ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ് എന്ന നയത്തെ ചൊല്ലിയുള്ള തർക്കങ്ങൾ നിലനിൽക്കെ നയം ഉടൻ നടപ്പിലാക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഏകീകരിക്കാനാണ് ഏക സിവില്‍ കോഡ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയങ്ങളെല്ലാം നടപ്പാക്കുന്നത് എന്നാണ് പ്രധാനമന്ത്രിയുടെ വാദം. സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിന് ശേഷമായിരുന്നു പ്രഖ്യാപനം. പുതിയ നയം ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ശക്തമാക്കുമെന്നും, രാജ്യത്തെ വിഭങ്ങളില് നിന്ന് പരമാവധി നേട്ടമുണ്ടാക്കി വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുമെന്നും, ഒരു മതേതര സിവില്‍കോഡ് ഉറപ്പാക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മോദി വ്യക്തമാക്കി. മാത്രമല്ല ആർട്ടിക്കിള്‍ 370 എന്നെന്നേക്കുമായി ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു നികുതി സംവിധാനം- ജി എസ് ടി എന്ന പേരിൽ സൃഷ്ടിക്കുകയും, വൺ നാഷൺ വൺ പവർ ഗ്രിഡ് ഉപയോഗിച്ച് രാജ്യത്തിന്റെ ഊർജ മേഖലയെ ശക്തപ്പെടുത്തുകയും , വൺ നാഷൺ വൺ റേഷൻ കാർഡ് വഴി പാവപ്പെട്ടവർക്ക് ലഭ്യമായ സൗകര്യങ്ങൾ സമന്വയിപ്പിച്ചു കൊടുക്കുകയും, ആയുഷ്മാന്‍ ഭാരതിന്റെ രൂപത്തിൽ ഒരു രാജ്യം ഒരു ആരോഗ്യ ഇൻഷൂറൻസ് സൗകര്യവും ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുകൂടാതെ ഇത്തവണ ദേശീയ ഐക്യദിനം ഒരു അത്ഭുതകരമായ യാദൃശ്ചികത കൊണ്ടുവന്നു. ഒരു വശത്ത് ഇന്ന് നമ്മൾ ഐക്യത്തിന്റെ ഉത്സവം ആഘോഷിക്കുന്നു. മറുവശത്ത് ഇത് ദീപാവലി ഉത്സവം കൂടിയാണ്. ദീപാവലി രാജ്യത്തെ മുഴുവൻ വിളക്കുകളിലൂടെ ബന്ധിപ്പിക്കുന്നു. രാജ്യത്തെ മുഴുവൻ പ്രകാശിപ്പിക്കുന്നു. ഇപ്പോൾ ദീപാവലി ഉത്സവം ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല ഇതിനോടൊപ്പം തന്നെ ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് ആവശ്യമാണെന്നും നിയമം നടപ്പിലായാല്‍ മത സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ചിലരുടെ വാദം തെറ്റായ പ്രചരണമാണെന്നും പ്രമുഖ എഴുത്തുകാരനും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകനുമായ ഹമീദ് ചേന്നമംഗലൂര്‍ പറഞ്ഞു.