ഇതിലും നല്ലത് പ്രവാസികളെ കൂട്ടമായി കൊന്നൊടുക്കുന്നതായിരിക്കും. പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്ന് പറഞ്ഞ് ആ നട്ടെല്ല് വരെ വെള്ളമാക്കിയതിന്റെ പണം നാട്ടിലേക്കെത്തിയിട്ടും ഇനിയും നിർത്താറായില്ല ക്രൂരത.

എമ്പസിയിൽ നിന്ന് കൺഫർമേഷൻ കോൾ വന്നിട്ട് ലിസ്റ്റിലേ പേരില്ലാതായി പോയ ചില ഗതികെട്ട മഹാന്മാരും ഉണ്ട്. ഇന്ന് മറ്റൊരു വാർത്ത കൂടി ശ്രദ്ധയിൽ പെട്ടു ചാർട്ടഡ് ഫ്ലയ്റ്റിലാണ് വരുന്നതെങ്കിൽ വരുന്നതിന്റെ 48 മണിക്കൂർ മുൻപ് കോ-വിഡ് ടെസ്റ്റ് നടത്തണം എന്ന്. എന്ത് വിവരക്കേടാണു സർ പറയുന്നത്. പല തരത്തിലുള്ള അസുഖങ്ങൾ ഉള്ളതു കൊണ്ട് ഒരു ജയിലിൽ എന്ന വണ്ണമാണ് കഴിഞ്ഞ 3 മാസമായി ജീവിക്കുന്നത്.
ഇത്തരത്തിലുള്ള ഒരു പ്രവാസി കയ്യിലില്ലാത്ത കാശ് ഉണ്ടാക്കി കൊടുത്തിട്ടായിരിക്കും ചാർട്ടഡ് ഫ്ലറ്റുകളെ അഭയം തേടുന്നത്. ഏത് കൊച്ചുകുഞ്ഞിനോട് ചോദിച്ചാലും പറഞ്ഞു തരും ഈ വൈറസ് കോ-വിഡ് 19 ഏത് വിധേനയാണ് പകരുന്നതെന്ന്. നിങ്ങളിപ്പറയുന്ന സുഖമൊന്നും ഞങ്ങൾ പ്രവാസികൾക്കില്ല സർ. അസുഖ ലക്ഷണങ്ങൾ ഉണ്ടായാൽ പോലും ടെസ്റ്റ് നടത്താൻ തയ്യാറാവാത്ത ഒരു സ്ഥിതിയാണ് ഇന്ന് UAE യിൽ ഉള്ളത്.

ഇനി നടത്തിയാൽ തന്നെ നാട്ടിലെ പോലെ അഞ്ച് പേരും പത്ത് പേരുമായിരിക്കില്ല. കിലോമീറ്ററുകളോളം നീളത്തിൽ ഒരു ദിവസം മുഴുവൻ കാത്ത് കെട്ടി നിന്നിട്ട് വേണം നടത്താൻ. പ്രൈവറ്റായി ചെയ്യാമെന്ന് കരുതിയാൽ നാട്ടിലെ 8000 രൂപയോളം വരും ഒരു ടെസ്റ്റിന് റിസൽട്ട് കിട്ടണമെങ്കിൽ 3 ദിവസം മുതൽ ഒരാഴ്ച വരെ എടുക്കും. പിന്നെ എങ്ങിനെയാണ് 48 മണിക്കൂർ മുൻപ് നടത്തിയ റിപ്പോർട്ട് നൽകുന്നത്.
ഇനി ആ റിപ്പോർട്ടിൽ നെഗറ്റീവാണെങ്കിൽ പോലും ഒരു ദിവസത്തെ പലരുമായുള്ള ഇടപഴകലിൽ കിട്ടിയിട്ടുണ്ടാകും. ലോട്ടറി. നാട്ടിലെത്തുമ്പോൾ ഞങ്ങൾ രോഗ വാഹകരെന്ന് നിങ്ങൾ തന്നെ വിളിച്ച് പറയും. ഇതേ ടെസ്റ്റ് ഗവൺമെന്റിന് പ്രവാസികളോടെ ഉത്തരവാദിത്തത്തിന്റെ ഒരംശമെങ്കിലും ഉണ്ടെങ്കിൽ സൗജന്യമായി എയർപോട്ടിൽ നടത്താൻ സജീകരണം ഉണ്ടാക്കണം.

മറ്റ് എല്ലാ രാജ്യങ്ങളും അവരവരുടെ ജനങ്ങളെ നാട്ടിലേക്ക് കൊണ്ടുപോയപ്പോൾ നമ്മുടെ ഗവൺമെന്റിന് ആര് ചത്താലും ജീവിച്ചാലും എന്ത് നഷ്ടപ്പെടാൻ അല്ലേ സർ. ആരുടെയെങ്കിലും കയ്യോ കാലോ പിടിച്ച് ഞങ്ങൾ വന്നോളാം സർ. ദയവു ചെയ്ത് 5% മോർട്ടാലിറ്റി പോലും ഇല്ലാത്ത ഈ അസുഖത്തിന്റെ പേരിൽ ഞങ്ങളെ ആത്മഹത്യയുടെ വഴിയിലേക്ക് നടത്തരുത്. ജീവിക്കാനുള്ള കൊതി കൊണ്ടാണ്.
പട്ടി പുല്ല് തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയും ഇല്ല എന്ന ഈ നിലപാട് ദയവു ചെയ്ത് മാറ്റി വെക്കണം. ആഗ്രഹമുണ്ടായിട്ടോ സുഖം തേടിയോ ഒന്നുമല്ല ഓരോ മലയാളിയും പ്രവാസിയാവുന്നത്. നിവർത്തികേടു കൊണ്ടാണ്. ദയവു ചെയ്ത് ഈ അവസ്ഥയിൽ ഇനിയും ഞങ്ങളെ പിഴിയാതിരിക്കണം. പിഴിഞ്ഞാലും കിട്ടാൻ ഒന്നുമില്ല ഈ ജീവനല്ലാതെ…
വാണി പ്രയാഗ്