20
November, 2017
Monday
03:18 PM
banner
banner
banner

അപരിചിതനായ ആ വ്യക്തിയെ എയർപോർട്ടിൽ സമയത്ത്‌ എത്തിച്ച ആ മനുഷ്യസ്നേഹി ഇദ്ദേഹമാണ്

യാത്രമുടങ്ങുമെന്ന്‌ സങ്കടപ്പെട്ട അപരിചിതനായ ആ വ്യക്തിയെ കോഴിക്കോട്‌ എയർപോർട്ടിൽ സമയത്ത്‌ എത്തിച്ച നിതിൻ എന്ന മനുഷ്യസ്നേഹിയെപ്പറ്റി കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. എന്നാൽ അങ്ങനെയൊരു വൈറൽ പോസ്റ്റിനു വേണ്ടിയല്ല താൻ അത്‌ ചെയ്തതെന്നും തന്റെ അടുത്ത്‌ ഒരാൾ സങ്കടപ്പെട്ടിരിക്കുന്നത്‌ കണ്ട്‌ സഹിക്കാൻ കഴിയാതെയാണ് അത്തരത്തിൽ ഒരു ഉപകാരം ചെയ്തതെന്നും നിതിൻ തന്നെ വിശദീകരിക്കുന്നു.

ഞാൻ നിതിൻ, വയനാട് പനമരം സ്വദേശി, കഴിഞ്ഞ കുറച്ചു ദിവസമായി ഫേസ്‌ബുക്കിൽ വൈറൽ ആയി എന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞ ഒരു സംഭവത്തിൽ നിങ്ങൾ എന്നെ അറിഞ്ഞിരിക്കും. ഞാൻ ഫേസ്‌ബുക്കിൽ അധികം ആക്റ്റീവ് അല്ലാത്ത ആളായത് കൊണ്ട് എങ്ങനെ എഴുതണം, എന്തെഴുതണം എന്നൊന്നും എനിക്ക് അറിയില്ല.

ആ സംഭവം ഇത്ര വലിയ വാർത്ത ആവുമെന്ന് ഞാൻ കരുതിയില്ല, അങ്ങനെ ആവാൻ വേണ്ടി ചെയ്തതുമല്ല. ആരും ആ സാഹചര്യത്തിൽ അങ്ങനെ ചെയ്തു പോവും എന്നേ എനിക്ക് തോന്നുന്നുള്ളൂ..

വടകരയിൽ നിന്നാണ് ഞാൻ ജോലി കഴിഞ്ഞ് അന്ന് കോഴിക്കോടേക്ക് കയറിയത്. ആ ഇക്കയുടെ സീറ്റിൽ കാലിയായ ഭാഗത്ത് ഞാൻ ഇരുന്നപ്പോഴേ അദ്ദേഹം നല്ല വെപ്രാളത്തിൽ ആണെന്ന് മനസ്സിലായി, അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് അസ്വസ്ഥനാവുന്നു. സമയം നോക്കുന്നു, കണ്ടക്ടറോട് ഇപ്പോൾ കോഴിക്കോട് എത്തുമെന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു. വെറുതെ തൊട്ടടുത്തിരുന്ന് മൊബൈൽ നോക്കിക്കൊണ്ടിരുന്ന ഞാൻ അത് ശ്രദ്ധിച്ചു. കാര്യങ്ങൾ ചോദിച്ചു, വിഷയം പറഞ്ഞു. ഫ്‌ളൈറ്റ് മിസാവും, കയ്യിലിരിക്കുന്ന ടിക്കറ്റ്, അതിന്റെ കാശ്, എല്ലാം പോവും. പ്രതിഗീക്ഷിക്കാത്ത ബ്ലോക്കാണ് റോഡിൽ…

ഞാൻ എഴുന്നേറ്റ് അൽപ്പം മുന്നിലേക്ക് പോയി കോഴിക്കോട് KSRTC യിൽ വിളിച്ചു അങ്ങോട്ട് ലോ ഫ്ലോർ ബസ്സുണ്ടോ എന്നന്വേഷിച്ചു. ഇല്ല, ടാക്സിയിൽ പോയാലും, ബസ്സിൽ പോയാലും ഒന്നും ആ ട്രാഫിക്ക് ബ്ലോക്കിൽ അദ്ദേഹത്തിന് സമയത്ത് എയർ പോർട്ടിൽ എത്താൻ കഴിയില്ല, ഉറപ്പാണ്…

പിന്നെ അദ്ദേഹത്തെ അവിടെ എത്തിക്കാൻ വേറെ എന്ത് മാര്ഗ്ഗം എന്നാലോചിച്ചപ്പോൾ ഒരു വഴിയേ ഉള്ളൂ..ബൈക്കിൽ നന്നായി ഒന്ന് പിടിപ്പിച്ചാൽ ബ്ലോക്കിനിടയിലൂടെ എത്തിക്കാം. ഞാൻ എന്റെ സുഹൃത്തിനെ വിളിച്ചു ബൈക്കുമായി സ്റ്റാൻഡിൽ നിൽക്കാൻ പറഞ്ഞു.. ഞാൻ അദ്ദേഹത്തെ സമാധാനിപ്പിച്ചു. ആ മനുഷ്യന്റെ മുഖത്തെ ഐശ്വര്യവും തിളക്കവും എന്നെ ആകർഷിച്ചു. നല്ല ഒരു പണ്ഡിതൻ.. സഹായിക്കൽ എന്റെ കടമയാണ്. സ്റ്റാൻഡിൽ എത്തിയപ്പോൾ ബൈക്കുമായി സുഹൃത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു.. കീ വാങ്ങി കഴിയും വേഗം അവിടെയെത്തിച്ചു. ആ ഇക്ക യാത്ര പറഞ്ഞു പോയപ്പോഴാണ് ശ്വാസം നേരെ വീണത്..

ഫേസ് ബുക്കിലെ ലൈക്കിന് വേണ്ടിയോ ആളുകൾ അഭിനന്ദിക്കാൻ വേണ്ടിയോ ചെയ്തതല്ല. ആ ഇക്ക തന്നെയാണ് ഇത് എഴുതിയത്. അദ്ദേഹത്തിന് അത്രയും സന്തോഷം ആയിക്കാണും. ഇപ്പോൾ എല്ലാവരും അറിഞ്ഞു.

എന്തായാലും നമ്മളെല്ലാം മനുഷ്യരാണ്. നമ്മളും ഇത് പോലെ പ്രതിസന്ധിയിലാവും അപ്പോൾ നമ്മളെയും ആരെങ്കിലും സഹായിക്കും. അങ്ങനെയാണല്ലോ ലോകം നിലനിൽക്കുന്നത്. അത് അങ്ങനെ തന്നെ വേണം. ഈശ്വരൻ അതിന് വേണ്ടിയാണല്ലോ നമുക്ക് സൗകര്യങ്ങൾ ഒക്കെ നൽകിയത്…

ഇപ്പോൾ ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യനെ വേർതിരിക്കാൻ ആളുകൾ ശ്രമിക്കുന്ന കാലത്ത് മനുഷ്യനെ സ്നേഹിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്, എങ്കിൽ നിങ്ങൾക്ക് ഈശ്വരന്റെ കാവൽ ഉണ്ടാകും.. എന്നെ സ്നേഹിച്ച , എനിക്ക് നല്ല വാക്കുകൾ നൽകിയ എന്നെ അറിയുന്നവരും അറിയാത്തവരുമായ ആയിരകണക്കിന് ആളുകൾക്ക് എന്റെ നന്ദി, ഇതൊന്നും ആഗ്രഹിച്ചില്ലെങ്കിലും നിങ്ങളുടെ സ്നേഹത്തിന് ഒരു പാട് നന്ദി. എന്നെക്കാൾ അർഹതപ്പെട്ട ഒരുപാട് പേർ നമ്മൾ അറിയാതെ പലതും ചെയ്യുന്നുണ്ട്. അവർക്കാണ് സത്യത്തിൽ ഇതിനൊക്കെ അർഹത..

എല്ലാവർക്കും നന്ദി…
സ്നേഹത്തോടെ..
നിങ്ങളുടെ നിതിൻ മോഹൻ

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments