മലയാളം ഇ മാഗസിൻ.കോം

മലയാള സിനിമയിൽ ‘അമ്മ’ എന്നൊരു സംഘടനയുണ്ടോ? ഒടുവിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ ഇത് ചോദിക്കുന്നത് മലയാള സിനിമാ ലോകത്തോട് മുഴുവൻ ആണ്

മലയാള സിനിമയിൽ അർഹിച്ച അംഗീകാരം കിട്ടാതെ മാറ്റി നിർത്തിയ ഒരുപാട് പേരുണ്ട്. അക്കൂട്ടത്തിൽ പ്രധാനി ആയിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന അനുഗ്രഹീത കലാകാരൻ. മലയാള സിനിമാ ലോകം ഒടുവിൽ നിർത്തിയ മുന്നിൽ എത്തിപ്പെടേണ്ട കലാകാരൻ.

മലയാള സിനിമയിൽ ഗ്രാമീണ കഥാപാത്രങ്ങളെ രസികത്വം നിറഞ്ഞ സംഭാഷണം കൊണ്ടും സരസമായ അഭിനയശൈലി കൊണ്ടും അനസ്വരമാക്കിയ നടനായിരുന്നു ഉണ്ണികൃഷ്ണൻ. നമ്മുടെ നാട്ടിൻപുറങ്ങളിൽ എവിടെയോ കണ്ട് മറന്ന ഏതോ ഒരാളെയാണ് ഒടുവിലിന്റെ ഓരോ കഥാപാത്രവും നമ്മെ ഓർമ്മിപ്പിച്ചിരുന്നത്. ഒടുവിലന്റെ ശരീരഭാഷയും സംഭാഷണരീതികളുമെല്ലാം നിഷ്കളങ്കനായ ഒരു നാട്ടിൻപുറത്തുകാരന് ചേർന്നതായിരുന്നു. അതുകൊണ്ടാവണം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ടും സിനിമാ ലോകം ഒന്നടങ്കം മറന്നിട്ടും മലയാള സിനിമാ ആസ്വാദകർ ഇന്നും ഓർക്കുന്നത്.

മലയാള സിനിമയ്ക്ക് ‘അമ്മ’ എന്ന പേരിൽ ഒരു താരസംഘടന ഉണ്ട് എന്നത് പല താരങ്ങളും മരണപ്പെട്ടു കഴിഞ്ഞാൽ പിന്നെ അവരുടെ കുടുംബത്തിന് കേട്ടറിവ് മാത്രം ആകുന്ന അവസ്ഥ ആണിന്ന് നിലവിൽ ഉള്ളത്. അക്കൂട്ടത്തിലേക്ക് ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന മഹാനടന്റെ മരണശേഷം ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത താരസംഘടനയെക്കുറിച്ച് സങ്കടങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ഭാര്യയും സംസാരിക്കുന്നു.

“അമ്മയെന്ന സംഘടനയ്ക്ക് ഒടുവിൽ ഉണ്ണികൃഷ്ണനെ ഓർമയുണ്ടാവില്ല. ഓർക്കേണ്ട കാര്യം ഇല്ലല്ലോ. അദ്ദേഹത്തെ പോലും ഓർക്കാത്ത “അമ്മ” പോലുള്ള സംഘടനകൾ ആർക്കു വേണ്ടിയാണ്? ‍എന്റെ അമ്മയ്ക്ക് പെൻഷൻ കിട്ടും, അതുകൊണ്ട് ജീവിച്ചു പോകാം, ‍ഞങ്ങളുടെ കഷ്ടപ്പാടുകൾ എഴുതാനും കേൾക്കാനും ആരും ഇങ്ങോട്ട് വരേണ്ട” മലയാള സിനിമ ചരിത്രത്തില്‍ തന്റേതായ ഒരിടം ഉണ്ടാക്കി കടന്നുപോയ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ പത്മജയുടെ ഹൃദയത്തിൽ തട്ടിയുള്ള വേദനയാണ് ഈ വാക്കുകൾ.

“അധികമൊന്നും പറയാനില്ല, മരിച്ചു പോയ ചേട്ടനെ കുറിച്ച് എഴുതിയിട്ട് നിങ്ങൾക്ക് കാര്യമില്ല. വീട്ടിലെ കഥയെടുക്കാനാണ് വന്നതെങ്കിൽ ഞങ്ങൾക്കിവിടെ സുഖമാണെന്ന് എഴുതിക്കോളു. മറ്റൊന്നും പറയാനില്ല.” ഒരു കാലത്ത് മലയാള സിനിമയിലെ ഒട്ടുമിക്ക പ്രമുഖ നടന്‍മാരും സംവിധാകയരുമൊക്കെ നിതൃസന്ദർശകരായിരുന്ന ഒടുവിലിന്റെ ഈ വീട്ടിലേക്ക് ഇപ്പോൾ കടന്നു ചെല്ലാൻ ദുഖങ്ങളും ദുരിതങ്ങളും മാത്രമാണുള്ളത്. പാലക്കാട് കേരളശ്ശേരിക്കടുത്ത് ഉള്ള ഈ വീട്ടിലേക്ക് ചില ബന്ധുക്കളോ നാട്ടുകാരോ വല്ലപ്പോഴും വന്നുപോകും എന്നല്ലാതെ സിനിമക്കാരോ താരസംഘടനക്കാരോ വരാറില്ല.

“ഞാനും അമ്മയും മാത്രമാണ് ഇവിടെ. അമ്മക്ക് 89 കഴിഞ്ഞു കിടന്നിടത്ത് നിന്ന് എഴുന്നേൽക്കാനൊന്നും വയ്യ. അമ്മയുടെ കാര്യങ്ങൾ നോക്കി ഞാനിവിടെ മുഴുവൻ സമയവും ഉണ്ടാകും. അമ്മക്ക് കിട്ടുന്ന പെൻഷൻ കൊണ്ടാണ് ഇപ്പോൾ ഞങ്ങളുടെ ജീവിതം. എനിക്ക് ഒരു പരാതിയും ഇല്ല. അച്ഛൻ മിലിട്ടറിയിലായിരുന്നതിനാൽ അച്ഛന്റെ മരണശേഷം കിട്ടുന്നതാണ് പെൻഷൻ. അതുകൊണ്ട് ജീവിച്ചു പോകാം. പിന്നെ അടുത്തകാലത്തായി വാർദ്ധക്യകാല പെൻഷനായി 1000 രൂപയും കിട്ടുന്നുണ്ട്. ഓണത്തിനോ, വിഷുവിനോ പെരുന്നാളിനുമൊക്കെയാണ് ഈ പണം വരുന്നത് എങ്കിലും ഞങ്ങൾക്ക് ജീവിക്കാൻ ഇപ്പൊ ഇതൊക്കെ ധാരാളം ആണ്.”

‘വീട്ടുവിശേഷങ്ങളും ദുഖങ്ങളും ദുരിതങ്ങളും മറ്റാരും അറിയണ്ടാ എന്ന് അവർ ചിന്തിച്ചിരുന്നു എങ്കിലും ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന മഹാനടനോട് സിനിമക്കാർ ചെയ്ത നന്ദികേടിനെ പറ്റി പറയാൻ അവർ ഒരു മടിയും കാണിച്ചില്ല.

“എല്ലാ ‘അമ്മ’ക്കാരും ചേട്ടൻ മരിച്ചപ്പോൾ കോഴിക്കോട് ആശുപത്രിയിലെത്തി മുഖം കാണിച്ചു പോയതാണ്. പിന്നീട് ഒരാളും തിരിഞ്ഞു നോക്കിയിട്ടില്ല. ചരമവാർഷിക പരിപാടികൾക്ക് പോലും ക്ഷണിച്ചിട്ട് ആരും വന്നിട്ടില്ല. ഒറ്റപ്പാലമൊക്കെ മിക്കവാറും ഷൂട്ടിങ് നടക്കുന്ന സ്ഥലമാണ്. അവിടെ വന്നവർ ഈ വീടിനു മുന്നിലൂടെ യാത്ര ചെയ്യുമെങ്കിലും ഒരാൾ പോലും ഇവിടെ ഇറങ്ങിയിട്ടില്ല”. “അമ്മ”യിൽ നിന്ന് ഒരു സഹായവും കിട്ടിയിട്ടില്ല,

മരണപ്പെട്ടവർക്ക് 1000 രൂപ പെൻഷൻ അനുവദിക്കുമെന്ന് കേട്ടിരുന്നു. പിന്നെ ഒന്നും ഉണ്ടായില്ല. ആരുടേയും കാൽ പിടിക്കാൻ പോകാൻ വയ്യാത്തത് കൊണ്ട് അപേക്ഷിക്കാനും പോയില്ല. ചേട്ടൻ സിനിമക്കാരനായിരുന്നു എന്ന് അം​ഗീകരിച്ചത് ചലച്ചിത്ര അക്കാദമി മാത്രമാണെന്ന് കരുതണം, അവർ ആദ്യം മുതലെ തരുന്ന 1000 രൂപ പെൻഷൻ ഇപ്പോഴും കിട്ടുന്നുണ്ട്. അമ്മയെന്ന സംഘടനയ്ക്ക് ഒടുവിൽ ഉണ്ണികൃഷ്ണനെ ഓർമയുണ്ടാവില്ല. ഓർക്കേണ്ട കാര്യം ഇല്ലല്ലോ. അദ്ദേഹത്തെ പോലും ഓർക്കാത്ത അമ്മ പോലുള്ള സംഘടനകൾ ആർക്കു വേണ്ടിയാണ്?- പത്മജ ചോദിച്ചു.

ഒടുവിലിന്റെ മൂത്തമകള്‍ പത്മിനിയുടെ മകള്‍ ശ്വേത ഭിന്നശേഷിക്കാരിയാണ്. ഈ കുട്ടിക്ക് ചികിത്സിക്കാനും മറ്റും മാസം 15000 രൂപയോളം വേണം. വലിയ പണക്കാരല്ലെങ്കിലും കാര്യങ്ങള്‍ തട്ടിയും മുട്ടിയുമാണ് കഴിഞ്ഞു പോകുന്നത്. ഒരിക്കൽ ഇന്റർവ്യൂ തേടി വന്ന ഒരു ചാനല്‍ ഈ കുട്ടിയുടേയും മറ്റും കഷ്ടപ്പാടുകള്‍ ചോദിച്ച് കുടുംബം പട്ടിണിയിലാണെന്നാണ് അന്ന് വാർത്ത നൽകിയത്. ഒടുവില്‍ ഉണ്ണികൃഷ്ണൻ മരിച്ച പോലെയുള്ള ദുഃഖമാണ് ഈ കുടുംബത്തിന് ആ വാർത്ത വരുത്തിവച്ചത്. പക്ഷെ ചാനൽ വാർത്ത കണ്ടിട്ടും ഒരു സിനിമക്കാരനും തിരിഞ്ഞു നോക്കിയില്ല എന്നോർക്കുമ്പോൾ അതിലും കൂടുതൽ സങ്കടം ഈ കുടുംബത്തിന് ഉണ്ടാകുന്നുണ്ടാകാം.

വീടിനടുത്ത് ആണ് ലൊക്കേഷനെങ്കിൽ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതാണ് ഒടുവിലിന് ഇഷ്ടം. മിക്കവാറും ഒറ്റപ്പാലത്ത് സിനിമാ ചിത്രീകരണങ്ങള്‍ ഉണ്ടായത് ഒടുവിലിന് വീട്ടിലെത്താന്‍ എപ്പോഴും സഹായകമായിരുന്നു. ആ സമയത്ത് ഒടുവിലിന്റെ കൂടെ വീട്ടുഭക്ഷണം തേടി മറ്റു സിനിമക്കാരും വരാറുണ്ടായിരുന്നു. അന്ന് കൂടെ വന്നവരൊന്നും പിന്നീട് മരണശേഷം വന്നിട്ടില്ല. കലാഭവനിൽ നിന്നും സിനിമയിൽ എത്തിയ ആ പ്രമുഖ നടന്‍ കുറച്ച് കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ടൗണില്‍ കട ഉദ്ഘാടനത്തിന് പോയത് ഒടുവിലിന്റെ നാട്ടിലൂടെയാണ്. വീട്ടില്‍ ഇറങ്ങാന്‍ സമയമില്ലെന്ന് പറഞ്ഞ് പോയി.

ഒടുവിലിന്റെ കൂടെ ഏറ്റവുമധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് ഇയാളാണ്. അധികാരി മരിച്ചാല്‍ പോകേണ്ട, അധികാരിയുടെ അമ്മ മരിച്ച ശേഷം പോയാൽ അധികാരിയെ കൊണ്ട് ഉപകരിക്കുമെന്ന പഴഞ്ചൊല്ല് ആ മഹാ നടന്റെ കാര്യത്തില്‍ അര്‍ത്ഥവത്താവുകയാണ്. മരണശേഷം വീട്ടിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ കടന്നു പോയവരാണ് മലയാള ചലച്ചിത്ര ലോകം. സിനിമക്കാര്‍ മറന്നാലും ഒടുവിലിനെ സ്‌നേഹിക്കുന്ന കുറച്ച് നാട്ടുകാര്‍ ഇന്നും ഇവർക്ക് കൂടെയുണ്ട്. ഒടുവിലിന്റെ ഓര്‍മ നിലനിര്‍ത്താനായി വീടിനോട് ചേര്‍ന്ന് ഒടുവില്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനം നടത്തുന്നുണ്ട്. കുട്ടികള്‍ക്ക് ശാസ്ത്രീയ സംഗീതം, ന്യത്തം, വയലിന്‍, ചിത്രരചന ക്ലാസുകള്‍ നടത്തുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. അതുമാത്രമാണ് ഇവര്‍ക്കിപ്പോള്‍ ഒരു ആശ്വാസം.

പക്ഷേ ഇതിൽ പെടാത്ത അപൂർവ്വം ചിലരുണ്ട്. നടൻ ദിലീപും സംവിധായകൻ സത്യൻ അന്തിക്കാടും. മരണസമയത്തും പിന്നീടും സഹായിച്ച വകയിൽ ദിലീപിന് മുപ്പതിനായിരം രൂപ മടക്കി കൊടുക്കാനുണ്ടെന്നാണ് ഒടുവിലാന്റെ ഭാര്യ പത്മജ പറഞ്ഞത്. ദിലീപ് ഒരിക്കലും ആവശ്യപ്പെടാത്ത പണമാണിത്.

1975 ലാണ് പത്മജയെ ഒടുവില്‍ വിവാഹം കഴിക്കുന്നത്. 1970 ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ദര്‍ശനം എന്ന ചിത്രത്തിലാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ ആദ്യമായി അഭിനയിച്ചത്. പിന്നീട് വന്ന ചെണ്ട, ഗുരുവായൂര്‍ കേശവന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. 400ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഒടുവില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. 1995, 96 വര്‍ഷങ്ങളില്‍ കഥാപുരുഷന്‍, തൂവല്‍ക്കൊട്ടാരം എന്നി ചിത്രങ്ങളിലൂടെ മികച്ച സഹനടനുള്ള അവാര്‍ഡും നേടിയിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് 2006 മെയ് 27 നായിരുന്നു ആ മഹാനടന്റെ മരണം.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor