മലയാളം ഇ മാഗസിൻ.കോം

കാടും കാട്ടുചോലയും കൊളോണിയൽ നിർമ്മിതികളും, പുനലൂരിൽ അധികമാരും കാണാത്ത ചാലിയക്കരയുടെ വശ്യമനോഹാരിത കാണാം: വീഡിയോ

കൊല്ലം ജില്ല പ്രകൃതിയുടെ മടിത്തട്ടാണെന്ന്‌ വേണമെങ്കിൽ പറയാം. ആറും പുഴകളും കായലും കടലും മലകളുമൊക്കെ നിറഞ്ഞ ഒരു സമ്പൂർണ്ണ വിനോദ സഞ്ചാര കേന്ദ്രമാണ്‌ കൊല്ലം ജില്ല. കൊല്ലം ജില്ലയിൽ സഞ്ചാരികൾ സ്ഥിരമായി പോകുന്ന ഒട്ടനവധി ടൂറിസ്റ്റ്‌ സ്പോട്ടുകൾ ഉണ്ടെങ്കിലും അത്രയൊന്നും പരിചിതമല്ലാത്ത നിരവധി ഇടങ്ങൾ ആരുടെയും കണ്ണിൽപ്പെടാതെ ഒളിഞ്ഞിരുപ്പുണ്ട്‌ എന്നതാണ്‌ സത്യം. പുനലൂരിന്റെ ഏറ്റവും വലിയ ആകർഷണം 1877ൽ നിർമ്മിച്ച്‌ 1880ൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത തൂക്കുപാലം തന്നെയാണ്‌. പുനലൂരിന്റെ ഖ്യാതി ലോകമെമ്പാടും എത്തിച്ച തൂക്കുപാലത്തിന്റെ നിർമ്മാണ മേൽനോട്ടം നിർവ്വഹിച്ചത്‌ ബ്രിട്ടീഷ്‌ സാങ്കേതിക വിദഗ്ദനായ ആർബെർട്ട്‌ ഹെണ്ട്രി ആയിരുന്നു.

കല്ലടയാറിന്റെ ഇരുകരകളിലുമായി വളർന്നു വന്ന പുനലൂർ പട്ടണത്തിന്റെ വികസനത്തിന്‌ പിൽക്കാലത്ത്‌ ഏറെ നിർണ്ണായക സ്വാധീനം ചെലുത്താൻ തൂക്കുപാലത്തിനായി എന്നത്‌ ചരിത്രം. ഈ തൂക്കുപാലത്തിനടുത്തു നിന്നും ഏതാണ്ട്‌ 10 കിലോമീറ്ററിനപ്പുറം പ്രകൃതിയൊരുക്കിയ മറ്റൊരിടമുണ്ട്‌. ചാലിയക്കര എന്നാണ്‌ ആ നാടിന്റെ പേര്‌. പുനലൂര്‌ നിന്നും വനത്തിലൂടെ അച്ചങ്കോവിൽ പോകുന്ന വഴിയിലാണ്‌ ഈ ചാലിയക്കര എന്ന നാട്‌. ബ്രിട്ടീഷുകാരുടെ കാലം മുതൽ റബ്ബറും തേയിലയും ഉൾപ്പടെയുള്ള എസ്റ്റേറ്റും തൊഴിലാളികളുമൊക്കെയായി സജീവമായ സ്ഥലമാണ്‌ ചാലിയക്കര.

ചാലിയക്കര ആറ്‌ ആണ്‌ ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. കാടിന്റെ ഇടയിൽക്കൂടി ഒഴുകി വരുന്ന ചാലിയക്കര ആറ്‌. ചാലിയക്കരയിൽ എത്തിയാൽ ആദ്യം കാണേണ്ടത്‌ കമ്പിപ്പാലമാണ്‌. കമ്പി കയർ കൊണ്ട്‌ ചാലിയക്കര ആറിനു കുറുകെ നിർമ്മിച്ച പാലമാണിത്‌. തൂക്കുപാലത്തിന്‌ സമാനമായി കമ്പികയറുകൾ കൊണ്ട്‌ രണ്ടറ്റവും ബന്ധിച്ച്‌ തടികൊണ്ട്‌ പ്ലാറ്റ്ഫോം നിർമ്മിച്ച നടപ്പാലമാണ്‌ കമ്പിപ്പാലം. ചാലിയക്കര എസ്റ്റേറ്റിലെ താമസക്കാരുടെ താമസ സ്ഥലങ്ങളിലേക്ക്‌ പോകാൻ വർഷങ്ങൾക്ക്‌ മുൻപ്‌ നിർമ്മിച്ചതാണ്‌ കമ്പിപ്പാലം. ഇവിടെ വരുന്നവർക്ക്‌ കാഴ്ചയുടെ ആദ്യ വിസ്മയം തീർക്കുകയാണ്‌ ഇപ്പോൾ ഈ പാലം.

ഇവിടെ നിന്നും നേരേ ചാലിയക്കര ജംഗ്ഷനിലേക്ക്‌ എത്തിയാൽ എസ്റ്റേറ്റിലെ താമസക്കാരുടെ ലയങ്ങൾ കാണാം. ബ്രിട്ടീഷ്‌ കാലത്തോളം പഴക്കമുള്ള ലയങ്ങളാണ്‌ ഇവയെന്ന്‌ അറിയാൻ കഴിഞ്ഞു. ഇവിടെയെത്തിയാൽ ഒരു തമിഴ്‌നാടിന്റെ ഛായ നമുക്ക്‌ തോന്നും. അവിടെ നിന്നും നേരേ പോകുന്നതാണ്‌ ചാലിയക്കരയിലെ ഏറ്റവും പ്രധാന ആകർഷകമായ അക്യുഡേറ്റ്‌. കാടിനു നടുവിലൂടെ ഒഴുകി വരുന്ന ചാലിയക്കര ആറിനു കുറുകേ കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായിട്ടുള്ള വലതുകര കനാൽ നിർമ്മിച്ച്‌ ജലം മറുകരയിൽ എത്തിക്കുന്ന പദ്ധതിയാണ്‌ ഈ അക്യുഡേറ്റ്‌. തെന്മല ഡാമിൽ നിന്നു വരുന്ന ജലം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ വിവിധ ഭാഗങ്ങളിലേക്ക്‌ എത്തിക്കുന്ന കെ.ഐ.പി കനാലിന്റെ ഭാഗമാണിത്‌.

കനാലിനു മുകളിലായി പാലം പോലെ പണിതിട്ടുള്ളതിനാൽ അക്കരെ ഇക്കരെ യാത്ര ചെയ്യാനും സാധിക്കും. എവിടി എസ്റ്റേറ്റിന്റെ പ്രധാന ഫാക്ടറികളും അവരുടെ പ്രധാന ഓഫീസുകളുമൊക്കെ സ്ഥിതി ചെയ്യുന്നത്‌ ഈ ഭാഗത്താണ്‌. വന്യമായ ഒരു അനുഭൂതിയാണ്‌ ഇവിടെ എത്തുമ്പോൾ നമുക്ക്‌ അനുഭവപ്പെടുന്നത്‌. ചുറ്റുമുള്ള മരങ്ങൾ തീർത്ത തണലും പ്രകൃതി ഒരുക്കിയ മനോഹാരിതയും കൊളോണിയൽ കാലത്തെ നിർമ്മിതികളുമൊക്കെയായി മനസിന്‌ കുളിർമ്മ തരുന്ന കാഴ്ചകൾ. തെന്മല പഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശത്ത്‌ നിരവധി വെഡ്ഡിംഗ്‌ ഫോട്ടോ ഷൂട്ടുകളും നടക്കുന്നുണ്ട്‌.

അക്യുഡേറ്റിന്റെ മറുകര ചെന്നാൽ താഴെ ചാലിയക്കര പുഴ റബ്ബർ പ്ലാന്റേഷന്റെയും കാടിന്റെയുമൊക്കെ നടുവിലൂടെ മനോഹരമായി ഒഴുകുന്ന കാഴ്ചകളും കാണാം. നിരവധി സഞ്ചാരികളാണ്‌ അവധി ദിവസങ്ങൾ ആഘോഷമാക്കാൻ കുടുംബവുമൊത്ത്‌ ഇവിടം സന്ദർശിക്കാൻ എത്തുന്നത്‌. സർക്കാരും വിനോദ സഞ്ചാര വകുപ്പും വേണ്ട വിധം പ്രയോജനപ്പെടുത്തിയാൽ ഇവിടം മനോഹരമായ ഒരു ടൂറിസ്റ്റ്‌ സ്പോട്ടാക്കി മാറ്റിയെടുക്കാൻ സാധിക്കും. വനാതിർത്തി പ്രദേശമായതിനാൽ തന്നെ ശുദ്ധവായു ശ്വസിച്ചുകൊണ്ട്‌ അൽപനേരം ചെലവഴിക്കാൻ ഏതൊരു പ്രകൃതി സ്നേഹിയും കൊതിക്കുന്ന ഒരിടമാണ്‌ ചാലിയക്കര അക്വഡേറ്റ്‌ ഭാഗം.

ഇവിടം കൊണ്ട്‌ തീരുന്നില്ല. ചാലിയക്കരയിൽ വളരെ മനോഹരമായ ഒരു വ്യൂപോയിന്റ്‌ കൂടിയുണ്ട്‌. ബംഗ്ലാവുംകുന്ന് എന്ന് പറയുന്ന ചാലിയക്കരയ്ക്ക്‌ അടുത്തുള്ള ഒരു വ്യൂ പോയിന്റാണിത്‌. ഇവിടെ വന്നാൽ കുന്നുകളും മലകളുമൊക്കെ നിറഞ്ഞ്‌ മൂന്നാറിന്‌ സമാനമായ കാഴ്ചകൾ കാണാം. ഒരു ഒഴിവു ദിവസത്തെ വിരസത മാറ്റാൻ അധികം ചെലവില്ലാതെ പോയി വരാൻ പറ്റിയ ഒരിടം തന്നെയാണ്‌ ചാലിയക്കര. ചാലിയക്കര നിന്നും മാമ്പഴത്തറ നെടുമ്പാറ വഴി വനത്തിലൂടെ അച്ചങ്കോവിൽ എത്താം.

Avatar

Staff Reporter