കുറച്ച് കാലം മുൻപാണ് ദീപ ടീച്ചർ ഷക്കീല എന്ന അഭിനയത്രിയെ കുറിച്ച് എഴുതിയ പോസ്റ്റ് വായിച്ചത്.. കുറച്ച് നാളത്തേക്ക് ആ വായന എന്റെ ഉറക്കം വല്ലാതെ കെടുത്തിയിരുന്നു. വീണ്ടും ആ പോസ്റ്റ് ഓർക്കാൻ ഇട ആയത് പ്രമുഖ സിനിമാ എം പിയുടെ മോശം വർത്തമാനവും (അങ്ങേയറ്റം നികൃഷ്ടമായ പരാമർശങ്ങളും എന്നൊക്കെ എഴുതാം എന്നാ കരുതിയെ പറ്റുന്നില്ല) അതിനെ സപ്പോർട്ട് ചെയ്തുള്ള എന്റെ ചില ആൺ സുഹൃത്തുക്കളുടെ പോസ്റ്റ്കളും ആണ്.
ഇപ്പോൾ വീണ്ടും പ്രമുഖ ചാനലിലെ ഷോയ്ക്കിടെ ഷക്കീലയെ അപമാനിക്കുന്ന രീതിയിൽ അവതാരക സംസാരിക്കുകയും അത് സോഷ്യൽ മീഡിയയിൽ വിവാദമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ പോസ്റ്റ് വീണ്ടും പ്രസക്തമാവുകയാണ്.
എല്ലാവർക്കും പറയാൻ ഇണ്ടാവും ഇങ്ങനെ കുറേ കഥകൾ എന്ന കമന്റുകൾ പ്രതീക്ഷിച്ചു കൊണ്ട് തന്നെ ഷക്കീല എന്ന നടിയെ അല്ലെങ്കിൽ ഒരു കുടുംബത്തിന്റെ പട്ടിണി മാറ്റാൻ തെരുവിൽ ഇറങ്ങണ്ടി വന്ന പെൺകുട്ടിയെ ഞാൻ വാനോളം പുകഴ്ത്താൻ ആഗ്രഹിക്കുന്നു. മറ്റുള്ളവർക്ക് വേണ്ടി അല്ലെങ്കിൽ അമ്മയെയും സഹോദരങ്ങളെയും ആത്മഹത്യ ചെയ്യുന്നതിൽ നിന്ന് രക്ഷിക്കാൻ വേണ്ടി എല്ലാ അപമാനങ്ങളും സ്വയം ഏറ്റെടുക്കാൻ അവർ കാണിച്ച ചങ്കുറപ്പ് ഒന്നും എനിക്കില്ല എന്നത് കൊണ്ട് കൂടി ആണ് അവർ എനിക്ക് ഹീറോ ആകുന്നത്. സ്വന്തം രാത്രികൾ തിരക്കുകളിലേക്ക് കുതിച്ചപ്പോൾ അനിയത്തിമാരുടെയും അമ്മയുടെയും സുരക്ഷിതിത്വം വീണ്ടെടുക്കുകയും സുഖനിദ്ര സമ്മാനിക്കുകയും ചെയ്തിട്ടുള്ള ആ സ്ത്രീയെ ഇന്ന് ഉറ്റവർ പോലും തള്ളി പറഞ്ഞിട്ടുണ്ടാവും.
അന്ന് ഷക്കീല എന്ന 16 വയസ്സുകാരി പെൺകുട്ടിയുടെ ശരീരത്തിന് ആവശ്യക്കാർ ഇല്ലായിരുന്നെങ്കിൽ അവളുടെ അമ്മ അവളെ വീടിന് മുന്നിൽ കാത്ത് നിന്ന കൂട്ടികൊടുപ്പ്കാരനൊപ്പം പോകാൻ നിർബന്ധിക്കില്ലായിരിന്നു എന്നിട്ടും ഷക്കീല മാത്രം സമൂഹത്തിന് മുന്നിൽ \’മോശക്കാരി\’ ആയി. ഷക്കീല എന്ന വ്യക്തി മാത്രമല്ല ആ പേര് പോലും നാണക്കേടിന്റെ പ്രതീകമായി ആ പേര് ഉള്ള സ്ത്രീകൾ പലരും പേര് പറയാൻ പോലും മടിച്ചു. അത് അങ്ങനെയാണ് അവസരങ്ങളെ മുതലെടുക്കുന്നവരെക്കാൾ എന്നും അതിൽ പെട്ടു പോകുന്നവരെ കുറ്റപ്പെടുത്തുന്നതാണ് നമ്മുടെ പൊതുബോധം. അതുകാരണം തന്നെയാണ് അവരുടെ നഗ്നത കാണാൻ കേരളത്തിലെ ഈ പറയുന്ന \’നിഷ്കളങ്കരായ\’ ആണുങ്ങൾ ക്യൂ നിന്ന് ടിക്കറ്റ് എടുത്തപ്പോൾ അവർ വേശ്യയും ഇവനൊക്കെ പകൽ മാന്യൻമാർ ആയതും.
അവർ എനിക്ക് ഹീറോ ആവുന്നതിന് മറ്റൊരു കാരണം കൂടി ഉണ്ട് ഇപ്പോൾ, ഒരു ട്രാൻസ് പെൺകുട്ടിയെ മകളായി ദത്ത് എടുത്ത് അവരെ പോലെ ഇൻസെക്യൂരിറ്റീസ് അനുഭവിക്കുന്ന മറ്റൊരു വിഭാഗത്തിന് തണലായ യിരിക്കുകയാണ് ഷക്കീല ഇന്ന്. ഇത് കുറിച്ച് തുടങ്ങിയപ്പോൾ മറ്റൊരു മുഖം കൂടി എന്റെ മനസ്സിൽ കടന്ന് വന്നു. ബാലതാരമായി ഹിന്ദി സിനിമയിൽ അരങ്ങേറിയ ഒരു സുന്ദരി പെൺകുട്ടി (മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്) പിന്നീട് തെലുങ്കിലും മറ്റും തിരക്കുള്ള നായിക ആവുകയും ഇടക്ക് കാണാതാവുകയും ചെയ്ത ശ്വേത ബസു എന്ന നടി. പിന്നീട് അവരെ കാണുന്നത് വാർത്തകളിൽ ആണ് നടിയെ അനാശ്യാത്തിന് പിടിച്ചു എന്ന തലക്കെട്ടോടെ.
ഫീൽഡിൽ നിന്ന് ഔട്ട് ആയതോടെ മറ്റൊരു ജോലിയും ലഭിക്കാതെ ആവുകയും ജീവിക്കാൻ വേണ്ടി ഈ വഴി തിരഞ്ഞെടുക്കണ്ടി വന്നു എന്ന അവരുടെ തന്നെ വാക്കുകൾ പിന്നീട് മാധ്യമങ്ങളിൽ വരികയും ചെയ്തിരുന്നു. ഇന്ന് അവരും ഒരു സർവൈവർ ആയി നമുക്ക് ചുറ്റും ഉണ്ട് സ്റ്റാർ പ്ലസ് എന്ന ചാനലിലെ ഇന്ന് ഏറ്റവും റേറ്റിംഗ് ഉള്ള ഒരു സീരിയലിന്റെ നായിക റോളിൽ.
ചൂഷണങ്ങളെ ചിരിയോടെ വരവേറ്റവരല്ല ഇവരൊന്നും എന്ന് എനിക്ക് ഉറപ്പുണ്ട്. ഇവരൊക്കെ എനിക്കും നിങ്ങൾക്കും മഹാനായ എം പിക്കും നഷ്ടപ്പെടാൻ ഉള്ള എല്ലാ അന്തസ്സും മാന്യതയും ഉള്ളവർ ആയിരുന്നു. പക്ഷെ നമ്മളെപ്പോലെ സംരക്ഷിക്കാൻ ആളുകൾ ഇല്ലാതെ പോയി. ഒരു കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം നിലച്ചപ്പോൾ നാളെ മുതൽ എന്ത് ചെയ്യും എന്ന അമ്പരപ്പോടെ നിന്ന ഒരു അമ്മയും കുട്ടിക്കാലവും എന്റെ ഒർമ്മകളിലും ഉണ്ട് അതുകൊണ്ട് സാമ്പത്തിക ഭദ്രതയുടെ അഭാവം എത്രമേൽ ഭീകരം ആണെന്ന് പ്രമുഖ സിനിമാ നടനെക്കാളും കൂട്ടാളികളെക്കാളും എനിക്ക് മനസ്സിലാവും.
നിമ്മി എൽസമ്മ ജോൺസൺ