മെക്സിക്കോയിലെ പ്ലായ എൽ ക്വെമാഡോയിലെ ഒരു ബീച്ചിൽ ഓർ മത്സ്യത്തെ കണ്ടെത്തിയതോടെ തീരദേശ വാസികൾ ഭീതിയിലാണ് ആഴക്കടലിൽ വസിക്കുന്ന ഓർ മത്സ്യങ്ങൾ തീരങ്ങളിലേക്ക് എത്തുന്നത് വൻ ദുരന്തത്തിന്റെ സൂചനയെന്നാണ് ഇവിടുത്തെ മനുഷ്യരുടെ വിശ്വാസം. ഇതോടെയാണ് ജീവനോടെ ബീച്ചിലെത്തിയ ഓർ മത്സ്യം ആളുകളിൽ ഭീതിയുണർത്തുന്നത്.
ബീച്ചിലെത്തിയ സഞ്ചാരികളാണ് അപൂർവ മത്സ്യത്തെ ആദ്യം കണ്ടത്. ഇതുവരെ കണ്ടിട്ടില്ലാത്ത മത്സ്യത്തിന്റെ ദൃശ്യങ്ങൾ ഇവർ പകർത്തുകയും ചെയ്തു. വെള്ളം കുറഞ്ഞ സ്ഥലത്ത് അകപ്പെട്ട് പോയതാണ് എന്ന് കരുതിയ സഞ്ചാരികൾ ഇതിനെ ആഴക്കടലിലേക്ക് പോകാൻ സഹായിക്കുകയും ചെയ്തു. ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഇത് അപൂർവമായ ഓർ മത്സ്യമാണെന്ന് ആളുകൾ തിരിച്ചറിഞ്ഞത്.
കടലിൽ 650 അടി മുതൽ 3200 അടിവരെ ആഴമുള്ള പ്രദേശങ്ങളിലാണ് സാധാരണയായി ഓർ മത്സ്യങ്ങൾ ജീവിക്കുന്നത്. പരിക്കേറ്റ നിലയിലോ അല്ലെങ്കിൽ ജീവനറ്റ അവസ്ഥയിലോ ഇവ തീരത്തുവന്നടിഞ്ഞ സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയെല്ലാം രാത്രിയിലാണ് എത്തുന്നത്. എന്നാലിപ്പോൾ മെക്സിക്കോയിൽ പകൽ സമയത്ത് ജീവനോടെയാണ് ഓർ മത്സ്യം പ്രത്യക്ഷപ്പെട്ടത്.
ഓർ മത്സ്യം തീരത്തിനടുത്തെത്തിയാൽ ഭൂകമ്പം, സുനാമി എന്നിവയുണ്ടാകും എന്നാണ് വിശ്വാസം. ഈ വിശ്വാസത്തിനെ ബലപ്പെടുത്തുന്ന ചില സംഭവങ്ങളുമുണ്ടായിട്ടുണ്ട്. 2009 ലും 2010ലുമായി 20 ഓർ മത്സ്യങ്ങളെയാണ് ജപ്പാൻ തീരത്ത് കണ്ടത്തിയത്. ഇതിനു പിന്നാലെ 2011 ൽ ടോഹോകു ഭുകമ്പത്തിലും സുനാമിയിലും ഇരുപതിനായിരത്തിലധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 2024 നവംബറിൽ കലിഫോർണിയയിലെ ഗ്രാൻഡ്വ്യൂ ബീച്ചിൽ ഒരു ഓർ മത്സ്യത്തെ കണ്ടെത്തിയിരുന്നു. ഒരു മാസത്തിനുശേഷം 7.0 തീവ്രതയുള്ള ഭൂകമ്പവും സുനാമി മുന്നറിയിപ്പും ഉണ്ടാവുകയും ചെയ്തു.