര്‍ണമെന്റുകില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങളുടെ ഫലമാണ് പരിഗണിക്കേണ്ടത്. ഇംഗ്ലണ്ടിനേയും ന്യൂസിലന്‍ഡിനേയും ഞങ്ങള്‍ തോല്‍പ്പിച്ചു. ഈ കണക്കാണ് പരിഗണിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ സെമി കളിക്കുമായിരുന്നു. ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വലിയ മാര്‍ജിനിലുള്ള തോല്‍വിയാണ് നെറ്റ് റണ്‍റേറ്റ് കുറയാന്‍ കാരണമായത് ..\’\’ ആര്‍തര്‍ പറഞ്ഞു നിര്‍ത്തി.

ലോകകപ്പില്‍ അവസാന മത്സരം ബംഗ്ലാദേശിനെ 94 റണ്‍സിന് തോല്‍പിച്ചാണ് പാകിസ്ഥാന്‍ നാട്ടിലേക്ക് മടങ്ങുന്നത്. ന്യൂസിലന്‍ഡിനെ കൂടാതെ ഇന്ത്യയും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് സെമിയില്‍ പ്രവേശിച്ച മറ്റ് ടീമുകള്‍. അതേ സമയം ലോകകപ്പില്‍ പാകിസ്ഥാനെ പുറത്താക്കാന്‍ ഇന്ത്യ മനപ്പൂര്‍വ്വം ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയെന്ന ആരോപണം തള്ളി പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ്. ഇന്ത്യ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് സര്‍ഫറാസ് തുറന്ന് പറഞ്ഞു.

ലോകകപ്പില്‍ നിന്നും പുറത്തായി നാട്ടില്‍ തിരിച്ചെത്തിയ ശേഷം കറാച്ചിയില്‍ വെച്ച് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് സര്‍ഫറാസ് ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്. ഇല്ല, ഇല്ല, അങ്ങനെ പറയുന്നത് ശരിയല്ല, ഞങ്ങളുടെ വഴി മുടക്കാനല്ല ഇന്ത്യ തോറ്റത്. ജയിക്കാനുള്ള ആഗ്രഹത്തില്‍ ഇംഗ്ലണ്ട് നന്നായി കളിച്ചതുകൊണ്ടു മാത്രമാണ് സര്‍ഫറാസ് പറഞ്ഞു.

\"\"

നേരത്തെ പാകിസ്ഥാന്റെ സെമി പ്രവേശനം തടയാന്‍ ഇന്ത്യ മനപ്പൂര്‍വ്വം ഇംഗ്ലണ്ടിനോട് തോറ്റ് കൊടുത്തതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ജയിക്കാവുന്ന മത്സരം മെല്ലപ്പോക്ക് നടത്തിയാണ് ഇന്ത്യ അന്ന് തോറ്റത്. ലോകകപ്പില്‍ മോശം പ്രകടനത്തിന്റെ പേരില്‍ മാപ്പ് പറയാനില്ലെന്ന് പറഞ്ഞ സര്‍ഫറാസ് ലോകകപ്പില്‍ മികച്ച പ്രകടനമാണ് പാകിസ്ഥാന്‍ കാഴ്ച്ചവെച്ചതെന്ന് വിശ്വസിക്കുന്നായും കൂട്ടിച്ചേര്‍ത്തു.

Avatar

Staff Reporter