കേരളത്തിലെ രാഷ്ട്രീയ ചാണക്യൻ എന്ന വിശേഷണം കെ.കരുണാകരന് ചാർത്തിക്കൊടുത്തിട്ടുണ്ടെങ്കിലും സത്യത്തിൽ അതിനു അർഹൻ ഉമ്മൻ ചാണ്ടിയാണ്. കരുണാകരൻ രാഷ്‌ടീയത്തിന്റെ അരങ്ങത്താണ് ആടിത്തിമർത്തതെങ്കിൽ രാഷ്‌ടീയ ഉപശാലകളുടെ ഇരുളിൽ ബുദ്ധിപൂർവ്വം ഉമ്മൻ ചാണ്ടി നടത്തിയ കരുനീക്കങ്ങൾ രാഷ്‌ടീയ വിദ്യാർത്ഥികൾക്ക് ഗവേഷണ വിഷയം ആക്കാവുന്നതാണ്.
ഉദാഹരണമായി കെ.കരുണാകരനും മകൻ കെ.മുരളീധരനും മകൾ പത്മജയും പല തിരഞ്ഞെടുപ്പുകളിലും തങ്ങളുടെ തട്ടകങ്ങളിൽ പരാജായപ്പെട്ടത് തികച്ചും യാദൃശ്ചികമായിരുന്നില്ല. കൃത്യമായ കാലുവാരൽ അതിനു പുറകിൽ എല്ലാ കാലത്തും ഉണ്ടായിരുന്നു. ഓരോ തവണയും അവരുടെ പരാജയത്തിലൂടെ ഉറപ്പിച്ച്എടുത്തത് അധികാരത്തിൽ നിന്നും അകറ്റി നിർത്തലും ഒപ്പം വിലപേശൽ ശക്തി ഇല്ലാതാക്കളുമായിരുന്നു.

എക്കാലത്തും ഉമ്മൻ ചാണ്ടി നടത്തിയ ഇടപെടലുകൾ ദീര്ഘവീക്ഷണത്തോടെയും ഒപ്പം പലപ്പോഴും എതിരാളികൾക്ക് പെട്ടെന്ന് പിടികിട്ടും വിധത്തിൽ ഉള്ളവയുമായിരുന്നില്ല.
എ.കെ.ആന്റണിയെ മുന്നിൽ നിർത്തി എ ഗ്രൂപ്പ് കെട്ടിപ്പടുത്തു. ചാരക്കേസിന്റെ പുകമറയിൽ കരുണാകരനെ രാജിവെപ്പിക്കുമ്പോൾ മുസ്ലിം ലീഗ് ഉൾപ്പെടെ ഘടക കക്ഷികളുടെ പിന്തുണ ഉറപ്പാക്കിയിരുന്നു. അപമാനഇതനായി കരുണാകരൻ പുറത്ത് പോകുമ്പോൾ ആദര്ശത്തിന്റെ മുഖംമൂടിയുള്ള എ.കെ.ആന്റണിയെ സംസ്ഥാന മുഖ്യമന്ത്രിയാക്കി തന്ത്ര പൂർവ്വം രണ്ടാമനായി ഒത്തൂങ്ങി. ആൻറണി ആദര്ശമുഖംമൂടി മിനുക്കിത്തുടച്ചിരിക്കുമ്പോൾ ധനകാര്യവകുപ്പ് മന്ത്രിയെന്ന നിലയിലായിൽ ഉമ്മൻ ചാണ്ടി പാർട്ടിയിലും മുന്നണിയിലും പിടിമുറുക്കി. ഭാവി മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടു എ ഗ്രൂപ്പിൽ തന്റെ വിശ്വസ്ഥരുടെ ഒരു നിരതന്നെ പടുത്തുയർത്തി.
2004 -ൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ.ആന്റണി രാജിവച്ചപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിപദമെന്ന ഉമ്മൻ ചാണ്ടിയുടെ ദീർഘകാല രാഷ്‌ടീയ സ്വപ്നം പൂവണിഞ്ഞു. ആന്റണി കേരള രാഷ്‌ടീയത്തിൽ നിന്നും ദില്ലിയിലേക്ക് ചേക്കേറുകയും ചെയ്തു. അധികാരം ഇല്ലേങ്കിലും കെ.കരുണാകരൻ എന്ന അതികായൻ മാത്രമായിരുന്നു ഉമ്മൻ ചാണ്ടിക്ക് ഒരു വെല്ലുവിളി.
ഉമ്മൻ ചാണ്ടിയുടെ മുഖ്യമന്ത്രി സ്ഥാനാരോഹണത്തിൽ അസ്വസ്ഥനായ കെ.കരുണായകരന്റെ നേതൃത്വത്തിൽ ഉള്ള ഐ ഗ്രൂപ്പ് കോൺഗ്രസ്സിൽ കലാപം സൃഷിച്ചു. അണികളും വലിയ ഒരു വിഭാഗം നേതാക്കളും തനിക്കൊപ്പമാണ് എന്ന ആത്മവിശ്വാസത്തിൽ ആയിരുന്നു കരുണാകരൻ. ആ ഒരു പ്രതീതി കരുണാകരനിൽ നിലനിർത്തിക്കൊണ്ട് പിന്നണിയിൽ ഉമ്മൻ ചാണ്ടി ബുദ്ധിപൂർവ്വം കരുക്കൾ നീക്കി.

കരുണാകരന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് പല ആവശ്യങ്ങളും ഹൈക്കമാന്റിന് മുന്നിൽ വച്ചു. എന്നാൽ കോൺഗ്രസ് ഹൈക്കമാന്റിൽ ആന്റണിയ്ക്കുള്ള സ്വാധീനം വച്ചു കരുണാകര വിഭാഗത്തെ തീർത്തും അവഗണിച്ചും ചില സന്ദർഭങ്ങളിൽ പ്രകോപിപ്പിച്ചതും മുന്നോട്ട് നീങ്ങി.
ഇരുപതോളം എം.എൽ.എ മാരും നിരവധി ഡി.സി.സി അധ്യക്ഷന്മാരും തനിക്കൊപ്പം ഉണ്ട് എന്ന വിശ്വാസത്തിൽ ഹൈക്കമാന്റിന്റെ വെല്ലുവിളിച്ച കരുണാകരൻ പാർട്ടി വിട്ട് പുറത്ത് പോകാൻ തീരുമാനിച്ചു. എന്നാൽ അന്തിമനിമിഷത്തിൽ കരുണാകരനൊപ്പം എം.എൽ.എ മാരോ അദ്ദേഹം വളർത്തി വലുതാക്കിയ നേതാക്കളോ പാർട്ടി വിടാൻ തയ്യാറായിയില്ല അവർ ഐ ഗ്രൂപ്പ് എന്ന പേജിൽ കോൺഗ്രസിൽ തന്നെ തുടർന്ന്. ഒറ്റയടിക്ക് കെ.കരുണായകരനും മകൻ കെ.മുരളീധരനും പാർട്ടിയിൽ നിന്നും പുറത്തു പോകുകയും ഒപ്പം വിലപേശൽ ശക്തിയില്ലാത്ത വിധം ഐ ഗ്രൂപ്പിനെ ഒതുക്കുവാനും കഴിഞ്ഞതോടെ ഉമ്മൻ ചാണ്ടിയുടെ തന്ത്രം വിജയിച്ചു.
പിന്നീട് രമേശ് ചെന്നിത്തലയെ പോലെ ദുർബലരും സ്വന്തം കാര്യങ്ങൾ നേടിയാൽ കാര്യമായ മറ്റു ഡിമാന്റുകൾക്ക് മുതിരാത്തവരുമായ ഒരു സംഘമായി ഐ ഗ്രൂപ്പ് ഒതുങ്ങി. ഇതേ സമയം എ ഗ്രൂപ്പാകട്ടെ കൃത്യമായി കേഡർ സ്വഭാവത്തോടെ വളരുകയും പാർട്ടിയിലും മുന്നണി യിലും സ്വാധീനം ഉറപ്പിക്കുകയും ചെയ്തു. ഐ ഗ്രൂപ്പിനെ ഏറെക്കുറെ തന്റെ ചൊൽപ്പടിക്ക് നിർത്തുവാൻ അദ്ദേഹത്തിനായി.

2011 -ൽ യു.ഡി.എഫ് അധികാരത്തിൽ എത്തുമ്പോൾ ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി. അതിവിശ്വസ്ഥനായ തിരുവഞ്ചൂരിനെ ആഭ്യമന്ത്രിയാക്കി. ഐ ഗ്രൂപ്പിൽ നിന്നും രമേശ് ചെന്നിത്തലയ്ക്ക് കാര്യമായ സ്ഥാനം ഒന്നും നൽകിയിരുന്നില്ല ഒടുവിൽ 2014 -ൽ താക്കോൽ സ്ഥാനം എന്ന നിലയിൽ ആഭ്യന്തര മന്ത്രിസ്ഥാനം നൽകി. പാർട്ടിയിലും മുന്നണിയിലും ജനകീയ മുഖം തൻ്റെ താക്കുവാൻ സദാ ജാഗരൂഗകനായിരുന്ന ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടിയിലൂടെ തന്റെ ജനപ്രീതി ഉയർത്തി.
രണ്ട് പതിറ്റാണ്ട് മുമ്പ് ഐ.എസ.ആർ.ഒ ചാരക്കേസ് വിവാദത്തിൽ കരുണാകരൻ നാണംകെട്ടത് പോലെ സോളാർ സരിത വിവാദത്തിൽ ഉമ്മൻ ചാണ്ടിക്കും മുഖം നഷ്ടപ്പെട്ടു. രാജിവെച്ചില്ലെങ്കിലും ഉമ്മൻ ചാണ്ടിയുടെ രാഷ്‌ടീയ ജീവിതത്തിന്റെ തളർച്ച അവിടെ നിന്നും ആരംഭിച്ചു.
2016 -ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ദയനീയ പരാജയം നേരിട്ടു. തുടർന്ന് പ്രതിപക്ഷ നേതാവാകാൻ ഉമ്മൻചാണ്ടി ശ്രമിച്ചില്ല രമേശ് ചെന്നിത്തലയ്ക്ക് ആ സ്ഥാനം വിട്ടു നൽകി, എം.എൽ.എ എന്ന നിലയിലേക്ക് ഒതുങ്ങി.
2021 -ലെ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ചെന്നിത്തല മുഖ്യമന്ത്രിയാകും എന്ന ഭയം ഉമ്മൻചാണ്ടിയ്ക്കും സംഘത്തിനും ഉണ്ടായിരുന്നു. ഒരു നിശ്ചിത കാലം മുഖ്യമന്ത്രിയായിരുന്നിട്ട് രമേശിന് അധികാരം വിട്ടു നൽകാം എന്ന ഒരു ഫോർമുല ഉപശാലകളിൽ ഉരുത്തിരിഞ്ഞിരുന്നു. ഒരു മടങ്ങി വരവ് പ്രതീക്ഷിച്ച്ചെങ്കിലും പരസ്പരം കാലുവാരലും ഒപ്പം എൽ.ഡി.എഫിന്റെ ജനപ്രീതിയും കോൺഗ്രസിനെ കനത്ത പരാജയത്തിലേക്ക് നയിച്ചു.
അധികാരവും സ്ഥാനങ്ങളും പരസ്പരം പങ്കുവെച്ച് മറ്റുള്ളവർക്ക് വിട്ടു നൽകാതെ 18 വർഷത്തോളം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൊണ്ട് നടന്നിരുന്നു. എന്നാൽ ആ സാമവാക്യങ്ങളെ തെറ്റിച്ചുകൊണ്ട് വി.ഡി.സതീശനെ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് ഹൈക്കമാന്റ് നിയോഗിച്ചു. തുടർന്ന് കെ.പി.സി.സി ആധ്യക്ഷനായി കെ.സുധാകരനെയും കൊണ്ട് വന്നു.

ഇത് ഉമ്മൻ ചാണ്ടി രമേശ് അച്ചുതണ്ടിന്റെ തീർത്തും ദുരബലമാക്കി. കോൺഗ്രസ് ജില്ലാ അധ്യക്ഷന്മാരുടെ പട്ടികയിൽ തങ്ങളുടെ ആശ്രിതരെ നിയോഗിക്കാതെ മികച്ച പ്രവര്തത്തനവും ജനപ്രീതിയും ഉള്ളവരെ കൊണ്ടുവന്നതോടെ കൃത്യമായ സൂചന ഇരു കാമ്പുകൾക്കും ലഭിച്ചു കഴിഞ്ഞു. പരസ്യ പ്രസ്ഥാവന നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുവാൻ കെ.പി.സി.സി. അധ്യക്ഷൻ സുധാകരൻ ഒട്ടും മടികാണിക്കുന്നില്ല എന്നത് ഗ്രൂപ്പ് മാനേജര്മാര്ക്കും പത്തിമടക്കേണ്ട അവസ്ഥയിലാക്കി.
ജില്ലാ അധ്യക്ഷന്മാരെ നിയോഗിച്ചപ്പോൾ തങ്ങളുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ പറ്റാത്തതിൽ ചെറിയ തോതിൽ പ്രതികരിച്ചു എന്നതല്ലാതെ കൂടുതൽ ശക്തമായ ഒരു നീക്കത്തിന് ഉമ്മൻ ചാണ്ടി അശക്തനാണ്.
മകൻ ചാണ്ടി ഉമ്മനെ ഒരു എം.എൽ.എയോ എം.പിയോ ആക്കുവാനോ കോൺഗ്രസിൽ നേതൃ നിരയിൽ അവരോധിക്കുവാനോ സാധിച്ചില്ല. ഒപ്പം നിന്നിരുന്ന ടി.സിദ്ദിഖ്, പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂർ ഉൾപ്പെടെ പലരും പൂർണാർത്ഥത്തിൽ ഒപ്പം ഉണ്ടെന്ന് പറയുവാൻ സാധിക്കും വിധത്തിലല്ല.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കേരളത്തിന്റെ രാഷ്‌ടീയ ഉപശാലകളിലെ കിരീടം വെക്കാത്ത രാജാവിനെ കാലം വീഴ്‌ത്തുന്ന കാഴ്ചകളാണിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ഒരുകാലത്ത് ആഘോഷിക്കപ്പെട്ട ഉമ്മൻ ചാണ്ടി ഇന്നിപ്പോൾ കേരള രാഷ്‌ടീയത്തിൽ തീർത്തും അവഗണിക്കപ്പെട്ട് രാഷ്‌ടീയ ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്കാണ് കാലം വിരൽ ചൂണ്ടുന്നത്.
സതീഷ് കരീപ്പാടത്ത്