മലയാളം ഇ മാഗസിൻ.കോം

ഒരുകാലത്ത്‌ മലയാളത്തിന്റെ ഹിറ്റ്‌ താരജോഡികൾ: ഇവരെ മനസിലായോ?

മലയാള സിനിമയുടെ ഏറ്റവും സുവർണ കാലഘട്ടമാണ്‌ പ്രേം നസീറും ജയനും മധുവും സീമയും ജയഭാരതിയും ഷീലയുമൊക്കെ ചേർന്ന കാലഘട്ടം. മലയാളിക്ക്‌ എക്കാലവും ഓർമ്മിക്കാൻ പറ്റുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച നമ്മുടെ ജനപ്രിയ താരങ്ങൾ.

എന്നാൽ അവരുടെയൊക്കെ കുട്ടിക്കാലം എങ്ങനെയായിരുന്നിരിക്കും എന്ന് നമുക്ക്‌ ഊഹിക്കാൻ പോലും സാധിക്കുമായിരുന്നില്ല. ഇന്നത്തെപ്പോലെ മൊബൈൽ ക്യാമറയൊന്നും ഇല്ലാതിരുന്ന കാലമായിരുന്നല്ലോ. ചിത്രങ്ങൾ തന്നെ അപൂർവ്വം. എന്നാൽ ഇപ്പോഴിതാ, ആ കാലത്തെ രണ്ടു താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മലയാളത്തിന്റെ മഹാനടൻ ജയന്റെയും 70-80 കാലഘട്ടത്തിലെ തിരക്കേറിയ നായികമാരിൽ ഒരാളായ സീമയുടെയും ചിത്രമാണിത്.

കൃഷ്ണൻ നായർ എന്ന ജയൻ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത താരമാണ്. ഇന്ത്യൻ നേവിയിലും ജയൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ നേവിയിൽ നിന്നും രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു. ആക്ഷൻ വേഷങ്ങൾ കൂടുതലും കൈകാര്യം ചെയ്ത ജയൻ കേരളത്തിലെ യുവാക്കൾക്കിടയിൽ തരംഗമായി മാറിയ ഒരു കാലമുണ്ട്.

ജയന്റെ ശൈലിയും വേഷവിധാനവുമൊക്കെ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. മലയാള സിനിമയിലെ ആദ്യ ആക്ഷൻ നായകനെന്നു തന്നെ ജയനെ വിശേഷിപ്പിക്കാം. 41-ാം വയസ്സിൽ പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴാണ് ഒരു ഹെലികോപ്ടർ അപകടത്തിൽ ജയൻ മരണമടഞ്ഞത്. ‘കോളിളക്കം’ എന്ന സിനിമയുടെ ലൊക്കേഷനിൽ, ഒരു സാഹസികരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടത്തിപ്പെട്ട് ജയൻ മരിക്കുന്നത്.

14-ാം വയസ്സിൽ ഒരു തമിഴ് സിനിമയിൽ നർത്തകിയായി അഭിനയിച്ചു കൊണ്ടാണ് സീമ തന്റെ കരിയർ ആരംഭിച്ചത്. ‘നിഴലെ നീ സാക്ഷി’ എന്ന ചിത്രത്തിലൂടെയാണ് അഭിനേത്രിയെന്ന രീതിയിൽ പിന്നീട് സീമ തുടക്കം കുറിച്ചത്. ഈ ചിത്രം പക്ഷേ പൂർത്തിയാക്കാനായില്ല. എന്നാൽ, ആ സിനിമയുടെ ഷൂട്ടിങ് സമയത്താണ് ശാന്തകുമാരി നമ്പ്യാർ എന്ന പെൺകുട്ടി സീമയായി മാറിയത്, എഴുപതുകളിലെ പ്രശസ്ത നടനായ വിജയൻ ആണ് താരത്തിന് സീമ എന്ന പേരു നിർദ്ദേശിക്കുന്നത്.

സീമയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായത് ഐ.വി.ശശി സംവിധാനം ചെയ്ത ‘അവളുടെ രാവുകൾ’ എന്ന ചിത്രമാണ്. അന്ന് സീമയ്ക്ക് 19 വയസ്സാണ് പ്രായം. കരിയറിൽ വഴിത്തിരിവായ ചിത്രത്തിന്റെ സംവിധായകൻ തന്നെ സീമയുടെ ജീവിത പങ്കാളിയുമായി. 1980 ഓഗസ്റ്റ് 28ന് ആയിരുന്നു സീമയും ഐവി ശശിയും തമ്മിലുള്ള വിവാഹം. അനു, അനി എന്നിങ്ങനെ ഒരു മകളും മകനുമാണ് ഈ ദമ്പതികൾക്ക് ഉള്ളത്. മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം രണ്ടു തവണ സ്വന്തമാക്കിയ അഭിനേത്രി കൂടിയാണ് സീമ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 260ലേറെ ചിത്രങ്ങളിലാണ് സീമ വേഷമിട്ടത്.

അങ്ങാടി, കരിമ്പന, മനുഷ്യമൃഗം, മൂർഖൻ, തടവറ, ബെൻസ് വാസു, ശക്തി, ചാകര തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്തെ ഹിറ്റ് ജോഡികളായിരുന്നു ഇവർ.

Avatar

Staff Reporter