മലയാളം ഇ മാഗസിൻ.കോം

72 വർഷത്തെ സുവർണ്ണ പാരമ്പര്യം; മലയാളികളുടെ സ്വന്തം SBT ഇനി നൊമ്പരപ്പെടുത്തുന്ന നൊസ്റ്റാൾജിയ

മലയാളികളുടെ ബാങ്കിങ് സങ്കൽപ്പങ്ങൾ യാഥാർഥ്യമാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്ബിടി) ഓർമയാകാൻ ഇനി ഒരു പകൽകൂടി മാത്രം. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ബാങ്കായി പിറന്ന് പീന്നീട് കേരളത്തിന്റെ സ്വന്തം ബാങ്കായി മാറിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇനി ചരിത്രമാകുന്നു. ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തിന്റെ സ്വന്തം ബാങ്കായ എസ്ബിടി എസ്ബിഐയില്‍ ലയിക്കും. തുടര്‍ന്ന് എസ്ബിഐ ആയി മാറ്റപ്പെടും. മലയാളികളുടെ കാർഷിക മേഖലയുടെ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിയുടെയും നെടുംതാണായി പ്രവർത്തിച്ച എസ്ബിടിക്ക് 72 സുവർണ വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാനുണ്ട്.

തിരുവിതാംകൂർ രാജകുടുംബം 1945 ലാണ് തിരുവിതാംകൂർ കമ്പനി നിയമപരമായി റജിസ്റ്റർ ചെയ്തത്. 1946 ജനുവരി 17ന് പ്രവർത്തനം ആരംഭിച്ച പഴയ ട്രാവൻകൂർ ബാങ്ക് 1959 ലാണ് കേരളത്തിന്റെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ആകുന്നത്. പിന്നീടിങ്ങോട്ട് കേരളത്തിന്രെ പശ്ചാത്തല വികസനത്തിനും സാമൂഹിക പുരോഗതിക്കുമായി എസ്ബിടി മലയാളിക്കൊപ്പം നടന്നു.

2016 മാർച്ച് 31ലെ കണക്ക് പ്രകാരം, ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലും എസ്ബിടി തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. 1777 ശാഖകളും 1707 എടിഎമ്മുകളും എസ്ബിടിക്കുണ്ട്. 14,892 ജീവനക്കാരാണ് എസ്ബിടിയുടെ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാനുണ്ടായിരുന്നത്. 1,60,473 ലക്ഷം കോടിരൂപയുടെ നിക്ഷേപവും 67,004 കോടി രൂപയുടെ വായ്പകളും എസ്ബിടിക്കുണ്ട്. 36,123 കോടി രൂപയുടെ മൂലധനവും 338 കോടി രൂപയുടെ അറ്റാദായവും എസ്ബിടിയുടെ കൈവശമുണ്ട്. ഇതെല്ലാം ഇനി എസ്ബിഐക്ക് സ്വന്തമാകും.

പൂജപ്പുരയിലെ ആസ്ഥാന മന്ദിരം ഇനി എസ്ബിഐ കേരള സര്‍ക്കിള്‍ മന്ദിരമാകും. വാര്‍ഷിക കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നിന് ബാങ്ക് പ്രവര്‍ത്തനമില്ല. രണ്ടിന് അവധിയായതിനാല്‍ മൂന്നിന് എസ്ബിടി ബ്രാഞ്ചുകള്‍ തുറക്കുന്നത് എസ്ബിഐയുടെ പേരിലാകും. എല്ലാ പ്രശ്നങ്ങള്‍ക്കും ആഗോളമാനങ്ങള്‍ കണ്ടെത്തുകയും, എതിര്‍പ്പിന്റെ ഹിമാലയന്‍ ഉയരങ്ങള്‍ താണ്ടുകയും ചെയ്യുന്ന ശരാശരി മലയാളിയുടെ ചോദ്യം ചെയ്യല്‍ രീതി എസ്ബിടി അപ്രത്യക്ഷമാകുമ്പോള്‍ ഒരിക്കല്‍ പോലും ദൃശ്യമായതേയില്ല.

എസ്ബിടിപോയാല്‍ എസ്ബിഐയുണ്ട്. അതില്‍ നമുക്ക് എന്ത് കാര്യം? കേരളം ചിന്തിച്ചത് ഇങ്ങിനെയായിരുന്നു. കേരളത്തിന്റെ വ്യാവസായിക-സാംസ്കാരിക അന്തരീക്ഷത്തില്‍ എസ്ബിടി ചെലുത്തിയിരുന്ന സ്വാധീനം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ തിരിച്ചറിയാനോ, എസ്ബിടി-എസ്ബിഐ ലയനത്തിനെ എതിര്‍ക്കാനോ ഒന്നും മലയാളി തുനിഞ്ഞതേയില്ല എന്നത്‌ മാത്രമാണ് സത്യം. വർഷങ്ങൾ കഴിയുമ്പോൾ നമുക്ക്‌ നൊസ്റ്റാൾജിയ അയവിറക്കാം. കേരളത്തിലെ ആദ്യത്തെ ബാങ്കായ നെടുങ്ങാടി ബാങ്ക്‌ ഇപ്പോൾ പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ ആയതുപോലെ SBT എന്ന പേരിൽ നമുക്ക്‌ സ്വന്തമായി ഒരു ബാങ്കുണ്ടായിരുന്നു എന്ന് നമ്മുടെ വരും തലമുറയ്ക്ക്‌ പറഞ്ഞു കൊടുക്കാം ഇനി നമുക്ക്‌.

Reference: malayalamtodayonline.com, iemalayalam.com, anweshanam.com

Staff Reporter