മലയാളം ഇ മാഗസിൻ.കോം

കർണാടകത്തിൽ ഇനിയുള്ള 15 ദിവസങ്ങൾ നിർണ്ണായകം: പുതിയ തന്ത്രങ്ങളുമായി ബി ജെ പി?

കർണ്ണാടകത്തിൽ ഭരണം പിടിക്കുവാൻ നടത്തിയ ശ്രമങ്ങളിൽ ദയനീയമായ പരാജയം ഏറ്റുവാങ്ങിക്കൊണ്ട് രാജിവെച്ച് പിന്മാറിയത് ബിജെപിക്ക് ദേശീയ തലത്തിൽ വലിയ ക്ഷീണം വരുത്തിയിരിക്കുന്നു. പ്രതിപക്ഷ കക്ഷികൾക്ക് ആത്മവിശ്വാസം പകരുന്നതാണ് കർണ്ണാടകയിലെ സംഭവങ്ങൾ എങ്കിലും മികച്ച തന്ത്രങ്ങൾ ആവിഷ്കരിക്കുവാനും കക്ഷികളെ ഒരുമിച്ചു നിർത്തുവാനും കരുത്തുറ്റ നേതൃത്വവും അളവറ്റ സമ്പത്തും ആവശ്യമാണ്.

\"\"

കർണാടകയിലെ പരാജയം അമിതമായ ആത്മവിശ്വാസവും ഒപ്പം മറുപക്ഷത്തെ ചിലർ നടത്തിയ “വഞ്ചനയു“ മാണെന്നാണ് ബിജെപിയുടെ ഉപശാലകളിൽ കേൾക്കുന്നത്. ഇരുപതോളം എം.എൽ.എമാരെ ബിജെപി സഖ്യത്തിലേക്ക് വരും എന്ന രീതിയിൽ പ്രതീതി സൃഷ്ടിച്ചു. എന്നാൽ അത് ഡി.കെ യുടെ തന്ത്രമായിരുന്നു എന്നാണ് പറയപ്പെടുന്നത്. അവരുമായി ബിജെപി നേതാക്കൾ നടത്തിയ സംഭാഷണങ്ങൾ കോൺഗ്രസ് പുറത്തുവിടുകയും ചെയ്തു.

\"\"

എന്തായാലും തൽക്കാലം ചാക്കിട്ടു പിടുത്തം നടക്കില്ല എന്ന തിരിച്ചറിവിൽ തന്ത്രം മാറ്റി പയറ്റാൻ ഒരുങ്ങുകയാണ് അമിത്ഷായും സംഘവും. കോൺഗ്രസ്-ജെഡിഎസ് എം.എൽ.എ മാർക്കിടയിൽ അസംതൃപ്തിയുടെ വിത്തു വിതക്കുക എന്നതാണ് അതിൽ ഒന്ന്. അധികാരത്തിൽ കയറുമ്പോൾ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയുള്ളവരെ “ബ്രെയിൻ വാഷ്“ ചെയ്യുവാൻ ഉള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

\"\"

ഞങ്ങൾക്ക് പതിനഞ്ചു ദിവസം ലഭിച്ചിരുന്നെങ്കിൽ എം.എൽ.എ മാർക്ക് അവരുടെ മണ്ഡലങ്ങളിൽ ചെന്ന് ജനങ്ങളുടെ വികാരം മനസ്സിലാക്കുവാൻ സാധിച്ചിരുന്നെങ്കിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം സർക്കാർ രൂപീകരിക്കുമായിരുന്നില്ല എന്നാണ് അമിത്ഷാ ഒരു ചാനലിൽ പറഞ്ഞത്. പക്ഷെ ദൗർഭാഗ്യവശാൽ അവർ ഹോട്ടലുകളിലും മറ്റും ബന്ദികളാക്കി വെക്കപ്പെട്ടു. നോക്കിക്കോളൂ ഒരു വർഷത്തിനകം ഈ കൂട്ടുകെട്ട് തകരും.

അമിത്ഷായുടെ ആ വാക്കുകൾ ശ്രദ്ധിച്ചാൽ അറിയാം അത് മറ്റൊരു തന്ത്രത്തിന്റെ തുടക്കമാണെന്ന്. വളരെ കൃത്യമായി സമൂഹത്തിൽ മാക്രോ-മൈക്രോ എഞ്ചിനീയറിംഗ് നടത്തുന്നതിൽ വിദഗ്ദനായ അമിത്ഷാ ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തി ബിജെപി സർക്കാരായിരുന്നു വന്നിരുന്നെകിൽ തങ്ങൾക്ക് കൂടുതൽ മികച്ച ഭരണം ലഭിച്ചേനെ എന്ന പ്രതീതി സൃഷ്ടിക്കുവാനും ശ്രമിക്കും.

\"\"

അതോടൊപ്പം എം.എൽ.എ മാർക്കിടയിലും സഖ്യത്തിനിടയിലും അസംതൃപ്തി സൃഷ്ടിച്ചെടുത്താൽ ബിജെപിക്ക് അധികാരത്തിൽ തിരിച്ചെത്തുവാനാകും.

കർണ്ണാടകത്തിൽ നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും സംഘപരിവാർ സെല്ലുകൾ സജീവമാണ്. ഐടി നരഗമായതിനാൽ സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് നഗരങ്ങളിലെ ജനങ്ങളെ സ്വാധീനിക്കുവാൻ ശ്രമിക്കുന്നത്. ഗ്രാമങ്ങളിൽ താഴെ തട്ടിൽ പരിശീലനം ലഭിച്ച സംഘപ്രവർത്തകർ നാളുകളായി പ്രവർത്തിക്കുന്നുണ്ട്. ഇവർ വഴി പുതിയ സർക്കാരിനെതിരെ വികാരം ഉണർത്തുന്നതിനായുള്ള തന്ത്രങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ അനായാസം സാധിക്കും.

എസ്.കെ. (പോളിറ്റിക്കൽ ഡെസ്ക്)

Avatar

Staff Reporter