മലയാളം ഇ മാഗസിൻ.കോം

പുതുവർഷത്തിൽ നിർണ്ണായക മാറ്റത്തിനൊരുങ്ങി വാട്ട്സ്‌ആപ്പ്‌ ഒപ്പം ആ വലിയ ഫീച്ചർ ‘മുക്കി’ ഗൂഗിളും

പുതുവര്‍ഷത്തില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി വാട്‌സ് ആപ്പ്. വിവിധ ഡിവൈസുകളില്‍ ഒരേസമയം ഒരു വാട്‌സ് ആപ്പ് അക്കൗണ്ടിലെ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള മാറ്റത്തിനാണ് വാട്‌സാപ്പ് ഒരുങ്ങുന്നത്. ഇതിനുള്ള പരീക്ഷണങ്ങള്‍ വാട്‌സ് ആപ് ആരംഭിച്ചതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനൊപ്പം വിഡിയോകളും ചിത്രങ്ങളും കോപ്പി ചെയ്ത് വാട്‌സ് ആപ്പ് ചാറ്റ് ബാറില്‍ നേരിട്ട് പേസ്റ്റ് ചെയ്ത് അയക്കാനുള്ള സൗകര്യവും വാട്‌സ് ആപ്പില്‍ പുതുതായി എത്തും. ഇരു ഫീച്ചറുകളുടെയും പരീക്ഷണം ഐ.ഒ.എസിലാണ് നിലവില്‍ പുരോഗമിക്കുന്നത്. ഒന്നിലധികം ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ആന്‍ഡ്രോയിഡില്‍ പരീക്ഷിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഐ.ഒ.എസിലേക്കും ഫീച്ചറെത്തുന്നത്.നേരത്തെ വോയ്‌സ് വിഡിയോ കോളുകള്‍ വെബ് വേര്‍ഷനില്‍ വാട്‌സ് ആപ് പരീക്ഷിച്ചിരുന്നു. ഇതിന്റെ ബീറ്റ പരീക്ഷണങ്ങളായിരുന്നു നടത്തിയത്. എന്നാല്‍, ഫീച്ചര്‍ ഇതുവരെ വാട്‌സ് ആപ് പുറത്തിറക്കിയിട്ടില്ല.

ഗൂഗിള്‍ പിക്സല്‍ 5, പിക്സല്‍ 4എ 5ജി എന്നീ ഫോണുകളില്‍ വലിയ പ്രധാന്യം നല്‍കി ഗൂഗിള്‍ അവതരിപ്പിച്ച പ്രത്യേകതകള്‍ ആരും അറിയാതെ മുക്കിയതായി പരാതി. ഗൂഗിള്‍ പിക്സല്‍ ഫോണിലെ ക്യാമറ ഫീച്ചറാണ് പുതിയ അപ്ഡേഷനിലൂടെ അപ്രത്യക്ഷമായത്. നേരത്തെ ഈ ഫോണുകളുടെ പുറത്തിറക്കല്‍ സമയത്ത് ഏറെ ചര്‍ച്ചയായ ഫീച്ചറായ ‘ആസ്ട്രോഫോട്ടോഗ്രഫി’ ഫീച്ചറാണ് നവംബറില്‍ വന്ന ക്യാമറ 8.1 അപ്ഡേറ്റോടെ കാണാതായത്.

ആകാശകാഴ്ചകളുടെ ചിത്രങ്ങള്‍ ഗൂഗിള്‍ പിക്സല്‍ പുതിയ ഫോണുകളുടെ അള്‍ട്ര വൈഡ് ക്യാമറയിലൂടെ എടുക്കാന്‍ സാധിക്കുന്നതായിരുന്നു ‘ആസ്ട്രോഫോട്ടോഗ്രഫി’ എന്ന ഫീച്ചറിന്‍റെ പ്രത്യേകത. ക്യാമറയിലെ നൈറ്റ് സൈറ്റ് ഓപ്ഷന്‍ എടുത്താല്‍ ഇത് സാധ്യമാകുമായിരുന്നു. ആകാശത്തിന്‍റെ മിഴിവാര്‍ന്ന 107 ഡിഗ്രി ഫീല്‍ഡ് ചിത്രം ഈ ഫീച്ചര്‍ വഴി ലഭിച്ചിരുന്നു.

എന്നാല്‍ പുതിയ ഗൂഗിള്‍ ക്യാമറ 8.1 അപ്ഡേഷന് ശേഷം, സാധാരണ നൈറ്റ് സൈറ്റ് മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ‘ആസ്ട്രോഫോട്ടോഗ്രഫി’ എന്ന ഫീച്ചര്‍ ലഭ്യമല്ല. അതേ സമയം 9 ടു 5 ഗൂഗിള്‍ സൈറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍ നല്‍കിയ അപ്ഡേഷന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പഴയ ഗൂഗിള്‍ ക്യാമറ 7.6 പതിപ്പിലേക്ക് പോയാല്‍ നിങ്ങള്‍ക്ക് വീണ്ടും ‘ആസ്ട്രോഫോട്ടോഗ്രഫി’ എന്ന ഫീച്ചര്‍ ലഭിക്കും എന്നാണ്.

Avatar

Staff Reporter