ചുമ, ക്ഷീണം, മൂക്കൊലിപ്പ്, ശരീരവേദന എന്നിങ്ങനെ നീളുന്നു കോവിഡിൻറെ ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട് പലരിലും റിപ്പോർട്ട് ചെയ്യപ്പെട്ട രോഗലക്ഷണങ്ങൾ. എന്നാൽ മുൻവകഭേദങ്ങളിൽ നിന്ന് അൽപം വ്യത്യസ്തമായ ചില രോഗലക്ഷണങ്ങൾ കൂടി ഒമിക്രോൺ ബാധിതർ പ്രകടിപ്പിച്ചു കാണുന്നുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
ലണ്ടനിലെ കിങ്സ് കോളജിലെ ജനറ്റിക് എപ്പിഡെമോളജി പ്രഫസർ ടിം സ്പെക്ടറിൻറെ അഭിപ്രായത്തിൽ വിശപ്പ് നഷ്ടമാകുന്നതും മനംമറിച്ചിലും ഒമിക്രോൺ ബാധിച്ചവരിൽ കാണപ്പെട്ട രോഗലക്ഷണങ്ങളാണ്. ഇവ കോവിഡ് വാക്സീൻ എടുത്തവരിലും ബൂസ്റ്റർ ഡോസ് എടുത്തവരിലും കൂടി കാണപ്പെടുന്നതായും ടിം പറയുന്നു. ചിലർക്ക് ഇതിനു പുറമേ തൊണ്ടവേദന, തലവേദന, ചെറിയ ചൂട് പോലുള്ള ലക്ഷണങ്ങളും ഉണ്ടാകുന്നു.
എന്നാൽ മുൻവകഭേദങ്ങൾ മൂലം പലർക്കും ഉണ്ടായ മണവും രുചിയും നഷ്ടമാകൽ ഒമിക്രോണുമായി ബന്ധപ്പെട്ട് അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സിംഗിൾ സെൽ ഡയഗ്നോസ്റ്റിക് കമ്പനിയായ ഇൻസെൽഡിഎക്സിനായി ജോലി ചെയ്യുന്ന ഡോ. ബ്രൂസ് പാറ്റേഴ്സൺ അഭിപ്രായപ്പെടുന്നു. ഒമിക്രോണിൻറെ ലക്ഷണങ്ങൾ പലതും പാരഇൻഫ്ളുവൻസ എന്ന വൈറസിൻറേതുമായി സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാത്രിയിലുണ്ടാകുന്ന അത്യധികമായ വിയർപ്പാണ് ഒമിക്രോൺ മൂലം റിപ്പോർട്ട് ചെയ്യപ്പെട്ട അത്ര സാധാരണമല്ലാത്ത മറ്റൊരു ലക്ഷണം. അണിഞ്ഞിരിക്കുന്ന വസ്ത്രം മാറ്റേണ്ടി വരുന്ന തരത്തിൽ രോഗി വിയർക്കുമെന്ന് യുകെ നാഷണൽ ഹെൽത്ത് സർവീസിലെ ഡോ. അമീർ ഖാൻ ദ സൺ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ദക്ഷിണാഫ്രിക്കയിൽ ആദ്യം കണ്ടെത്തിയ ഒമിക്രോൺ വകഭേദം ഇപ്പോൾ നൂറിലധികം രാജ്യങ്ങളിലേക്ക് പടർന്നിട്ടുണ്ട്. അമേരിക്കയിലും യുകെയിലും ഡെൽറ്റയെ പിന്തള്ളി പ്രബലമായ കോവിഡ് വകഭേദമാകാനും ഒമിക്രോണിന് സാധിച്ചു.
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമെത്തി; ‘ഇഹു’ വിനെ കണ്ടെത്തിയത് ഫ്രാൻസിൽ
ഒമിക്രോൺ വ്യാപനം ലോകമെമ്പാടും ആശങ്ക വിതച്ചിരിക്കെ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ‘ഇഹു’ ഫ്രാൻസിൽ കണ്ടെത്തി. ദക്ഷിണ ഫ്രാൻസിലെ മാഴ്സെയിൽ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വകഭേദത്തിന് ഒമിക്രോണിനേക്കാൾ വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തൽ.
ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ നിന്ന് തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന്, സമ്പർക്കത്തിലു ണ്ടായിരുന്നവരിൽകൂടി രോഗം കണ്ടെത്തുകയായിരുന്നു. ഇഹു(ഐ.എച്ച്.യു) മെഡിറ്ററാൻ ഇൻഫെക്ഷൻ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.1.640.2 എന്ന വകഭേദത്തിന് ‘ഇഹു’ എന്ന് പേരിട്ടത്.
ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത് വരെ ഈ വകഭേദം ഇഹു എന്ന പേരിലായിരിക്കും അറിയപ്പെടുക. ഈ വകഭേദത്തിന് വുഹാനിൽ പടർന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തിൽ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അതിനാൽ ഈ വൈറസിന് വാക്സിനുകളിൽ നിന്ന് പ്രതിരോധ ശക്തി ലഭിച്ചിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഈ വകഭേദം മരണസംഖ്യ കൂട്ടുമോ എന്നുള്ള ഗവേഷണം പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ, ചടങ്ങുകളിലെ പങ്കാളിത്തം കുറയ്ക്കണം
ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചു. അടച്ചിട്ട മുറികളിൽ 75, തുറസായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെയാണ് ആളുകകളുടെ എണ്ണം പരിമിതപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണു തീരുമാനം. ഓൺലൈനായാണ് യോഗം നടന്നത്.
എല്ലാ രാജ്യങ്ങളിൽനിന്നും വരുന്ന രോഗലക്ഷണങ്ങളുള്ളവരുടെ പരിശോധന വിമാനത്താവളങ്ങളിൽ ശക്തമാക്കാൻ അവലോകന യോഗത്തിൽ തീരുമാനമായി. ഇതുവരെ കോവിഡ് മരണധനസഹായത്തിന് അപേക്ഷിക്കാത്തവർ ഉടൻ അപേക്ഷിക്കണം. ലഭിച്ച അപേക്ഷകളിൽ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. സംസ്ഥാനത്ത് ഒമിക്രോൺ കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. നിലവിൽ 181 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 29 പേർക്കു രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം-10, ആലപ്പുഴ-ഏഴ്, തൃശൂർ-ആറ്, മലപ്പുറം-ആറ് എന്നിങ്ങനെയാണു രോഗം സ്ഥിരീകരിച്ചത്.
ALSO, WATCH THIS VIDEO