മലയാളം ഇ മാഗസിൻ.കോം

ഇതുവരെയും കോവിഡിന്‌ പിടികൊടുക്കാത്ത ഒരു പഞ്ചായത്തുണ്ട്‌ നമ്മുടെ കേരളത്തിൽ

കേരളം ഉൾപ്പടെ ലോകം മുഴുവൻ മഹാമാരിയുടെ അതി കഠിനമായ അവസ്ഥയിലൂടെയാണ്‌ കടന്നു പോകുന്നത്‌. വാക്സിൻ ഉൾപ്പടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ എത്തിയെങ്കിലും കാര്യങ്ങൾ കൈവിട്ടു പൊയ്ക്കോണ്ടിരിക്കുകയാണ്‌. എത്ര കരുതൽ എടുത്താലും ചെറിയ പാളിച്ച കൊണ്ട്‌ കോവിഡ്‌ ബാധിക്കുന്നവരാണ്‌ ചിലരെങ്കിലും. കോവിഡ്‌ പിടി മുറുക്കിയിട്ടും ചില സ്ഥലങ്ങളിലെങ്കിലും കോവിഡിനെ അടുപ്പിക്കാൻ ആ നാട്ടുകാർ സമ്മതിച്ചിട്ടില്ല.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡിന്‌ ഇതുവരെയും പിടികൊടുക്കാത്ത ഒരു നാട് നമ്മുടെ കേരളത്തിലുമുണ്ട്. ഇടുക്കി ജില്ലയിലെ ഇടമലക്കുടി എന്ന ഗ്രാമം. സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്ത് കൂടിയായ ഇടമലക്കുടിയില്‍ ഇതുവരെ ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച നാള്‍ മുതല്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ഇടമലക്കുടിയിലെ ജനങ്ങള്‍.

അവശ്യ സാധനങ്ങള്‍ വാങ്ങാൻ മൂന്നാറിലേക്ക് പോകുന്നത് ഒന്നോ രണ്ടോ പേര്‍ മാത്രമാണ്. ഗ്രാമത്തിലെ എല്ലാവര്‍ക്കും വേണ്ട സാധനങ്ങള്‍ അവര്‍ വീട്ടിലെത്തിച്ചു നല്‍കുകയാണ് രീതി. 26 കുടികളിലായി 2000 പേരാണ് ഇടമലക്കുടി പഞ്ചായത്തിലുള്ളത്.

അതേസമയം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടുന്നത് സർക്കാരിന്റെ പരിഗണനയിൽ. കഴിഞ്ഞ ദിവസം 45000 ത്തിലധികം പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

29.75 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നത്തേയും നാളത്തേയും കോവിഡ് കേസുകൾ വിലയിരുത്തിയാകും ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക. ലോക്ക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിർദേശം. അതേസമയം സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കാതെ രോഗവ്യാപനം രൂക്ഷമായിടത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്. നിലവിൽ 4.32 ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

സമ്പൂർണ ലോക്ക്ഡൗൺ വൈറസ് വ്യാപനത്തെ എത്രത്തോളം പ്രതിരോധിച്ചെന്നു വരുംദിവസങ്ങളിൽ അറിയാം. ലോക്ക്ഡൗൺ പെട്ടെന്നു പിൻവലിച്ചാൽ വ്യാപനം വീണ്ടും കൂടാനിടയുണ്ട്. ലോക്ക്ഡൗൺ നീട്ടുമോ എന്നതിൽ അവസാനഘട്ടത്തിൽ മാത്രമേ തീരുമാനം ഉണ്ടാകൂവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് മേയ് 9 മുതൽ 16 വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.

Avatar

Staff Reporter