സംസ്ഥാന സർക്കാറിന്റെ ഓണം ബംപർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് ടി എം 160869 ടിക്കറ്റിന്. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റാണിത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഭാഗ്യശാലിയുടെ കയ്യിലെത്തുന്നത്. 12 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചയാള്‍ക്കു കിട്ടുക 7.56 കോടി രൂപയാണ്. ഏജന്‍സി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്. ഏജന്‍സി കമ്മിഷന് സമ്മാനത്തുകയുടെ 10 ശതമാനമാണ്. ഏജന്‍സി കമ്മിഷന് കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാര്‍ഹനില്‍ നിന്ന് ഈടാക്കും.
ഒന്നാം സമ്മാനത്തുകയുടെ 63 ശതമാനമാണ് ഇതോടെ സമ്മാനാര്‍ഹനു ലഭിക്കുക. ഒന്നാം സമ്മാനം 12 കോടി ആയതിനാല്‍ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജന്‍സി കമ്മിഷനായി സമ്മാനത്തുകയില്‍നിന്നു കുറയും. കായംകുളം ശ്രീമുരുഗാ ലോട്ടറി ഏജന്റ് ശിവൻകുട്ടിയ്ക്കാണ് ഈ തുക ലഭിക്കുക. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കുറച്ച് ബാക്കി 7.56 കോടി രൂപയാണു സമ്മാനാര്‍ഹനു ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപ 10 പേർക്കാണ് ലഭിക്കുന്നത്.
അച്ചടിച്ച 46 ലക്ഷം ലോട്ടറി ടിക്കറ്റുകളിൽ 43 ലക്ഷവും വിറ്റഴിഞ്ഞതോടെ ഖജനാവിലേക്കു ലാഭമായി എത്തിയത് 29 കോടി രൂപ. 300 രൂപ വിലയുള്ള ബംപർ ടിക്കറ്റിന്റെ വിൽപന ജൂലൈ 21 നാണ് ആരംഭിച്ചത്. രണ്ടാം സമ്മാനം 5 കോടിയും മൂന്നാം സമ്മാനം 2 കോടിയും നാലാം സമ്മാനം ഒരു കോടിയുമാണ്. സമാശ്വാസ സമ്മാനമായി 9 പേർക്ക് 5 ലക്ഷം രൂപയും ലഭിക്കും.
കഴിഞ്ഞ തവണ 10 കോടിയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം. ഓണം ബംപർ ടിക്കറ്റ് വിൽപന വഴി ഇക്കുറി 138 കോടി രൂപ സർക്കാരിനു ലഭിച്ചെങ്കിലും ഇതിൽ 21% മാത്രമാണു ലാഭം. 42% തുക സമ്മാനങ്ങൾ നൽകാനും 32% ഏജൻസി കമ്മിഷനായും 5% അച്ചടിക്കും ചെലവാകും. 5 കോടിയുടെ പൂജാ ബംപർ ടിക്കറ്റ് നാളെ ലോട്ടറി വകുപ്പ് പുറത്തിറക്കും. കഴിഞ്ഞ തവണ 4 കോടി ഒന്നാം സമ്മാനവും ടിക്കറ്റ് വില 150 രൂപയുമായിരുന്നെങ്കിൽ ഇക്കുറി ടിക്കറ്റ് വില 200 രൂപയാക്കി ഉയർത്തി.