16
January, 2019
Wednesday
05:44 PM
banner
banner
banner

മുഷ്ഫിഖുറിന്റെ പുച്ഛരസമുള്ള ചിരി, ഷക്കീബിന്റെ അമിത ആത്മവിശ്വാസം, ബംഗ്ലാദേശിന്റെ കോബ്ര നൃത്തം: ഒരൊറ്റ മറുപടി – ദിനേശ്‌ കാർത്തിക്‌

മുഷ്ഫിഖുർ റഹീമിൻ്റെ ചുണ്ടുകളിൽ പുച്ഛരസമുള്ള ചിരി വിരിഞ്ഞിരുന്നു. ഷക്കീബ് അൽ ഹസൻ്റെ മുഖത്ത് ആത്മവിശ്വാസം പ്രകടമായിരുന്നു. ബംഗ്ലാദേശ് ടീം മൊത്തത്തിൽ ആവേശത്തിമിർപ്പിലായിരുന്നു.

അങ്ങകലെ ബംഗ്ലാദേശിൽ,വിജയശ്രീ­ലാളിതരായി നിദാഹാസ് ട്രോഫിയുമായി വരുന്ന ദേശീയ ടീമിനെ ആദരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.ഇന്ത്യൻ ടീമിൻ്റെ കപ്പൽ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുകയായിരുന്നു.ഇന്ത്യൻ പ്രവാസികൾ അടുത്ത ദിവസം ബംഗ്ലാദേശികളെ എങ്ങനെ അഭിമുഖീകരിക്കും എന്ന കാര്യത്തിൽ തലപുകച്ചു തുടങ്ങിയിരുന്നു.

നിദാഹാസ് ട്രോഫി ഫൈനലിൻ്റെ അവസാന 18 പന്തുകളിൽ ഇന്ത്യൻ ടീമിന് ജയിക്കാൻ വേണ്ടിയിരുന്നത് 35 റണ്ണുകൾ.പന്തെറിയാനെത്തിയത് ഏറ്റവും മികച്ച ഡെത്ത് ഒാവർ ബൗളർമാരിലൊരാളായ മുസ്താഫിസുർ റഹ്മാൻ.വിജയ് ശങ്കർ എന്ന തുടക്കക്കാരൻ, ഫിസിൻ്റെ കൗശലം നിറഞ്ഞ പന്തുകളെ എങ്ങനെ നേരിടണമെന്നറിയാതെ പതറി.തുടരെ നാലു ഡോട്ട്ബോളുകൾ.പിന്നെയൊരു സിംഗിൾ.അവസാന പന്തിൽ അവസാന പ്രതീക്ഷയായിരുന്ന മനീഷ് പാണ്ഡേ പുറത്ത് ! ഇനി വേണ്ടത് 12 പന്തുകളിൽ 34 റൺസ് !

ആ സമയത്ത് ടീം ഇന്ത്യ ഈ കളി ജയിക്കും എന്ന് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ അയാളിൽ മാനസിക വിഭ്രാന്തി ആരോപിക്കപ്പെടുമായിരുന്നു.കാരണം പത്തൊമ്പതാം ഒാവർ ചെയ്യാനെത്തിയത് മത്സരത്തിലെ സ്റ്റാറായ റുബൽ ഹൊസെയ്നായിരുന്നു.അതുവരെ എറിഞ്ഞ 3 ഒാവറുകളിൽ അയാൾ വഴങ്ങിയിരുന്നത് കേവലം 13 റൺസ് ! രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.ഇങ്ങനെയൊരു ബൗളറെ തച്ചുതകർക്കുന്ന ഇന്ത്യയുടെ രക്ഷകൻ എവിടെ അവതരിക്കാനാണ് !?

ബംഗ്ലാദേശികൾ അവരുടെ കാലങ്ങളായുള്ള നിരാശകളുടെ വിഴുപ്പുകെട്ട് കൊളംബോയിൽ ഇറക്കിവെയ്ക്കാൻ നിശ്ചയിച്ചിരുന്നു.2015 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ആരംഭിച്ചതാണ് അവർക്ക് ഇന്ത്യയോടുള്ള അമർഷം.അന്നത്തെ നോബോൾ വിവാദത്തിൻ്റെ അലയൊലികൾ ഇന്നും ബംഗ്ലാദേശിലുണ്ട്.

തുടർന്ന് ഇന്ത്യ അവരുടെ സ്വന്തം മണ്ണിൽ വെച്ച് ഏഷ്യാകപ്പ് ജയിച്ചു.ടി20 ലോകകപ്പിൽ ജയിച്ചെന്നുറപ്പിച്ച മത്സരം അവർ ഇന്ത്യയ്ക്ക് അടിയറവു വെച്ചു. ജയമറിയാതെ ഇന്ത്യയോട് കളിച്ച ഏഴു ടി20 മത്സരങ്ങൾ.കണക്കുകൾ ഒരുപാട് തീർക്കാനുണ്ടായിരുന്നു അവർക്ക്. ടീം ഇന്ത്യയുടെ നെഞ്ചത്ത് നാഗനൃത്തമാടുന്നത് ബംഗ്ലാദേശ് സ്വപ്നം കണ്ടുതുടങ്ങിയിരുന്നു.

പക്ഷേ ടീം ഇന്ത്യയുടെ ഡഗ് ഒൗട്ടിൽ ധീരനായ ഒരു പോരാളിയുണ്ടായിരുന്നു.ആയിരം നാഗങ്ങൾ ഫണം വിടർത്തിയാടിയാലും അവയേയെല്ലാം നിർദാക്ഷിണ്യം കൊത്തിപ്പറിക്കാൻ ചങ്കുറപ്പുള്ള ഗരുഡനായിരുന്നു അയാൾ ! പേര് ദിനേഷ് കാർത്തിക് !!!

മൈതാനത്തിലേക്ക് അയാൾ സാവകാശം നടന്നുവന്നപ്പോൾ ദീപിക പള്ളിക്കൽ പോലും ശുഭാപ്തിവിശ്വാസം പുലർത്തിയിട്ടുണ്ടാവില്ല.മഹേന്ദ്രസിംഗ് ധോനി ടൂർണ്ണമെൻ്റിൽ നിന്ന് മാറിനിന്നതുകൊണ്ടുമാത്രം വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിഞ്ഞവനായിരുന്നു കാർത്തിക്.ധോനിയെ ഇത്തരം സന്ദർഭങ്ങളിൽ ആരാധകർ കണ്ടിട്ടുണ്ട്.പലതവണ അയാൾ ടീമിനെ വിജയതീരത്ത് എത്തിച്ചിട്ടുമുണ്ട്.പക്ഷേ കാർത്തിക്കിന് അതിനു കഴിയുമോ? അതായിരുന്നു വിലയേറിയ ചോദ്യം.

റുബലിൻ്റെ കാലുകൾ ചലിച്ചുതുടങ്ങി.ഷോർട് റൺ അപ്പ്.റൗണ്ട് ആം സ്ലിങ്ങി ആക്ഷൻ.യോർക്കറിനുള്ള ശ്രമം പാളുന്നു.അതൊരു ലോ ഫുൾടോസായി മാറുന്നു.അത്ര മതിയായിരുന്നു കാർത്തിക്കിന്.പന്ത് ലോങ്ങ്-ഒാണിനു മുകളിലൂടെ പറന്നു.തീർന്നില്ല.അടുത്ത രണ്ടു പന്തുകളും ബൗണ്ടറിയിലേക്ക്.ആദ്യ­ത്തേത് നിലംതൊട്ടും അടുത്തത് നിലംതൊടാതെയും !

RELATED ARTICLES  മാക്സ്‌വെൽ കൈപ്പിടിയിൽ ഒതുക്കിയ ഓസ്ട്രേലിയയുടെ പരമ്പര വിജയം എന്ന ആ സ്വപ്നം ഇന്ത്യ തകർത്തത്‌ ഇങ്ങനെ!

ഗാലറികൾക്ക് നഷ്ടമായ ജീവൻ തിരികെ ലഭിച്ചു.ഇന്ത്യൻ ടെലിവിഷനുകൾക്കു മുമ്പിൽ വീണ്ടും ആളുകൾ കൂടി.ഒരു ഡോട്ട്ബോളും ഡബിളും.പിന്നാലെ ഒാവറിലെ അവസാന പന്തും.നന്നായി ഫിനിഷ് ചെയ്താൽ ഇരുപതാം ഒാവറിൽ കടുവകൾക്ക് അഡ്വാൻ്റേജ്.

വംഗദേശത്തിൻ്റെ ഹൃദയത്തിലേക്ക് തുളച്ചുകയറിയ ഒരു സ്കൂപ്പ് ഷോട്ടാണ് കാർത്തിക്കിൽ നിന്ന് പുറത്തുവന്നത്.ആ ഷോട്ട് ആധുനിക ക്രിക്കറ്റിൽ ഒരു പുതുമയൊന്നുമല്ല.പക്ഷേ അതുപോലൊരു സന്ദർഭത്തിൽ ആ ഷോട്ട് കളിക്കുക എന്നത് അസാമാന്യ മനഃസാന്നിദ്ധ്യമുള്ള ഒരാൾക്ക് മാത്രം സാധിക്കുന്നതായിരുന്നു.ഷോർട്ഫൈൻലെഗ്ഗിനു മുകളിലൂടെ പറന്ന പന്ത് ഇന്ത്യയുടെ ലക്ഷ്യം പന്ത്രണ്ടായി ചുരുക്കി.

അവസാന ഒാവർ എറിയാനെത്തിയ സൗമ്യ സർക്കാർ ഒരു പാർട് ടൈം ബൗളർ മാത്രമായിരുന്നു.പക്ഷേ അതുവരെ അയാൾ കുറ്റം പറയിക്കാതെ പന്തെറിഞ്ഞിരുന്നു.സമ്മർദ്ദം മൂലം അന്തരീക്ഷം വലിഞ്ഞുമുറുകി.പക്ഷേ കാർത്തിക് അപ്പോഴും ചിരിക്കുകയായിരുന്നു !! വൈഡിനുശേഷമുള്ള ആദ്യ പന്തിൽ ശങ്കറിന് വീണ്ടും പിഴച്ചു.റണ്ണില്ല ! കമൻ്ററി ബോക്സിൽ സുനിൽ ഗാവസ്കർ ക്ഷുഭിതനായി-

”ശങ്കർ, കാർത്തിക്കിന് സ്ട്രൈക്ക് നൽകാൻ ശ്രമിക്കണമായിരുന്നു.എന്തിനാണയാൾ ഗ്ലോറി ഷോട്ടിനു പുറകെ പോയത് !?”

കാർത്തിക്കിനും വേണമെങ്കിൽ അപ്രകാരം ചിന്തിക്കുമായിരുന്നു.ശങ്കറിൻ്റെ പ്രവൃത്തി ഏതൊരു സാധാരണ മനുഷ്യനെയും പ്രകോപിപ്പിക്കുമായിരുന്നു.പക്ഷേ അയാൾ തൻ്റെ പങ്കാളിയെ ആശ്വസിപ്പിച്ചു ; ധൈര്യം പകർന്നു. അതിൻ്റെ ഫലമാവാം,നാലാമത്തെ പന്ത് എങ്ങനെയൊക്കെയോ ശങ്കർ ബൗണ്ടറിയിലേക്ക് പായിച്ചു.പക്ഷേ അടുത്ത പന്തിൽ അയാൾ പുറത്തായി.ഇനി ബാക്കിയുള്ളത് ഒറ്റപ്പന്ത് ! ഒരേയൊരു പന്ത് !! സ്ട്രൈക്കിൽ കാർത്തിക്.

സഞ്ജയ് മഞ്ജരേക്കർ ഒാർമ്മിപ്പിച്ചു-”കാർത്തിക്ക് ബൗണ്ടറി നേടിയാൽ കളി സൂപ്പർ ഒാവറിലേക്ക് പോകും ! ”
കാർത്തിക് ദീർഘമായൊന്ന് നിശ്വസിച്ചു.അയാളുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു.സമ്മർദ്ദം അയാളിലേക്കും പടർന്നുകയറിയിരുന്നു.പക്ഷേ ഇതൊരു വലിയ അവസരം കൂടിയാണെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു.ഒറ്റ ഷോട്ട് ! തൻ്റെ കരിയറിലെ പാപങ്ങൾ മുഴുവൻ കഴുകിക്കളയാൻ ശക്തമായ ഒരേയൊരു ഷോട്ട് മതി.

കാർത്തിക്കിന് നല്ലത് ഒാഫ്സ്റ്റംമ്പിനു പുറത്തെ ലെങ്ത്ത്ബോളാണെന്ന് സർക്കാർ തീരുമാനിച്ചു.കാർത്തിക് അത് കവറിനു മുകളിലൂടെ ഉയർത്തി.കളിക്കാൻ ഏറ്റവും പ്രയാസമുള്ള ഷോട്ടാണത്.ഒരു കളിക്കാരൻ്റെ പ്രതിഭയളക്കുന്ന അടിയാണത് !

ഇന്ത്യക്കാർ ആകാംക്ഷയോടെ നോക്കി.പന്ത് പോകുന്നിടത്ത് ഫീൽഡറുണ്ടോ? ഇല്ല !

ബോൾ ലാൻഡ് ചെയ്യുന്നത് ബൗണ്ടറിയ്ക്കപ്പുറത്താണോ? അതെ !!!

പ്രേമദാസ പൊട്ടിത്തെറിച്ചു.ഇന്ത്യക്കാരും ഇന്ത്യൻ ജഴ്സിയണിഞ്ഞ ശ്രീലങ്കൻ കാണികളും ആർത്തുവിളിച്ചു.ശ്രീലങ്കയെ തോൽപ്പിച്ചപ്പോൾ ബംഗ്ലാദേശ് നടത്തിയ ആഹ്ലാദപ്രകടനങ്ങൾ സിംഹളീയരെ അത്രയേറെ വേദനിപ്പിച്ചിരുന്നു.ഒരുവട്ടംകൂടി കോബ്ര ഡാൻസ് കാണാനുള്ള ശേഷി ദ്വീപുജനതയ്ക്കില്ലായിരുന്നു.അവരുടെ പ്രതികാരം ഇന്ത്യൻ ടീമിലൂടെ പൂർണ്ണമായി.സർക്കാർ തലകുനിച്ച് കണ്ണുനീർ പൊഴിച്ചു.തസ്കിൻ അഹമ്മദ് തൻ്റെ തല പകരക്കാരൻ്റെ പച്ചക്കുപ്പായത്തിനുള്ളിൽ ഒളിപ്പിച്ചു.കാർത്തിക് വെറുതെ കൈകളുയർത്തി.ഒരു സാധാരണ ഇന്നിംഗ്സ് കളിച്ചതുപോലുള്ള ആഹ്ലാദപ്രകടനം ! സൂപ്പർ ഒാവർ എന്തിന് ? കാർത്തിക് ഉള്ളപ്പോൾ !!

പക്ഷേ ഇന്ത്യൻ ഡ്രെസ്സിംഗ് റൂം ഇരമ്പി.ആലിംഗനങ്ങൾ,ചുംബനങ്ങൾ,വാഴ്ത്തുമൊഴികൾ…കുറേനേരത്തേക്ക് കാർത്തിക്കിന് ജീവശ്വാസം പോലും നിഷേധിക്കപ്പെട്ടു ! ഇന്ത്യയെ കടിച്ചുകീറാനിരുന്ന ബംഗ്ലാദേശികളുടെ മുഖത്തെ സങ്കടം കണ്ടപ്പോൾ ഉണ്ടായ സന്തോഷം വിവരണാതീതമായിരുന്നു !

RELATED ARTICLES  മാക്സ്‌വെൽ കൈപ്പിടിയിൽ ഒതുക്കിയ ഓസ്ട്രേലിയയുടെ പരമ്പര വിജയം എന്ന ആ സ്വപ്നം ഇന്ത്യ തകർത്തത്‌ ഇങ്ങനെ!

കാർത്തിക് അരങ്ങേറ്റം കുറിച്ചത് 2004ലാണ്.പക്ഷേ പിന്നീട് എം.എസ് ധോനി എന്ന അതികായൻ രംഗപ്രവേശം ചെയ്തു.രാജ്യത്തെ കാർത്തിക്കുമാരോടും പാർത്ഥിവ് പട്ടേലുമാരോടും ധോനി പറയാതെ പറയുകയായിരുന്നു-”കൂട്ടുകാരേ,ഒരു പത്തു കൊല്ലത്തേക്ക് നിങ്ങൾ വേറെ തൊഴിൽ കണ്ടെത്തിക്കൊള്ളൂ ! ”

കാർത്തിക് പ്രതിഭാശാലിയായിരുന്നു.പലവട്ടം അയാൾ ടീമിൻ്റെ വാതിലിൽ മുട്ടിവിളിച്ചു.ഒരു ബാറ്റ്സ്മാനെന്ന നിലയിൽ മാത്രം പല തവണ ബ്ലൂ ആർമ്മിയിലിടം നേടി.ഒാരോ പ്രാവശ്യവും സ്ഥാനം ഉറപ്പിക്കാനാകാതെ പുറത്തായി.

ഈയിടെ കാർത്തിക് ടീമിലേക്ക് മടങ്ങിയെത്തിയപ്പോഴും പരിഹാസങ്ങൾ മാത്രമായിരുന്നു ബാക്കി.ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് അയാൾ വന്നതെന്ന് ആരും മനസ്സിലാക്കിയില്ല.ഞാനുൾപ്പടെയുള്ളവർ കാർത്തിക് എന്തിനാണ് ടീമിൽ എന്ന് ചിന്തിച്ചു.നമ്മൾ യുവരക്തങ്ങൾക്കു വേണ്ടി മുറവിളികൂട്ടി.ഋഷഭ് പന്തുമാർക്ക് വേണ്ടി വാദിച്ചു.പ്രസ് കോൺഫറൻസിൽ അല്പം നിരാശയോടെ കാർത്തിക് പറഞ്ഞു-”എനിക്കറിയാം.ഒറ്റ മോശം ടൂർണ്ണമെൻ്റ് മതി എനിക്ക് പുറത്തേക്കുള്ള വഴി തുറക്കാൻ…”

ഫൈനലിൽ ടീം മാനേജ്മെൻ്റ് ചെയ്തത് നോക്കുക.ശങ്കറിനെ കാർത്തിക്കിനു മുമ്പേ അയച്ചു.കാർത്തിക് ഫോമിലുള്ള ബാറ്റ്സ്മാനായിരുന്നു.ശങ്കർ അവസാനം ബാറ്റ് ചെയ്തത് വിജയ് ഹസാരെ ട്രോഫിയിലും ! എന്നിട്ടും എങ്ങനെ ശങ്കറിന് പ്രമോഷൻ ലഭിച്ചു? ഒരു ബിഗ് ഹിറ്റർ എന്ന റെപ്യൂട്ടേഷനാവാം കാരണം.

കാർത്തിക്കിന് വേണമെങ്കിൽ ക്യാപ്റ്റനോടും കോച്ചിനോടും പറയാമായിരുന്നു-”വലിയ ഷോട്ടുകൾ കളിക്കാൻ കഴിയുന്ന ആളാവാം ശങ്കർ.പക്ഷേ ഈ സമ്മർദ്ദഘട്ടത്തിൽ എൻ്റെ പരിചയസമ്പത്തിനാണ് വില.ഞാനാണ് ഇപ്പോൾ ഇറങ്ങേണ്ടത് ! ”

പക്ഷേ അയാളങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല.­അയാൾ നിഷ്കളങ്കമായി ചിരിച്ചുകാണും.അയാൾക്ക് അതിനേ കഴിയൂ !

പത്രസമ്മേളനത്തിൽ ഒരു കാര്യം കൂടി കാർത്തിക് പറഞ്ഞിരുന്നു-”എനിക്കുമേൽ സമ്മർദ്ദമുണ്ട്.പക്ഷേ ഒാടിയൊളിക്കാനല്ല ; അതിനെ പുൽകാനാണ് എനിക്കിഷ്ടം !

പറയുക മാത്രമല്ല അയാൾ ചെയ്തുകാണിച്ചു !

ക്ഷമിക്കൂ കാർത്തിക്.ഇത്രയും കാലം നിങ്ങൾക്കെതിരെ തൊടുത്ത വിമർശനശരങ്ങൾക്ക് മാപ്പ്.ഈയൊരിന്നിംഗ്സ് മതി നിങ്ങളെ എക്കാലവും ഞങ്ങൾക്ക് ഒാർക്കാൻ.സോറി….

Sorry for everything….

ക്രിക്കറ്റ്‌ നിരീക്ഷകൻ സന്ദീപ്‌ ദാസിന്റെ റിവ്യൂ

[yuzo_related]

CommentsRelated Articles & Comments