24
March, 2019
Sunday
07:02 PM
banner
banner
banner

കമ്മ്യൂണിസവും ഹിന്ദു വിരുദ്ധതയും: സംഘപരിവാറിന്റെ 9 ചോദ്യങ്ങൾക്കുള്ള മറുപടിയുമായി നൃപൻ!

സംഘപരിവാറിന്റെ വാട്സാപ്പ്‌ ചോദ്യങ്ങൾക്ക്‌ ഓരോന്നിനും മറുപടി നൽകിക്കൊണ്ട്‌ നൃപൻ ദാസ്‌. ചില നിഷ്കളങ്കരായ മനുഷ്യർ ഈ പ്രചാരണത്തിന്റെ വലയിൽ താൽക്കാലികമായെങ്കിലും വീണു പോകാൻ ഇടയുണ്ട് എന്നതു കൊണ്ട് ഒരു മറുപടി എഴുതുന്നു എന്നു പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്കിലൂടെ നൃപൻ തന്റെ നിലപാടുകൾ അറിയിച്ചിരിക്കുന്നത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.

കേരളത്തിൽ കഴിഞ്ഞ കുറച്ചു വർഷം കൊണ്ട് വർഗീയത വല്ലാതെ കൂടിയിട്ടുണ്ട്. അതിന്റെ കാരണമായി എനിക്ക് തോന്നിയത് ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇടക്കാല ഹിന്ദു വിരുദ്ധ നിലപാടുകളും ന്യൂനപക്ഷ പ്രീണന നിലപാടുകളും ആണ്. ഞങ്ങളെ മാത്രം എന്തിനു അടിച്ചമർത്തുന്നു എന്ന് ഹിന്ദുവിന് തോന്നിപ്പോയാൽ തെറ്റ് പറയാൻ ആകുമോ ? ഇവിടെ RSS വളർന്നിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ ക്രെഡിറ്റും സിപിഎം നു ആണ്. കഴിഞ്ഞ കുറച്ചു വർഷക്കാലത്തെ ഓർമ്മയിലുള്ള കാര്യങ്ങൾ ചുവടെ. താഴെയുള്ള ചോദ്യങ്ങൾ ഓരോ കമ്മ്യൂണിസ്റ്റ് കാരനും സ്വയം ചോദിച്ചു നോക്കുക.

1. പ്രവാചകനെ അവഹേളിച്ചു എന്നും പറഞ്ഞു മാതൃഭുമി പത്രത്തിന് എതിരെ രൂക്ഷ പ്രതിഷേധമുണ്ടായി. അന്ന് സിപിഎം ന്റെ നിലപാട് എന്തായിരുന്നു? മാതൃഭൂമിക്ക് സപ്പോർട്ടുമായി സിപിഎം വന്നിരുന്നോ? ഇല്ലെങ്കിൽ എന്തായിരിക്കും കാരണം? 2. MF ഹുസൈൻ സരസ്വതി ദേവിയെ നഗ്നയായി വരച്ചപ്പോൾ സിപിഎം ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നുവോ? ഉണ്ടെങ്കിൽ എന്തായിരിക്കാം അതിനുള്ള കാരണം? ആരാണതിന് മുന്നിൽ നിന്നത്? മുന്നിൽ നിന്ന അന്നതെ വിദ്യാഭ്യാസമന്ത്രി ഒരു സഭ പോറ്റി വളർത്തുന്ന മതേതര ബേബിയാണെന്നറിയാമോ? 3. സനൽ ഇടമറുക് എന്ന യുക്തിവാദി പള്ളിയിലെ വിശ്വാസ ചൂഷണം കണ്ടു പിടിച്ചു. നാട്ടുകാരെ അറിയിച്ചു. അദ്ദേഹത്തിന് എതിരെ വ്യാപക ഭീഷണി. കേസുകൾ. അപ്പോൾ സിപിഎം അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നുവോ ? ഇല്ലെങ്കിൽ എന്തായിരിക്കും കാരണം? 4. എല്ലാവരെയും ജാതിയും മതവും നോക്കാതെ ഒരു പോലെ കാണുക എന്നത് ഒരു കംമ്യൂനിസ്റ്റ്‌ ആശയമല്ലേ? എന്നിട്ടും നിങ്ങൾ ആരെ സുഖിപ്പിക്കാൻ വേണ്ടിയാണ് ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത്?

5. ഹരീഷിന്റെ മീശയ്ക്ക് ലഭിച്ച സിപിഎം ഐക്യദാർഢ്യം (മരിയൻ അലക്സാണ്ടർ ബേബി അഥവാ MA ബേബി, മറ്റ് പ്രമുഖ സഖാക്കൾ…) പവിത്രൻ തീക്കുനിയുടെ പർദ്ദയ്ക്ക് ലഭിക്കാതെ പോയത് എന്ത് കൊണ്ടാണ്? 6. കയ്യേറിയ സ്ഥലത്തു നാട്ടിയ കുരിശു ഉദ്യോഗസ്ഥർ പിഴുതു താഴെ ഇട്ടപ്പോൾ ക്രിസ്ത്യാനികൾ പോലും പ്രതികരിച്ചിരുന്നില്ല. ഉത്തരവാദിത്വപ്പെട്ട ഭരണഘടനാസ്ഥാനം വഹിയ്ക്കുന്ന കമ്മ്യൂണിസ്റ്റുകാർ കയ്യേറ്റക്കാർക്കു വേണ്ടി രൂക്ഷമായി പ്രതികരിച്ചു. എന്തായിരിക്കും കാരണം? 7. ഹാദിയ വിഷയത്തിൽ NIA അന്വേഷണം വേണ്ട എന്ന് സിപിഎം വാശി പിടിച്ചത് ആരെ സുഖിപ്പിക്കാൻ വേണ്ടി ആയിരുന്നു? 8. സന്തോഷ് മാധവൻ എന്ന കള്ളൻറെ പേരിൽ നാട്ടിലുള്ള ഹിന്ദു സ്വാമിമാരെ മൊത്തം കൈകാര്യം ചെയ്ത കമ്മ്യൂണിസ്റ്റുകാർ എല്ലാ തെളിവുകളും ലഭിച്ചിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ മടിച്ചു നിൽക്കുന്നതെന്താണ്? പോലീസിനെക്കൊണ്ട് സഖാക്കൾ പറയിയ്ക്കുന്നത് പോലെ എന്ത് സാമൂഹിക പ്രത്യാഘാതമാണ് വരാൻ പോകുന്നത്? 9. അഭിമന്യു കേസിൽ UAPA ചുമതുന്നതു സിപിഎം എതിർത്തത് എന്ത് കൊണ്ടാണ്? ആരെ സുഖിപ്പിക്കാനാണ്?

ഈ ചോദ്യങ്ങൾ സ്വയം ചോദിച്ചു നോക്കി നിങ്ങൾക്ക് ഉത്തരം കിട്ടുന്നില്ലെങ്കിൽ മനസിലാക്കുക. നിങ്ങൾ കപട മതേതരത്വത്തിന്റെ പേരിൽ കബളിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതാണ് ഫുൾ ചോദ്യം. ഇനി ഓരോന്നിനായി ഉത്തരം.

1. പ്രവാചകനെ അവഹേളിച്ചു എന്നും പറഞ്ഞു മാതൃഭുമി പത്രത്തിന് എതിരെ രൂക്ഷ പ്രതിഷേധമുണ്ടായി. അന്ന് സിപിഎം ന്റെ നിലപാട് എന്തായിരുന്നു? മാതൃഭൂമിക്ക് സപ്പോർട്ടുമായി സിപിഎം വന്നിരുന്നോ? ഇല്ലെങ്കിൽ എന്തായിരിക്കും കാരണം? ഉത്തരം: വാർത്ത വന്ന് പിറ്റേ ദിവസം മാതൃഭൂമി മാപ്പ് പറഞ്ഞു. പത്രങ്ങൾ സ്ഥിരം അത് ചെയ്യാറുള്ളതുമാണ്. പ്രശ്നം അവിടെ തീർന്നു. അത് മീശ പോലെ ഒരു നോവലോ പർദ്ദ പോലെ ഒരു കവിതയോ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് പോലെ ഒരു നാടകമോ അല്ല. പത്രത്തിൽ വന്ന ഒരു വാർത്ത ആണ്. എം എം ബഷീറിന്റെ രാമായണ പംക്തി സംഘികളുടെ ഭീഷണി കാരണം നിർത്തി വച്ചത് ഓർക്കുക. ശ്രീനാരായണ ഗുരുവിന്റെ തല മോശമായ രീതിയിൽ മുഖചിത്രമാക്കി അച്ചടിച്ച ഭാഷാപോഷിണി മനോരമയുടെ എല്ലാ എഡിഷനിലും മാപ്പ് ഇരന്നിരുന്നതോർക്കുക.

അന്ത്യ അത്താഴത്തിന്റെ ചിത്രം കവർ ആയി വന്നപ്പോൾ ആ ലക്കം മാസിക തന്നെ അവർ പിൻവലിച്ചിരുന്നതോർക്കുക . ടോം വട്ടക്കുഴി എന്ന ചിത്രകാരനോ ഗുരുവിന്റെ മുഖം രൂപകൽപന ചെയ്ത റിയാസ് കോമുവോ ഒരു ഭീഷണിയും നേരിട്ടില്ല. പ്രവാചകനെ അവഹേളിച്ച് വാർത്ത എഴുതിയ റിപ്പോർട്ടർക്ക് ഹരീഷിന് സംഘികളിൽ നിന്നുണ്ടായ മാതിരി ഒരാക്രമണവും നേരിടേണ്ടിയും വന്നിട്ടില്ല. ഒരു ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന സർഗ സൃഷ്ടിയായ നോവലിനെയും പത്രത്തിൽ വന്ന ഒരു കുറിപ്പിനെയും സമീകരിച്ച് കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവരുടെ ദുഷ്ടലാക്ക് പ്രത്യേകം പറയേണ്ടതില്ലല്ലോ.

2. MF ഹുസൈൻ സരസ്വതി ദേവിയെ നഗ്നയായി വരച്ചപ്പോൾ സിപിഎം ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നുവോ? ഉണ്ടെങ്കിൽ എന്തായിരിക്കാം അതിനുള്ള കാരണം? ആരാണതിന് മുന്നിൽ നിന്നത് ? മുന്നിൽ നിന്ന അന്നതെ വിദ്യാഭ്യാസമന്ത്രി ഒരു സഭ പോറ്റി വളർത്തുന്ന മതേതര ബേബിയാണെന്നറിയാമോ?

സിപിഎം എന്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണം. സംഘികൾക്ക് ചരിത്ര ബോധം ഇല്ലാത്തതിന് സിപിഎം എന്തു വേണം. ദുർഗ ദേവിയുടെയും സരസ്വതി ദേവിയുടെയും ചിത്രം ഹുസൈൻ വരച്ചത് 1970 ലാണ്. ആ ചിത്രങ്ങൾ 1996 ൽ സംഘികളുടെ ഒരു മാഗസിൻ വിവാദമാക്കുന്നതിന് മുൻപ് ആയിരക്കണക്കിന് ഇടത്ത് ഇത് പ്രദർശിപ്പിച്ചിരുന്നു. മോഡേൺ ആർട് എന്ന നിലയിൽ ഇന്ത്യൻ മിത്തോളജി സീരിസിൽ വരച്ചവയായിരുന്നു അവ. അങ്ങനെയെങ്കിൽ ഖജുരാഹോ സംഘികൾ ബോംബിട്ട് തകർക്കുമോ..? ഹിന്ദു ദൈവങ്ങളുടെ നഗ്ന ചിത്രങ്ങളെ മുഴുവൻ ഇന്ത്യൻ ശില്പ- ചിത്ര കലയുടെ നീക്കിയിരുപ്പുകളിൽ നിന്ന് മായിച്ചു കളയുമോ..? ഹുസൈനെ വിമർശിച്ച് ഇന്ത്യയിൽ നിന്നും ആട്ടിപ്പായിച്ച സംഘ രാഷ്ട്രീയത്തെ സിപിഎം മാത്രമല്ല കോൺഗ്രസ്‌ ഉൾപ്പെടെ മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളും എതിർത്തിട്ടുണ്ട്.

ഖത്തർ പൗരത്വവുമായിട്ടാണ് അദ്ദേഹം മരണപ്പെടുന്നത്. മരണശേഷം അദ്ദേഹത്തിന്റെ ഖബറിടം ഇന്ത്യയിൽ ഒരുക്കാൻ തയ്യാറാണെന്ന് അന്നത്തെ കോൺഗ്രസ്‌ ഗവണ്മെന്റ് അദ്ദേഹത്തിന്റെ മക്കളെ അറിയിച്ചെങ്കിലും അവർ വിസമ്മതിക്കുകയും, അദ്ദേഹം ദീർഘ കാലം ജീവിച്ച ലണ്ടനിൽ ഖബറടക്കുകയും ചെയ്തു. ഹുസൈൻ ഇന്ത്യ കണ്ട ഏറ്റവും വലിയ ചിത്രകാരനും സിനിമ സംവിധായകനും ആണെന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടോ. ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ബെയർ നേടിയ സംവിധായകനാണ്. 1971 ലെ സാവോ പോളോ ബിനാലെയിൽ പാബ്ലോ പിക്കാസോയോടൊപ്പം മുഖ്യാതിഥി ആയി ആദരിക്കപ്പെട്ട ആളാണ്. ലോകം മുഴുവൻ ആരാധനയോടെ നോക്കിയ ആളാണ്. അദ്ദേഹത്തിന് കേരളം പുരസ്‌കാരം കൊടുക്കുന്നതിൽ എന്താണ് കുഴപ്പം..?

സഖാവ് എം എ ബേബി സഭയുടെ കുഞ്ഞാടാണെന്നു പറയാൻ ചില്ലറ വിവരക്കേട് പോരാതെ വരും. കുമ്മനം രാജശേഖരനെ പോലെ അരമനകൾ സന്ദർശിച്ചിക്കുന്ന ആളല്ല ബേബി. കേരളത്തിലെ സഭകളെയുൾപ്പെടെ എല്ലാ മത സ്ഥാപനങ്ങളെയും വിമർശനപരമായി സമീപിക്കുന്ന ആളാണ്. ഒരു ദൈവ സ്ഥാപനത്തിന്റെയും ഒത്താശ അദ്ദേഹത്തിനില്ല. രൂപ താ എന്ന് വിളിച്ചതൊക്കെ ഓർക്കുക. കൊല്ലത്തു മത്സരിച്ചപ്പോൾ ക്രിസ്ത്യൻ സഭകൾ അദ്ദേഹത്തെ പരാജയപെടുത്താൻ എത്ര മാത്രം ശ്രമിച്ചു എന്നു കൂടി ഓർത്തു നോക്കുക.

3. സനൽ ഇടമറുക് എന്ന യുക്തിവാദി പള്ളിയിലെ വിശ്വാസ ചൂഷണം കണ്ടു പിടിച്ചു. നാട്ടുകാരെ അറിയിച്ചു. അദ്ദേഹത്തിന് എതിരെ വ്യാപക ഭീഷണി. കേസുകൾ. അപ്പോൾ സിപിഎം അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നുവോ? ഇല്ലെങ്കിൽ എന്തായിരിക്കും കാരണം?

സനൽ ഇടമറുകിന് ഇന്ത്യയിൽ വരാം. അദ്ദേഹത്തെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. ക്രിസ്ത്യൻ സഭകൾ അദ്ദേഹത്തിനെതിരെ കേസ് കൊടുത്തു. അതിനു ശേഷം അദ്ദേഹം താമസം ഇന്ത്യയിൽ നിന്ന് മാറ്റി എന്നു കേൾക്കുന്നു. ഒരു ചെറിയ കേസ് പേടിച്ച് അദ്ദേഹം പോയത് എന്തിനാണെന്ന് ആർക്കും മനസ്സിലായിട്ടില്ല. കോടതി വരാന്തയിൽ തന്നെ തള്ളിപ്പോകുന്ന ഒരു പരാതി കൊണ്ടാണ് അദ്ദേഹം ഡൽഹി വിട്ടതെങ്കിൽ അദ്ദേഹം ഇന്ത്യൻ ജുഡീഷ്യറിയെ ശരിയായി മനസ്സിലാക്കിയിട്ടില്ല എന്നേ പറയാൻ പറ്റൂ. മാത്രവുമല്ല ഡൽഹിയിൽ ജീവിക്കുന്ന സനൽ ഇടമറുകിന്റെ വിഷയം എന്തേ ബിജെപി ഏറ്റെടുത്തില്ല..? സത്യം ഇതാണ്. സനൽ ഇവിടം വിട്ട് മാസങ്ങൾ കഴിഞ്ഞാണ് താൻ ക്രിസ്ത്യൻ സമൂഹത്തിൽ നിന്ന് എതിർപ്പുകൾ നേരിടുന്നുണ്ട് എന്നും താൻ ഇന്ത്യ വിടുകയാണെന്നും അദ്ദേഹം തന്നെ പുറത്തു പറയുന്നത്.

രസകരമായ കാര്യം, സനലിനേക്കാൾ പത്തിരട്ടി പൗരോഹിത്യത്തെ വിമർശിച്ച ജോസഫ് പുലിക്കുന്നേലും തിരുവസ്ത്രം വലിച്ചെറിഞ്ഞ സിസ്റ്റർ ജെസ്മിയും സഭയോട് പോരടിക്കുന്ന ജോമോൻ പുത്തെൻപുരക്കലും ഇന്ദുലേഖ ജോസഫും സുഖമായി വാഴുന്ന നാടാണ് കേരളം. സനലിന് നല്ല സുന്ദരമായി സഭകളെ വിമർശിച്ച് ഇവിടെ ജീവിക്കാമായിരുന്നു. അദ്ദേഹത്തിന് ഇനിയും കേരളത്തിൽ വരാം. സനൽ സ്വയം ഇര വേഷം കെട്ടുന്നതിനും പഴി സിപിഎമ്മിന്.

4. എല്ലാവരെയും ജാതിയും മതവും നോക്കാതെ ഒരു പോലെ കാണുക എന്നത് ഒരു കംമ്യൂനിസ്റ്റ്‌ ആശയമല്ലേ? എന്നിട്ടും നിങ്ങൾ ആരെ സുഖിപ്പിക്കാൻ വേണ്ടിയാണ് ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത്?
ആരാണ് ഏകീകൃത സിവിൽ കോഡിനെ എതിർത്തത്. ഈ ആശയത്തിനു വേണ്ടി ഇന്ത്യയിൽ ശക്തമായി നിലകൊണ്ട ഇ.എം.എസ് ഏതു പാർട്ടി ആയിരുന്നു. ഇവിടെ ഇപ്പോൾ നടപ്പിലാക്കാൻ പോകുന്ന വിധത്തിലുള്ള യൂണിഫോം സിവിൽ കോഡ് സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കാൻ വേണ്ടി സൃഷിച്ചതാണ് . ആ രാഷ്ട്രീയ ലക്ഷ്യത്തെ ചെറുക്കാൻ സിപിഎം മുന്നിൽ ഉണ്ടാകും. ഇന്ത്യയിലെ ഏതാണ്ടെല്ലാ രാഷ്ട്രീയ കക്ഷികളും ഈ കുൽസിത രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിയുന്നുണ്ട്.

5. ഹരീഷിന്റെ മീശയ്ക്ക് ലഭിച്ച സിപിഎം ഐക്യദാർഢ്യം (മരിയൻ അലക്സാണ്ടർ ബേബി അഥവാ MA ബേബി, മറ്റ് പ്രമുഖ സഖാക്കൾ…) പവിത്രൻ തീക്കുനിയുടെ പർദ്ദയ്ക്ക് ലഭിക്കാതെ പോയത് എന്ത് കൊണ്ടാണ്? ആരു പറഞ്ഞു ഐക്യദാർഢ്യം ഉണ്ടായില്ലെന്ന്. പവിത്രൻ കവിത ഫേസ്ബുക്കിൽ ആണ് പ്രസിദ്ധീകരിച്ചത്. കമന്റ്‌ വഴി തെറി വിളി വന്നപ്പോൾ അദ്ദേഹം പിൻവലിച്ചു. ഹരീഷ് കേരളത്തിലെ ഏറ്റവും പോപ്പുലർ ആയ ആഴ്ചപ്പതിപ്പിലാണ് തന്റെ നോവൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. അയാളെയും കുടുംബത്തെയും വ്യക്തിപരമായി ആക്ഷേപിക്കാൻ സംഘികൾ തയ്യാറായി. അയാൾ ഒരു ഘട്ടത്തിൽ നോവൽ പിൻവലിച്ചു. എട്ടു വരിയുള്ള പവിത്രന്റെ കവിത കേരളം മുഴുവൻ ഷെയർ ചെയ്ത് അയാളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് പോലെ ഹരീഷിനോടും കേരളം ഐക്യപ്പെട്ടു. പർദ്ദയും ഡിസി ബുക്സ് പുസ്തകമായി ഇറക്കിയിരുന്നു. സംഘികൾക്ക് ഡിസിയിൽ പോയി വാങ്ങി വായിക്കാവുന്നതാണ്. ഇസ്ലാമിസ്ററ് സന്ഘികൾ പക്ഷേ പുസ്തകം കത്തിക്കാൻ ഒന്നും പോയില്ല.

6. കയ്യേറിയ സ്ഥലത്തു നാട്ടിയ കുരിശു ഉദ്യോഗസ്ഥർ പിഴുതു താഴെ ഇട്ടപ്പോൾ ക്രിസ്ത്യാനികൾ പോലും പ്രതികരിച്ചിരുന്നില്ല. ഉത്തരവാദിത്വപ്പെട്ട ഭരണഘടനാസ്ഥാനം വഹിയ്ക്കുന്ന കമ്മ്യൂണിസ്റ്റുകാർ കയ്യേറ്റക്കാർക്കു വേണ്ടി രൂക്ഷമായി പ്രതികരിച്ചു. എന്തായിരിക്കും കാരണം?
കുരിശു നീക്കം ചെയ്തതിനെയല്ല മറിച്ച് അതു ചെയ്ത രീതിയെ ആണ് എതിർത്തത്. ഒരാൾ സ്ഥലം കയ്യേറി കൃഷ്ണന്റെ ഒരു വലിയ പ്രതിമ സ്ഥാപിക്കുന്നു. സ്ഥലം സർക്കാർ ഏറ്റെടുക്കുമ്പോൾ ചാനലുകളുടെ മുന്നിലിട്ട് ആ പ്രതിമയുടെ മുഖം അടിച്ചു പൊട്ടിക്കേണ്ട കാര്യം ഉണ്ടോ…? സ്ഥലം സീൽ ചെയ്ത് അതിലെ നിർമ്മാണം ഓരോന്നായി ഒഴിവാക്കിയാൽ മതി. സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാൽ കുരിശും സർക്കാരിന്റേതാണ്. ലോകത്താകെയുള്ള ക്രിസ്ത്യാനികൾ ആരാധിക്കുന്ന ഒരു ചിഹ്നത്തെ അടിച്ചും ഒടിച്ചും ചാനലുകളുടെ കയ്യടിക്കു വേണ്ടി ഉപയോഗിക്കരുത് എന്നാണ് പറഞ്ഞത്. അത് ശരിയുമാണ്.

7. ഹാദിയ വിഷയത്തിൽ NIA അന്വേഷണം വേണ്ട എന്ന് സിപിഎം വാശി പിടിച്ചത് ആരെ സുഖിപ്പിക്കാൻ വേണ്ടി ആയിരുന്നു? പച്ചക്കള്ളം പറയുക സംഘി തീവ്രവാദികളുടെ ഒരു രീതിയാണ്. ഹദിയ വിഷയത്തിൽ സുപ്രീം കോടതി സന്ഘികളെ കണ്ടം വഴി ഓടിച്ചതൊന്നും അവർ അറിഞ്ഞിട്ടില്ല. NIA യെക്കാൾ വലുതാണോ സംഘികൾക്ക് CBI..?

8. സന്തോഷ് മാധവൻ എന്ന കള്ളൻറെ പേരിൽ നാട്ടിലുള്ള ഹിന്ദു സ്വാമിമാരെ മൊത്തം കൈകാര്യം ചെയ്ത കമ്മ്യൂണിസ്റ്റുകാർ എല്ലാ തെളിവുകളും ലഭിച്ചിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ മടിച്ചു നിൽക്കുന്നതെന്താണ്? പോലീസിനെക്കൊണ്ട് സഖാക്കൾ പറയിയ്ക്കുന്നത് പോലെ എന്ത് സാമൂഹിക പ്രത്യാഘാതമാണ് വരാൻ പോകുന്നത്?

ബിഷപ്പ് പഞ്ചാബിൽ ജീവിക്കുന്ന ആളാണ്. അവിടുത്തെ പോലീസിന്റെയും ഗവണ്മെന്റിന്റെയും അനുമതിയോടെ ഉടൻ അത് ചെയ്യും എന്ന് അവർക്കറിയാം. ദിലീപിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ധൈര്യം ഇല്ല എന്നു പറഞ്ഞതു പോലെയേ ഉള്ളൂ. പോലീസ് തെളിവുകൾ ശേഖരിച്ചു കഴിഞ്ഞാൽ നടപടികളിലേക്ക് കടന്നു കൊള്ളും. അത് പറഞ്ഞ് വെറുതെ ഒന്ന് കുളം കലക്കുന്നു. അത്രേ ഉള്ളൂ.

9. അഭിമന്യു കേസിൽ UAPA ചുമത്തുന്നതു സിപിഎം എതിർത്തത് എന്ത് കൊണ്ടാണ്? ആരെ സുഖിപ്പിക്കാനാണ്?
അഭിമന്യു കേസിന്റെ ചാർജ് ഷീറ്റ് കോടതിക്ക് കൊടുക്കുന്നതിനു മുൻപു തന്നെ UAPA ചുമത്തില്ല എന്നാരു പറഞ്ഞു? അനാവശ്യമായി ആളുകൾക്കെതിരെ UAPA ചുമത്തരുത് എന്നതാണ് പാർട്ടി നയം. UDF കാലത്ത് അനാവശ്യമായി ചുമത്തിയ നൂറു കണക്കിന് ചാർജുകൾ എടുത്തു കളഞ്ഞ സർക്കാരാണിത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ വകുപ്പുകൾ ഇടും എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിന്റെ മതേതര ജീവിതത്തെ നുണകൾ കൊണ്ടസ്വസ്ഥമാക്കുന്ന ഹിന്ദു മൗലിക വാദികൾ സിപിഎമ്മിനെ ഹിന്ദു വിരുദ്ധർ എന്നും ജിഹാദി മാർക്സിസ്റ്റുകൾ എന്നും വിളിക്കുമ്പോൾ ഇതേ നാണയത്തിൽ നുണ പ്രചാരണം നടത്തുന്ന മുസ്ലിം മൗലിക വാദികൾക്ക് സിപിഎം മുസ്ലിം വിരുദ്ധമായ മൃദു ഹിന്ദു പാർട്ടിയാണ്. ഈ പാർട്ടിയുടെ മതേതര ഉള്ളടക്കത്തെ തകർക്കാതെ തങ്ങളുടെ വർഗീയ അജണ്ട ഇവിടെ നടപ്പാക്കാൻ കഴിയില്ല എന്ന ബോധ്യം അവർക്കുണ്ട്. അതിനു വേണ്ടി നുണകൾ അവർ നിർമ്മിച്ചു കൊണ്ടേയിരിക്കുന്നു. കുറച്ച് ഇടതുപക്ഷക്കാരും ഈ പ്രചാരവേളകളിൽ പെട്ട് താൽക്കാലികമായെങ്കിലും സംശയാലുക്കളാകുന്നു എന്ന് മനസിലാക്കുന്നു. നുണകൾ പറയാൻ അവർ ഉള്ളിടത്തോളം കാലം അതിനെ ചെറുക്കാൻ ജാഗ്രതയോടെ നമ്മളും നിലയുറപ്പിക്കേണ്ടതുണ്ട്. ധ്വജപ്രണാമം!

Click Here to Read Facebook Post

[yuzo_related]

CommentsRelated Articles & Comments