മലയാളം ഇ മാഗസിൻ.കോം

നെയ്യാറ്റിൻകരയിൽ ദമ്പതികൾ ജീവനൊടുക്കിയ സംഭവം, എന്താണ്‌ യഥാർത്ഥ വസ്തുതകൾ എന്നറിയാം

നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം തികച്ചും ദൗർഭാഗ്യകരവും ദുഖകരവുമാണ്. ഇത്തരമൊരു ദാരുണമായ സംഭവം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.

എന്താണ് യഥാർത്ഥത്തിൽ നടന്ന സംഭവം? ജപ്തി നടപടി എന്തിന്?
രാജന്റെയും കുടുംബത്തിന്റെയും കൈവശമിരിക്കുന്ന പുരയിടത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി അയൽവാസിയുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് കേസ് കോടതിയിൽ എത്തി. കോടതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ അയൽവാസിക്ക് അനുകൂലമായ വിധി ഉണ്ടാകുന്നു. പക്ഷെ ഒഴിഞ്ഞ് കൊടുക്കാൻ രാജന്റെ കുടുംബം തയ്യാറായില്ല. തുടർന്ന് കുടുബത്തെ ഒഴിപ്പിക്കാൻ കോടതി ഉത്തരവാകുന്നു. ഇതുപ്രകാരം കോടതി വിധി നടപ്പാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പോലിസും സംഭവ സ്ഥലത്ത് എത്തുകയാണുണ്ടയത്.

ഈ സമയത്ത് രാജനും ഭാര്യ അമ്പിളിയും ദേഹത്ത് പെട്രോളൊഴിച്ച ലൈറ്ററെടുത്ത് കത്തിച്ച് ആത്മഹത്യ ദീക്ഷണി മുഴക്കി. കത്തിച്ച് പിടിച്ച ലൈറ്റർ കളയാൻ പൊലീസ് പലവട്ടം അഭ്യർത്ഥിച്ചു. എന്നാൽ പോലിസ് അഭ്യർത്ഥനക്ക് ദമ്പതികൾ വഴങ്ങിയില്ല.

അപകടം ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ, രാജന്‍റെ കയ്യിൽ നിന്ന് ലൈറ്റർ തട്ടിമാറ്റാൻ പോലീസ് ശ്രമിക്കുന്നതിനിടയിൽ തീയാളിപ്പിടിക്കുകയാണുണ്ടയത്. ഉടൻതന്നെ പോലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികിൽസക്ക് വിധേയമാക്കി. ഇതാണ് സംഭവത്തിന്റെ നിജസ്ഥിയെന്നാണ് ദൃക്സാക്ഷി വിവരണത്തിൽ നിന്നും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

എന്താണ് പരാതിക്കാരിയുടെ ഇപ്പോഴത്തെ നിലപാട്?
കേസുമായി മുന്നോട്ട് പോകില്ലെന്ന നിലപാടിൽ നിന്ന് പരാതിക്കാരി വസന്ത പിൻവാങ്ങി. ഭൂമി തന്റേതാണെന്ന് തെളിയിക്കുമെന്നും ഗുണ്ടായിസം കാണിച്ചവർക്ക് ഭൂമി നൽകില്ലെന്നും ഭൂമി മറ്റാർക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും വസന്ത പറഞ്ഞു. ദമ്പതികൾ മരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് രാജന്‍റെ കുടുംബത്തിനെതിരായ കേസില്‍ മുന്നോട്ട് പോകില്ലെന്ന് ഇന്ന് രാവിലെ പരാതിക്കാരി പ്രതികരിച്ചത്. നിയമപരമായി എല്ലാ രേഖകളും ഉള്ള ഭൂമി 16 കൊല്ലം മുന്‍പ് വാങ്ങിയതാണ്. പട്ടയം അടക്കമുള്ള രേഖകള്‍ ഉള്ളതുകൊണ്ടാണ് തനിക്ക് അനുകൂലമായ വിധി വന്നത്. ഇപ്പോള്‍ രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ തന്‍റെ മക്കളുമായി സംസാരിച്ചെന്നും കേസില്‍ മുന്നോട്ട് പോകില്ലെന്നും പരാതിക്കാരി വസന്ത പ്രതികരിച്ചിരുന്നു. ഇപ്പോള്‍ തര്‍ക്കത്തിലിരിക്കുന്ന ഭൂമി രാജന്റെ മക്കള്‍ക്ക് കൈമാറാം എന്നും ഇവര്‍ വാക്കാല്‍ പറഞ്ഞിരുന്നു. ഇതിനിടെ വസന്തയെ പോലീസ്‌ കസ്റ്റഡിയിൽ എടുത്തു. തുടർ നടപടികളിലേക്ക്‌ കടക്കുമെന്നും പോലീസ്‌ അറിയിച്ചു.

എന്താണ് ഈ വിഷയത്തിലെ സർക്കാർ നിലപാട്?
തർക്കഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയോ, ദമ്പതികളോട് മോശമായി പൊലീസ് പെരുമാറിയോ എന്നതടക്കം അടിയന്തിരമായി അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചു. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്നും കുട്ടികൾക്ക് വീട് വച്ച് നൽകുമെന്നും, മറ്റെന്തെങ്കിലും സഹായം ആവശ്യമെങ്കിൽ അതും നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും വീഴ്ച പോലീസിനോ മറ്റോ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെതിരെ ശക്തമായ അടിയന്തിര നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Avatar

Staff Reporter