മലയാളം ഇ മാഗസിൻ.കോം

അലൂമിനിയം പട്ടേൽ എന്ന പ്രയോഗത്തിനു പിന്നിൽ ഒരു കഥയുണ്ട്‌, ഒരു സൃഷ്ടാവുണ്ട്

അലൂമിനിയം പട്ടേല്‍ എന്ന പ്രയോഗം കേരളം കേട്ടത് കെ മുരളീധരനിൽ നിന്നാണ്. കേരളത്തിലെ ഗ്രൂപ്പ് വഴക്കുകളിൽ ഹൈക്കമാൻഡിന്റെ ആളായി വന്ന് കരുണാകരന് സ്ഥിരം പണി കൊടുത്ത് കൊണ്ടിരുന്ന അഹമ്മദ് പട്ടേൽ ഇപ്പോഴും മലയാളികളിൽ പലർക്കും അലൂമിനിയം പട്ടേൽ ആണ്.

എന്നാല്‍ ആ പ്രയോഗത്തിനു പിന്നില്‍ ഒരു കഥയുണ്ട്. ആ പ്രയോഗത്തിന് ഒരു സൃഷ്ടാവുണ്ട്. അത് പി കെ അനില്‍കുമാർ ആണ്.

SFI യുടെ പഴയ നേതാവും കേരളത്തിന്റെ കാമ്പസുകൾ സൃഷ്ടിച്ച എക്കാലത്തെയും മികച്ച പ്രഭാഷകരിലൊരാളും കൊല്ലം മൈനാഗപ്പള്ളി സ്വദേശിയുമായ പി കെ അനില്‍കുമാർ.

കുറച്ചു കാലം അനില്‍ കരുണാകരൻ ഗ്രൂപ്പുകാർ നടത്തിയിരുന്ന വൃത്താന്തം പത്രത്തില്‍ ജോലി ചെയ്തിരുന്നു. കാലഘട്ടം 2004-05. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് കത്തിക്കാളി നിൽക്കുന്ന കാലം.

അക്കാലത്ത് കരുണാകരന്റെ കവടിയാറുള്ള വസതിയിൽ നടന്ന ഒരു ഇഫ്താർ വിരുന്നിലെ സുഹൃത് സദസ്സിൽ അഹമ്മദ് പട്ടേലിനെക്കുറിച്ച് നടന്ന ഒരു ചർച്ചയിലാണ് അനില്‍ ഈ പ്രയോഗം നടത്തുന്നത്. സർദാർ വല്ലഭായി പട്ടേൽ ഉരുക്ക് പട്ടേൽ എങ്കില്‍ അഹമ്മദ് പട്ടേൽ അലൂമിനിയം പട്ടേൽ എന്ന്. കേട്ടു കൊണ്ടു നിന്ന കെ മുരളീധരന് ഇത് വല്ലാതെ ബോധിച്ചു.

അന്ന് വൈകീട്ട് നടന്ന ഒരു പൊതുയോഗത്തിൽ മുരളീധരൻ ഇത് പ്രയോഗിച്ചു. സംഗതി വൻ ഹിറ്റായി. കെ മുരളീധരന്റെ ഹിറ്റ് പ്രയോഗങ്ങളായ ഫിയറ്റ് കാർ പാര്‍ടി, അവശിഷ്ട കോണ്‍ഗ്രസ്, മദാമ്മാ കോണ്‍ഗ്രസ് തുടങ്ങിയവയേക്കാൾ അലൂമിനിയം പട്ടേൽ വിളി സൂപ്പര്‍ ഹിറ്റായി. ദേശീയ മാധ്യമങ്ങള്‍ വരെ അത് ആഘോഷിച്ചു.

എന്നാല്‍ അടുത്ത സുഹൃത്തുക്കളോട് മാത്രമേ ഇത് തന്റെ പ്രയോഗം ആണെന്ന് അനില്‍ പറഞ്ഞുള്ളൂ. പുറത്ത് പറയരുതെന്ന് അവരോട് ശട്ടം കെട്ടുകയും ചെയ്തു. വർഷങ്ങൾ കഴിഞ്ഞ് 2014 ലോ മറ്റോ ആണ് അനിലിന്റെ പുസ്തകം \”പ്രഭാഷണകലയിലെ വചന വഴികൾ\” പ്രകാശനം ചെയ്യപ്പെടുന്നത്. കെ എൻ ബാലഗോപാൽ പ്രകാശനവും പി സി വിഷ്ണു നാഥ് സ്വീകാരവും. ബാലഗോപാൽ സഖാവ് അലൂമിനിയം കഥ എങ്ങനെയോ അറിഞ്ഞിരുന്നു.

ആ വേദിയില്‍ വച്ച് ബാലഗോപാൽ സഖാവ് ഇത് പ്രസംഗത്തിൽ സൂചിപ്പിച്ചു. അലൂമിനിയം പട്ടേൽ എന്ന പ്രയോഗത്തിന്റെ സ്രഷ്ടാവിന്റെ പുസ്തകം ആണ് ഇവിടെ പ്രകാശനം ചെയ്യുന്നത് എന്ന്. സദസ് ഇത് കരഘോഷങ്ങളോടെ സ്വീകരിച്ചു. എന്നാല്‍ സദസിനെ ഞെട്ടിച്ചത് തുടര്‍ന്ന് സംസാരിച്ച പി സി വിഷ്ണുനാഥ് ആണ്.

വിഷ്ണുനാഥ് പ്രസംഗം തുടങ്ങിയത് തന്നെ ഒരു അറിയിപ്പുമായായിരുന്നു. KSU വിന്റെ പ്രസിഡന്റ് ആയിരുന്ന കാലത്ത് കലാശാലയിൽ തന്റെ പേരില്‍ വന്ന ലേഖനങ്ങളുടെയെല്ലാം കർത്താവിന്റെ പേര് പി കെ അനില്‍കുമാർ എന്നു മുൻകാല പ്രാബല്യത്തോടെ തിരുത്തി വായിക്കണം എന്ന് അപേക്ഷിച്ചു. അനില്‍കുമാറിലെ ഗോസ്റ്റെഴുത്തുകാരന് മോക്ഷം കിട്ടി. ലേഖന ശിലകൾ പലതും അഹല്യയായി.

മറ്റൊരു പഴയ കഥ കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ഡിഗ്രി പഠനം കഴിഞ്ഞ് ചെറിയ ഒരു ഗ്യാപ് എടുത്ത് കൊല്ലം SN കോളേജില്‍ MA മലയാളം കോഴ്സിന് അനില്‍കുമാർ അപേക്ഷിച്ചു നിൽക്കുന്ന കാലം.

ഒരു തരത്തിലും പ്രിൻസിപ്പൽ അദ്ദേഹത്തിന് അഡ്മിഷൻ കൊടുക്കില്ല. മാനേജ്മെന്റിനെ സമീപിച്ചപ്പോൾ വലിയ തുക ചോദിക്കുകയും ചെയ്തു. ആയിടയ്ക്കാണ് K N P കുറുപ്പിന്റെ പത്രാധിപത്യത്തിൽ ഇറങ്ങിക്കൊണ്ടിരുന്ന കേരള രാജ്യം സായാഹ്ന പത്രത്തില്‍ \”നിലവിളികളേറ്റു വാങ്ങുന്ന SNDP യോഗം\” എന്ന പേരില്‍ ഒരു ലേഖനം അനില്‍കുമാർ എഴുതുന്നത്. SNDPയിൽ ഗ്രൂപ്പ് കത്തി നിൽക്കുന്ന കാലമാണ്. ഈ ലേഖനത്തിന്റെ ഒരു കോപ്പിയുമായാണ് കുറുപ്പ് സാറിനൊപ്പം വെള്ളാപ്പള്ളിയെ കണ്ട് എംഎക്ക് ഒരു സീറ്റ് ചോദിക്കാന്‍ അനില്‍ പോകുന്നത്. തന്നെക്കുറിച്ചും നല്ല വിമർശനമുള്ള
ലേഖനം അദ്ദേഹം വായിക്കുകയും ലേഖനം ഇഷ്ടപ്പെട്ട് അപ്പോള്‍ തന്നെ പ്രിൻസിപ്പലിനെ വിളിച്ച് അയാള്‍ക്ക് ഒരു രൂപ പോലും വാങ്ങാതെ അഡ്മിഷൻ കൊടുക്കണം എന്ന് പറയുകയും ചെയ്തു എന്നൊരു കഥയും കൊല്ലത്ത് കേട്ടിട്ടുണ്ട്.

(അനില്‍കുമാറിനുള്ളത് അനില്‍കുമാറിനും സീസറിനുള്ളത് സീസറിനും എന്ന ഉത്തമ താത്പര്യാർത്ഥം അലൂമിനിയം വിഷയത്തില്‍ അദ്ദേഹത്തിന്റെ അനുമതി വാങ്ങി പ്രസിദ്ധീകരിക്കുന്നത്)

നൃപൺ ദാസ്‌

Avatar

Staff Reporter