മലയാളം ഇ മാഗസിൻ.കോം

തിരുക്കുവളൈ മുത്തുവേൽ കരുണാനിധി (തി.മു.ക)യും തിരാവിട മുന്നേറ്റ കഴകവും (തി.മു.ക) രണ്ടല്ല, ഒന്നാണ്!

ഡി എം കെയുടെ ആദ്യ രൂപമായ ദ്രാവിഡ കഴകത്തിന്റെ കൊടിയുടെ നിറം കറുത്ത ചതുരത്തിൽ ചുവപ്പു വൃത്തം ആയിരുന്നു. പതാകയിലെ കറുത്ത നിറം പേനകൊണ്ട് വരച്ചത്തിനു ശേഷം കരുണാനിധി സ്വന്തം കൈവിരൽ മുറിച്ച് ചോര ഇറ്റിച്ചാണ് ചുവന്ന വൃത്തം നടുവിൽ പതിച്ചത് എന്നൊരു കഥയുണ്ട്.

\"\"

1919 ൽ മലയാളിയായ ടി എം നായർ ആണ് തമിഴ്നാട്ടിലെ ബ്രാഹ്മണാധിപത്യത്തിനെതിരെ പോരാടാനായി ജസ്റ്റിസ് പാർട്ടി രൂപീകരിക്കുന്നത്. പെരിയാർ എന്നു വിളിപ്പെട്ട ഇ വി രാമസ്വാമി നായ്ക്കരാണ് നായരുടെ മരണ ശേഷം ജസ്റ്റിസ് പാർട്ടിയെ ഏറ്റെടുക്കുന്നത്. കൊടിയ ജാതീയതക്കും ബ്രാഹ്മണ പ്രമത്തതയ്ക്കുമെതിരെയുള്ള പെരിയാരുടെ സ്വാഭിമാന മുന്നേറ്റത്തിന് ( self respect movement) ജസ്റ്റിസ് പാർട്ടി നേതൃത്വം നൽകി. ബ്രാഹ്‌മണനെയും പാമ്പിനെയും കണ്ടാൽ ആദ്യം ബ്രാഹ്‌മണനെ തല്ലിക്കൊല്ലണമെന്ന് പെരിയാർ ആഹ്വാനം ചെയ്തു.

1944 ൽ ജസ്റ്റിസ് പാർട്ടി ദ്രാവിഡ കഴകം ആയി മാറി. പെരിയാറിന്റെ ഇടവും വലവും നിന്ന് അണ്ണാദുരൈയും കരുണാനിധിയും ദ്രാവിഡ കഴകത്തെ നയിച്ചു. ഒടുവിൽ അണ്ണാദുരൈ പെരിയാറിനോട് പിരിഞ്ഞ് 1949 ൽ ദ്രാവിഡ മുന്നേറ്റ കഴകം ഉണ്ടാക്കിയപ്പോൾ കരുണാനിധിയായിരുന്നു പടനായകൻ. കരുണാനിധിയുടെ തോളിൽ കാലുറപ്പിച്ചാണ് അണ്ണാദുരൈ തമിഴ്നാടിന്റെ നായകനായത്. അണ്ണായുടെ കാല ശേഷം കലൈഞ്ജർ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഛത്രാധിപതിയായി. പിന്നീടിങ്ങോട്ട് അൻപതു വർഷം ഡിഎംകെയുടെ അമരക്കാരൻ.

\"\"

ഹിന്ദി വിരുദ്ധ പ്രക്ഷോഭം തമിഴ്നാടിനെ ചൂടുപിടിപ്പിച്ച കാലത്ത് പ്രതിഷേധത്തിന്റെ ഭാഗമായി പാളത്തിൽ തല വച്ച് ട്രെയിൻ തടയാൻ കിടന്ന കരുണാനിധിയും കൂട്ടരും ഹോൺ മുഴക്കി ട്രെയിൻ വരുന്നത് കണ്ടിട്ടും അനങ്ങിയില്ല. കരുണാനിധി കിടക്കുന്നതിന് ഏതാനും മീറ്റർ അകലെ ട്രെയിൻ നിർത്താൻ ഡ്രൈവർക്ക് കഴിഞ്ഞില്ലായിരുന്നെങ്കിൽ മുത്തുവേൽ കരുണാനിധി അന്നവസാനിക്കുമായിരുന്നു. ധീരതയായിരുന്നു മുത്തുവേൽ കരുണാനിധിയുടെ ജീവിത മൂലധനം.

പെരിയാറിന്റെ കുടിയരശ് പത്രത്തിൽ ഒരു ജോലി തേടി വന്ന 16 കാരനായ ബാലന്റെ തോൾ സഞ്ചിയിൽ ആകെയുണ്ടായിരുന്നത്‌ താനെഴുതിയ ഒരു നാടകത്തിന്റെ തിരക്കഥ ആയിരുന്നു. അണ്ണാദുരൈയെ കണ്ടത് അവിടെ വെച്ചാണ്. പിന്നീടുള്ള അവരുടെ സൗഹൃദം തമിഴ്നാട് രാഷ്ട്രീയത്തിന്റെ ചരിത്രം തന്നെയാണ്. അവരിരുവരുടെയും മറ്റൊരു ചങ്ങാതി എം ജി ആർ എന്ന പുരട്ചി തലൈവൻ, എം ജി ആറിന്റെ ഇദയക്കനി ജയലളിത എന്നിവരുടെ കഥകൾ കൂടി ചേരുമ്പോൾ അത് മുക്കാൽ നൂറ്റാണ്ടു കാലത്തെ തമിഴ് രാഷ്ട്രീയത്തിന്റെ ചരിത്രം ആകും.

\"\"

പുരോഗമനാശയങ്ങളുടെ പ്രചാരകൻ , ഉല്പതിഷ്ണുവായ സാമൂഹ്യ പരിഷ്‌കർത്താവ്, സർഗപ്രതിഭയായ കവി, തികവുറ്റ നോവലിസ്റ്റ്, പ്രേക്ഷകരുടെ മനം തൊട്ടറിഞ്ഞ തിരക്കഥാകൃത്ത്, അസാധാരണ മികവുള്ള പ്രസംഗകൻ. കലൈഞ്ചർ കരുണാനിധി ഇതെല്ലാമായിരുന്നു. ജാതിവിരുദ്ധതയും അന്ധവിശ്വാസങ്ങൾക്കെതിരായ പോരാട്ടവും സന്ധിയില്ലാതെ അദ്ദേഹം നയിച്ചു. തമിഴ്നാട്ടിൽ സ്ത്രീകൾക്ക് കുടുംബ സ്വത്തിന്മേൽ അവകാശം നൽകുന്ന നിയമം പാസ്സാക്കിയതും കരുണാനിധിയാണ്.

അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കവിതകളായിരുന്നു. രണ്ടു വരികളിൽ കോർത്ത്‌ വെക്കുന്ന ആശയങ്ങളുടെ മധുരവും മൂർച്ചയും കലൈജ്ഞരെ കേൾവിക്കാരുടെ പ്രിയങ്കരനാക്കി. ദീർഘകാലത്തെ പിണക്കത്തിനു ശേഷം കോൺഗ്രസ്‌ അധ്യക്ഷ ഇന്ദിര ഗാന്ധി ഡിഎംകെയുമായി സഖ്യം ചേരാനെത്തുന്നു. ജനലക്ഷങ്ങൾ മറീന ബീച്ചിൽ തടിച്ചു കൂടിയിരിക്കുന്നു. ഇന്ദിര ആരവങ്ങൾക്കിടയിലൂടെ വേദിയിലേക്ക് കടന്നു വരുമ്പോൾ സ്വാഗത പ്രസംഗികനായ കരുണാനിധി പറയുന്നു.

\”നേറുവിൻ മകളേ വരിക.
നിലൈയാന ആട്ചി തരിക.\”

( നെഹ്രുവിന്റെ മകളേ വരിക
സുസ്ഥിരമായ ഭരണം തരിക)

\"\"

കലൈഞ്ജരുടെ വാക്കുകളെ കവിതയിൽ നിന്നു വേർതിരിച്ചെടുക്കുക പ്രയാസമായിരുന്നു. ഹൃദയം നിറഞ്ഞു തുളുമ്പിയ വാക്കുകളുടെ സൗന്ദര്യം കൊണ്ട് ഒരു ജനതയുടെ ഹൃദയത്തെ അദ്ദേഹം കീഴടക്കി. ഒരു ജനതയുടെ വിമോചനകാരിയായ മഹാനായ നേതാവിന്, ധീര വിപ്ലവകാരിക്ക് വീര വണക്കം.

നൃപൻദാസ്

Avatar

Staff Reporter