ആകാശവാണി, വാർത്തകൾ വായിക്കുന്നത് സുഷമ… ഈ ശബ്ദവും ഈ വായനയും കേൾക്കാത്ത മലയാളികൾ വിരളമായിരിക്കും. ഒരു പക്ഷെ പുതു തലമുറയ്ക്ക് അത്ര സുപരിചിത ആയിരിക്കില്ല… ടെലിവിഷൻ ചാനലുകളും, എഫ് എം റേഡിയോയും, ഓൺലൈൻ മാധ്യമങ്ങളുമൊക്കെ വരുന്നതിനു മുൻപ് മലയാളിയെ ശ്രവ്യമാധുര്യത്തോടെ വാർത്തകളും വിശേഷങ്ങളും അറിയിച്ചിരുന്ന ആകാശവാണിയുടെ സീനിയറായ വാർത്താ അവതാരക… സുഷമ!
സീനിയർ എന്ന് വെറുതെ പറഞ്ഞതല്ല, നീണ്ട 39 വർഷത്തെ ഔദ്യോഗിക ജീവിത അനുഭവം ആണ് സുഷമ അമ്മയ്ക്കുള്ളത്. എന്നാൽ ആ റേഡിയോ ജീവിതത്തിന് ഇന്ന് (2019 May 31) ഔദ്യോഗികമായി വിരാമം ആവുകയാണ്… സർക്കാർ ജീവനക്കാരുടെ ഭാഷയിൽ പറഞ്ഞാൽ വിരമിക്കുകയാണ്… ഒരു ശരാശരി മലയാളി ചെറുപ്പക്കാരന്റെ വയസിനേക്കാളും എക്സ്പീരിയൻസ് ഉള്ള, ജനിച്ച നാൾ മുതൽ യുവവാണിയിലൂടെയും പ്രാദേശിക വാർത്തയിലൂടെയും കേട്ട് തഴമ്പിച്ച ആ ശബ്ദം…
ഒരു തലമുറയുടെ മുഴുവൻ ആരാധനയും ആവോളം ആസ്വദിച്ച സുഷമ അമ്മ ആകാശവാണിയുടെ പടി ഇറങ്ങുമ്പോൾ നിരാശരാകുന്നത് കുറച്ചധികം റേഡിയോ ആസ്വാദകർ ആയിരിക്കും… സ്നേഹത്തോടെ മാത്രം സംസാരിക്കാൻ അറിയുന്ന സുഷമ മാഡത്തിന് റിട്ടയർമെന്റ് ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു…