19
November, 2017
Sunday
07:54 PM
banner
banner
banner

അറബി നാട്ടിലെ ഓണം: ഗൾഫിലുള്ള ഓരോ വീട്ടമ്മയും പറയാൻ ആഗ്രഹിക്കുന്നത്‌!

അറബി കടലിന്റെ റാണിയായ കൊച്ചിയുടെ ദത്തു പുത്രിയായ ഞാൻ 2009 ഇൽ ആണ് അറബി നാടായ ദുബായിയിൽ എത്തുന്നത്. ദത്തു പുത്രിയെന്ന് പറയാൻ കാരണമുണ്ട്. കൊങ്കണി സമുദായക്കാരായ ഗൗഡ സാരസ്വത ബ്രാമിൻസ് ആണ് ഞങ്ങൾ. 400-500 വർഷങ്ങൾക്കു മുമ്പ് കൊച്ചിയിൽ വന്നു സ്ഥിരതാമസം ആക്കിയവർ. എന്നാലും മലയാളി എന്നു പറയുന്നതിൽ അഭിമാനം കൊള്ളുന്ന ആളാണ് ഞാൻ. ചെറുപ്പം മുതലേ എല്ലാ ഉത്സവങ്ങളും വീട്ടിൽ ആഘോഷിച്ചിരുന്നു. ഓണവും, വിഷുവും, ദീപാവലിയും, നവരാത്രിയും പോലെ തന്നെ ഞങ്ങൾ ക്രിസ്റ്റമസിന് നക്ഷത്രമിട്ടു, റമദാൻ സമയത്തു പ്രത്യേക വിഭവങ്ങൾ ഉണ്ടാക്കി. അറബി നാടിന്റെ മരു മകളായ ഞാൻ റമദാൻ സമയത്തു നോമ്പു നോക്കാറുണ്ട്.

ഓണം എന്നും മലയാളികൾക്കു ഒരു ഉത്സവമെന്നതിനു ഉപരി ഒരു ലഹരി ആണ്, ഒരു ആഘോഷം തന്നെയാണ് . മുതിർന്നവരെ പോലെ ചെറിയ കുട്ടികളും ഓണം അതേ ഉത്സാഹത്തോടെ ആഘോഷിക്കുന്നു എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. കുട്ടിക്കാലത്തെ ഓണം ഓർമകളിൽ കൂടുതലും സ്കൂളിൽ കൂട്ടുകാരോടൊത്ത് ആഘോഷിച്ചതാണ്. അതൊക്കെ ഇന്നും മനസ്സിന്റെ ഒരു കോണിൽ ഒരു റോസാപ്പൂ പോലെ സൂക്ഷിക്കുന്നു. ജീവിതത്തിലെ ഏറ്റവും നല്ല ഒരു കാലഘട്ടം തന്നെയായിരുന്നു അതു.

കല്യാണം കഴിഞ്ഞു ദുബായിലേക്ക് വരുമ്പോൾ തീർച്ചയായും പുതിയ ജീവിതം ആരംഭിക്കുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നു. എന്നിരുന്നാലും നഷ്ടപ്പെടാൻ പോകുന്ന ഒരു പാട് കാര്യങ്ങൾ മനസ്സിനെ വേദനിപ്പിച്ചിരുന്നു. കർണാടകയിലെ മണിപാലിൽ എന്ജിനീറിങ് പഠിച്ചിരുന്ന നാലു വർഷം ഞാൻ ഇത് അനുഭവിച്ചതുമാണ്. ഇന്ത്യയിലെ തന്നെ പല ദിക്കിലും നിന്നുള്ള കുട്ടികളുള്ള ഹോസ്റ്റലിൽ ഓണം വെറും പേരിനുള്ള ഒരുദിവസം മാത്രമായി മാറിയിരുന്നു. മെസ്സിലെ മടുപ്പിച്ചിരുന്ന ഭക്ഷണം കഴിക്കുമ്പോൾ ഞങ്ങൾ ഓണസദ്യയുടെ സ്വാദ് ഓർത്തു. ഓണപ്പൂക്കളത്തിന്റെ ഗന്ധം ഓർമകളിൽ നിന്നും കടമെടുത്തു., അടപ്രഥമന്റെ രുചി ഓർത്തെടുത്തു.. അന്നൊക്കെ ഓണം, TV യിൽ വരുന്ന മലയാള സിനിമകൾ മാത്രമായിരുന്നു. ഉത്തരേന്ത്യൻ കുട്ടികളോട് വഴക്കിട്ടു ഞങ്ങൾ ഏഷ്യാനെറ്റിലെ മലയാളം സിനിമ കണ്ടു. ഓണാശംസകൾ എന്നു മലയാളത്തിൽ കേൾക്കുമ്പോൾ എല്ലാം ഞങ്ങളിലെ മലയാളി ഹരം കൊണ്ടു. ഈ ഒരു മനസ്സും കൊണ്ടാണ് ഞാൻ ഈ അറബി നാട്ടിൽ എത്തിയത്.

ഇവിടെ വന്നപ്പോൾ നാട്ടിലെ നല്ല ഓർമ്മകൾ മാത്രമായ് കൂട്ട്. വീടിനെയും നാടിനെയും വീട്ടുകാരെയും ഒക്കെ ഓർത്തു ഒരു പാട് സങ്കടപ്പെട്ടു. , ഓണം അടുക്കാറായപ്പോൾ മുതൽ മനസ്സിൽ വിഷമം ആയി തുടങ്ങി, ഗൃഹാതുരത്വം നല്ല രീതിയിൽ തന്നെ അലട്ടി തുടങ്ങി..നഷ്ടബോധം വന്നു തുടങ്ങി. നാട്ടിലുള്ള സുഹൃത്തുക്കൾ ഓണാഘോഷത്തിന്റെ ഒരുക്കങ്ങളെ കുറിച്ചു പറയുമ്പോഴെല്ലാം മനസ്സു പിടഞ്ഞു. പക്ഷെ ഇവിടുത്തെ മലയാളികൾ എന്നെ ശെരിക്കും ഞെട്ടിച്ചു.

. അന്ന് Barclays bank ഇൽ ജോലി ചെയ്തിരുന്ന നല്ല പാതി ഓഫീസിൽ നിന്നുള്ള ഓണാഘോഷം ഉണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ ഒരു പാട് സന്തോഷിച്ചു. കുറച്ചു മലയാളികളെ എങ്കിലും ഒരുമിച്ചു കാണാമല്ലോ എന്നു വിചാരിച്ചു അവിടെ പോയ ഞാൻ അതിശയിച്ചു പോയി. അവിടെ ഒരു കൊച്ചു കേരളം തന്നെയായിരുന്നു. സെറ്റ് സാരി ഉടുത്ത മലയാള മങ്കമാർ, ഉച്ചത്തിൽ വെച്ച ഓണപാട്ടുകൾ, വരുന്നവരെ എതിരേൽക്കാൻ മാവേലി തമ്പുരാൻ, ഹാളിന്റെ ഒത്ത നടുക്ക് വലിയ ഒരു ഓണ പൂക്കളം, പല തരം ഓണ കളികൾ, ഓണ തല്ലും ഉണ്ടായിരുന്നു എന്നു ഓർമ., പിന്നെയും ഒരു പാട്, ഒരു പാട്. എല്ലാത്തിനും ഒടുവിൽ നല്ലൊരു ഓണ സദ്യയും. ആനന്ദ ലബ്ദിക്ക് ഇനിയെന്തു വേണം.

അങ്ങനെ ഈ മറുനാട്ടിൽ എന്റെ ആദ്യത്തെ ഓണം കെങ്കേമമായി. ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച നല്ല ഒരു ദിവസം. പിന്നെ ഇങ്ങോട്ടു അതു ഒരു ശീലമായി. നാട്ടിൽ നിന്നും മാറി താമസിക്കുന്ന ഞങ്ങളെ പോലുള്ള ഹതഭാഗ്യകർക്കു ഈ ചെറിയ സന്തോഷമൊക്കെ വലിയ കാര്യങ്ങളാണ്. മക്കളെയും ഇതിലൊക്കെ പങ്കു ചേർക്കാൻ പറ്റുന്നതിൽ ഒരു പാട് സന്തോഷമുണ്ട്. നമ്മളുടെ സംസ്കാരവും, ആഘോഷവും ഒക്കെ അവരും അറിയേണ്ടതല്ലേ.

ദുബായിയിൽ ഒരു കൊച്ചു ഇന്ത്യ തന്നെ ഞാൻ കണ്ടിട്ടുണ്ട്. അതിൽ നല്ലൊരു ശതമാനം മലയാളികൾ തന്നെ എന്നതിൽ സംശയം ഇല്ല. പലപ്പോളും തിരുവോണ ദിവസം ഇവിടെ അവധിയില്ല, പലരും തിരുവോണ ദിവസം ജോലിയിൽ ആയിരിക്കും ഒഴിവില്ലാത്തത് കൊണ്ടു, ഓണ സദ്യ മിക്കവാറും രാത്രിയിലായിരിക്കും, സങ്കടം തോന്നാറുണ്ട്. നാട്ടിൽ എല്ലാവരും ഒന്നടങ്കം ഓണം ആഘോഷിക്കുമ്പോൾ ജോലി തിരക്കിൽ ഏർപ്പെട്ടു ഇരിക്കുമ്പോൾ നഷ്ടബോധം ഉണ്ടാകാറുണ്ട്., എന്നിരുന്നാലും ഇവിടുത്തെ ഒരു പ്രത്യേകത ഉണ്ട്. ഓഗസ്റ് സെപ്തംബര് മാസം എല്ലാ വെള്ളിയാഴ്ച കളിലും പല അസോസിയേഷൻ കാരുടെയും ഓണാഘോഷം ഉണ്ടാകും. ഈ തിരക്കിലും തന്റെ നാടിനെയും അവിടുത്തെ നല്ല ഓർമകളും മലയാളികൾ ഇപ്പോഴും ഈ മണലാരണ്യത്തിലും ഹൃദയത്തോട്‌ ചേർത്തു പിടിക്കുന്നു എന്നതിന് തെളിവാണ് ഇതു. അങ്ങനെ നാട്ടിലെല്ലാവരും അത്തം മുതൽ പത്തു ദിവസം ആഘോഷിക്കുമ്പോൾ ഞങ്ങൾ രണ്ടു മാസത്തോളം ഓണം ആഘോഷിക്കുന്നു, പല ദിവസങ്ങളായി.

കഴിഞ്ഞ വർഷം Sheikh Zayed Road ഇൽ ട്രാഫിക് LED സ്ക്രീനിൽ “ ഹാപ്പി ഓണം “ എന്നു ഇവിടുത്തെ RTA (Road and Transport Authority) യുടെ ആശംസകൾ കണ്ടപ്പോൾ അഭിമാനം കൊള്ളാത്ത മലയാളികൾ ഉണ്ടാകുമോ? ഇവിടുത്തെ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം അദ്ദേഹം മലയാളികളെ ഒരു പാട് സ്നേഹിക്കുന്ന ഒരു വ്യക്തിയാണ്. അതു പലപ്പോഴായി അറിഞ്ഞിട്ടുള്ളവരാണ് നമ്മൾ. അതു കൊണ്ടു തന്നെ ഓണാഘോഷം നാട്ടിൽ ഉള്ള പോലെ തന്നെ കെങ്കേമമാക്കാൻ നമുക്ക് സാധിക്കുന്നു.

അതു പോലെ തന്നെ പല സൂപ്പർ മാർക്കറ്റുകളും പ്രത്യേകം ഡിസ്‌കൗണ്ടുകളും മറ്റും നൽകാറുണ്ട്. ഇതു ഒരു കണക്കിന് ഇടത്തരം മലയാളികൾക്ക് ഒരു ആശ്വാസം തന്നെയാണ്. വസ്ത്രങ്ങളുടെ കാര്യത്തിലും ഈ ഇളവ് കണ്ടിട്ടുണ്ട്.

ഇതൊക്കെ കൊണ്ടു തന്നെ ഓണാഘോഷം നാട്ടിലെ പോലെ തന്നെ നല്ല രീതിയിൽ തന്നെ ഇവിടെ നടത്താറുണ്ട്. പല സംഘടനകളും ഇതിനു വേണ്ടി പ്രത്യേകമായി പരിശ്രമിക്കാറുണ്ട്. കേരളത്തിന്റെ പല ദിക്കിൽ നിന്നുള്ളവരുടെ പല രീതിയിൽ ഉള്ള കൂട്ടായ്മകളും സമിതികളും കൊണ്ട് സമ്പന്നന്മായ ഈ മറുനാട്ടിൽ ഓണം നാട്ടിലെ പോലെ വിപുലമായി ആഘോഷിക്കുന്നു. ഓണ പൂക്കളവും, വിവിധതരം ഓണകളികളും, ഓണപ്പാട്ടും, ഓണസദ്യയും ആയി മറുനാടൻ മലയാളികൾ കേരളത്തിൽ നിന്നകന്ന് ഈ അറബി നാട്ടിൽ ഒരു കൊച്ചു കേരളം തന്നെ സൃഷ്ടിക്കുന്നു. ഇതിൽ ഏറ്റവും സന്തോഷവും അഭിമാനവും തോന്നുന്നത് ഇന്ത്യക്കാർ മാത്രമല്ല, മറ്റു രാജ്യക്കാരും നമ്മോടൊപ്പം ഈ ആഘോഷത്തിൽ പങ്കു ചേരുമ്പോഴാണ്. മലയാളികളെ പോലും മുണ്ടും, സെറ്റ് സാരിയും ഉടുത്ത ഫിലിപ്പിനോകളെ കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നാറുണ്ട്. നമ്മളുടെ സംസ്കാരവും മറ്റും അവർക്കും ഇഷ്ടമാണ്. ഇവിടെ എല്ലാവരും മറുനാട്ടുകാരാണ്. അതിൽ മലയാളികൾ, തമിഴർ, അല്ലെങ്കിൽ ഇന്ത്യക്കാർ, പാകിസ്താനികൾ, ഫിലിപ്പിനോകൾ, അമേരിക്കക്കാർ എന്ന ചേരി തിരിവ് പൊതുവെ കാണാറില്ല. ഒത്തൊരുമയോടെ ആഘോഷമായ ഓണം അങ്ങനെ തന്നെ ഇവിടെ ഉള്ളവർ കൊണ്ടാടുന്നു.

ഇതൊക്കെ ഉണ്ടെങ്കിലും നാട്ടിലുള്ള അച്ഛനെയും അമ്മയെയും മറ്റു കുടുംബങ്ങങ്ങളെയും ഒരു പാട് ഓർക്കുന്ന സമയമാണ് ഈ ദിവസങ്ങൾ.. അവരുടെ കൂടെയുള്ള നല്ല ഓർമ്മകൾ മനസ്സിൽ സൂക്ഷിച്ചു ഇവിടുത്തെ ചെറിയ മുറികളിൽ പലരും തിരുവോണം ആഘോഷിക്കുന്നു. ദുബായ് എന്ന നഗരം നമ്മൾ സിനിമകളിൽ കണ്ടിട്ടുള്ള ഒരു സ്വപ്ന ലോകം മാത്രമല്ല. ഈ തിളക്കവും അർഭാടങ്ങളും മാത്രമല്ല ദുബായ്, കുടുംബത്തിൽ നിന്ന് അകന്നു ജീവിക്കുന്ന ഒരു സമൂഹം കൂടി ഉണ്ട് ഇവിടെ. അമ്മയെ ഒരു നോക്ക് കാണാൻ ,, തന്റെ ഭാര്യയെ ഒന്നു ചേർത്തു പിടിക്കാൻ, മക്കളെ സ്നേഹത്തോടെ ഒന്നു തലോടാൻ കൂടി കഴിയാത്ത ഒരു വിഭാഗം ആളുകൾ ഉണ്ട് ഇവിടെ. “ ഉണ്ണി പിറന്നാലും ഓണം വന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി “ എന്ന പ്രയോഗം ശെരിയാവുന്നത് ഇവിടെയാണ്. ഈ മറുനാട്ടിലും നല്ലൊരു വിഭാഗം ഓണം എന്ന മഹോത്സവം ആഘോഷിക്കുമ്പോൾ, ഇവർ തന്റെ മുറിയിൽ കുബൂസും വെള്ളവും കുടിച്ചു കഴിയുന്നു. കൂട്ടത്തിൽ വീട്ടുകാരെ ഓർത്തുള്ള കണ്ണീരിന്റെ ഉപ്പും.

ഇതാണ് യഥാർത്ഥ ദുബായ്, ഒരു പാട് സ്വപ്നങ്ങളും കൊണ്ടു , വീട്ടുകാർക്ക് നല്ലൊരു ജീവിതം ഉണ്ടാവാൻ എല്ലാ യാതനകളും അനുഭവിച്ചു കഴിയുന്നവരുടെ ദുബായ്. അവർക്ക് ഓണം, വിഷു എന്നൊന്നും ഇല്ല. എന്നും ഒരേ പോലെ. തങ്ങളുടെ വിഷമങ്ങൾ നാട്ടിലുള്ളവരെ അറിയിക്കാതെ അവർ അതെല്ലാം മനസ്സിൽ ഒതുക്കുന്നു. അങ്ങനെയുള്ള കുറെ അധികം പേരെ എനിക്ക് നേരിട്ടു അറിയാം. അവരുടെ വേദനകൾ കേട്ടിട്ടും ഉണ്ട്. ഓണത്തിന് നാട്ടിലുള്ളവർക്കെല്ലാം നല്ല വസ്ത്രങ്ങൾ എടുക്കാനും, സദ്യ ഉണ്ടാക്കാനും ഒക്കെ ഉള്ള പണം അയച്ചു കൊടുത്തിട്ട്, തിരുവോണത്തിന്റെ അന്നും പകൽ അന്തിയോളം ജോലി ചെയ്യുന്നവർ.

എന്നാൽ നല്ല മനസ്സിന് ഉടമകണല്ലോ നമ്മൾ മലയാളികൾ. ഇവിടുത്തെ പല മലയാളി കൂട്ടായ്മകളും ഇങ്ങനെയുള്ള സമൂഹത്തിനു വേണ്ടിയും ആഘോഷങ്ങൾ വെക്കാറുണ്ട്. പല ഹോട്ടലുകളിൽ നിന്നും ലേബർ ക്യാമ്പിലേക്ക് ഭക്ഷണ സൗകര്യങ്ങൾ ചെയ്തു കൊടുക്കാറുണ്ട്‌. ഇതിനൊക്കെ പല റേഡിയോ ചാനലുകൾ പ്രത്യേകം മുൻകൈ എടുക്കാറുണ്ട്. പ്രശംസ അർഹിക്കുന്ന ഒരു കാര്യം തന്നെയാണിത്.

നന്മയുടേയും സമൃദ്ധിയുടെയും ആഘോഷമായ ഓണം ഇതിൽ നല്ല രീതിൽ എങ്ങനെയാണ് കൊണ്ടാടേണ്ടത്? ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ ആഘോഷിക്കുമ്പോൾ അല്ലെ ഓണം കൂടുതൽ സമൃദ്ധമാകുന്നത്.

അങ്ങനെ അടുത്ത ഓണം കൂടി കഴിഞ്ഞു, എന്നാൽ അറബി നാട്ടിലെ ഓണം കഴിഞ്ഞിട്ടില്ല കേട്ടോ, പലയിടത്തും ഒരുക്കങ്ങൾ ഇപ്പോഴും നടക്കുന്നു, പരിപാടികൾക്കുള്ള സൗകര്യങ്ങൾ ചെയ്തു തുടങ്ങിയിരിക്കുന്നു, മാവേലി മന്നനെ വരവേൽക്കാൻ. കൂട്ടത്തിൽ നല്ലൊരു നാളേക്കുള്ള പ്രാർത്ഥനയും.

രേണു സുജിത്‌ ഷേണായി – ദുബായ്‌ ഏഷ്യാവിഷൻ ഫാമിലി മാഗസിനു വേണ്ടി എഴുതിയത്‌. ഏഷ്യാവിഷൻ ഫാമിലി മാഗസിൻ ആഗസ്റ്റ്‌ ലക്കം ഇപ്പോൾ വിൽപ്പനയിൽ

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments