മലയാളം ഇ മാഗസിൻ.കോം

സംസ്ഥാനത്ത്‌ പടരുന്നത്‌ ഒമിക്രോണെന്ന്‌ വിദഗ്ധർ, തീവ്ര പരിചരണം വേണ്ടവരുടെ എണ്ണവും കൂടുന്നു: കേരളം വാരാന്ത്യ ലോക്ക്ഡൗണിലേക്ക്‌?

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് പിന്നാലെ ഗുരുതര രോഗികളുടെ എണ്ണവും കൂടുന്നു. ഓക്‌സിജന്‍ കിടക്കകളും ഐ.സി.യു ബെഡുകളും വെന്റിലേറ്റര്‍ സൗകര്യവും വേണ്ട രോഗികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. കഴിഞ്ഞ ആഴ്ചയേക്കാള്‍ വെന്റിലേറ്റര്‍ വേണ്ട രോഗികളുടെ എണ്ണത്തില്‍ പത്ത് ശതമാനമാണ് വര്‍ധന.

ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 29 ശതമാനം കൂടി. ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമുള്ളവരുടെ കാര്യത്തില്‍ 41 ശതമാനമാണ് വര്‍ധന. ജനുവരി ആദ്യവാരം ഗുരുതര രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. ഒരാഴ്ചക്കിടയിലാണ് വര്‍ധന. ആകെ രോഗികളുടെ എണ്ണത്തില്‍ തൊട്ടുമുമ്ബത്തെ ആഴ്ചയെക്കാള്‍ 204 ശതമാനം വര്‍ധനയുണ്ടായി.

സംസ്ഥാനത്ത് പടരുന്നത് ഒമിക്രോണ്‍ ആണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒമിക്രോണില്‍ സമൂഹ വ്യാപനമെന്നും വിദഗ്ധര്‍ പറയുന്നു. അതിനിടെ മൂന്നാംതരംഗത്തിലും മാറ്റമില്ലാതെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനുമെടുത്തവരിലെ കൊവിഡ് ബാധ തുടരുകയാണ്. ഒരാഴ്ച്ചക്കുള്ളില്‍ കൊവിഡ് ബാധിച്ചവരില്‍ 58 ശതമാനവും സമ്ബൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്. അതേസമയം ഒമിക്രോണ്‍ പരിശോധനക്കുള്ള എസ് ജീന്‍ കണ്ടെത്താനുള്ള പിസിആര്‍ കിറ്റ് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി.

പരിശോധന നടത്തുന്ന മൂന്നിലൊരാള്‍ക്ക് രോഗം, ഇതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ. ടി പി ആര്‍ എക്കാലത്തേയും വലിയ നിരക്കില്‍ . രണ്ടാം തരംഗത്തില്‍ 29.5ശതമാനമായിരുന്ന ടി പി ആര്‍ ഇപ്പോള്‍ 35.27ശതമാനമായി. ജലദോഷപ്പനി പോലെയോ ഒരു ലക്ഷണവും ഇല്ലാതെയോ രോഗം പിടിപെടുന്നവരാണേറെയും. ഇതാണ് ഡെല്‍റ്റയല്ല ഒമിക്രോണ്‍ വ്യാപനമാണ് സംസ്ഥാനത്തെന്ന് ആരോഗ്യ വിദഗധര്‍ ഉറപ്പിക്കുന്നത്.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിട്ടുള്ളത്. മൂന്ന് ജില്ലകളൊഴികെ മറ്റെല്ലായിടത്തും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് പുറത്താണ്. തിരുവനന്തപുരം ജില്ലയില്‍ രണ്ടില്‍ ഒരാള്‍ക്ക് രോഗബാധയെന്നാണ് സ്ഥിതി. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 48 ആണ്. ഇവിടെ വാരാന്ത്യ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പരിഗണനയിലാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ALSO, WATCH THIS VIDEO

Avatar

Staff Reporter