മലയാളം ഇ മാഗസിൻ.കോം

ജനിതക മാറ്റം സംഭവിച്ച്‌ രാജ്യത്ത്‌ വ്യാപിക്കുന്ന പുതിയ കൊറോണ വൈറസിന്റെ ലക്ഷണങ്ങളും പുതിയത്‌, ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടെങ്കിൽ സൂക്ഷിക്കണം

രാജ്യത്ത്​ കോവിഡ്​ ബാധ പിടിവിട്ട്​ കുതിക്കുന്ന സാഹചര്യത്തിൽ പല സംസ്​ഥാനങ്ങളും ലോക്​ഡൗണിന്​ സമാനമായ നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തുകയാണ്​. കൊറോണ വൈറസ് ബാധയ്ക്ക് നിരവധി ലക്ഷണങ്ങളുണ്ട്. എന്നാൽ ചിലരിൽ ഒരു ലക്ഷണവും പ്രകടമാവണമെന്നില്ല. മറ്റു ചിലരിലാകട്ടെ ലക്ഷണങ്ങൾ ഗുരുതരവുമാകാം. ആഗോള ആരോഗ്യ ഏജൻസികൾ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളെ തരംതിരിച്ചിട്ടുണ്ട്. വകഭേദം സംഭവിച്ച വൈറസ്​ വ്യാപനം കാരണം രോഗബാധിതരിൽ പുതിയ പല രോഗ ലക്ഷണങ്ങളും​ കാണിക്കുന്നുണ്ട്​​.

കൊറോണ വൈറസ് വ്യാപനം കാരണം രോഗബാധിതരില്‍ പുതിയ പല രോഗ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. സാധാരാണയായി പനി, ശരീരവേദന, രുചിയും മണവും നഷ്ടപ്പെടല്‍, ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് കോവിഡ് ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്. ലണ്ടനിലെ ഇംപീരിയൽ കോളജിലെ ഗവേഷകർ നടത്തിയ പുതിയ പഠനം അനുസരിച്ച് തലവേദന, വിശപ്പില്ലായ്‌മ, പേശീവേദന, കുളിരും വിറയലും എന്നിവ കോവിഡ് ലക്ഷണങ്ങളിൽ പെടുന്നു.

പകുതിയിലധികം കോവിഡ് ബാധിതരില്‍ ഇതുവരെ കണ്ടുവരാത്ത രോഗലക്ഷണങ്ങളാണ് കാണുന്നതെന്നാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സൂചിപ്പിക്കുന്നത്.

വായ വരണ്ടുണങ്ങുന്നതാണ് ഇതില്‍ പ്രധാനമായി പറയുന്നത്. വായില്‍ ഉമിനീര്‍ ഉദ്പാദിപ്പിക്കാത്ത അവസ്ഥയാണ് ‘ക്‌സീറോസ്‌റ്റോമിയ’. ഇത് വായ് വരണ്ടു പോകുവാന്‍ കാരണമാകുന്നു. ഉമിനീരിന്റെ ഘടനയിലെ മാറ്റമോ അല്ലെങ്കില്‍ ഉമിനീര്‍ ഒഴുക്ക് കുറയുന്നതോ ഇതിന് കാരണമാകാം.

കോവിഡ് ബാധയുടെ പ്രാരംഭ ഘട്ടത്തിലാണ് ഈ ലക്ഷണം കണ്ടുവരുന്നത്. ഇതിന് ശേഷമാകും മറ്റ് ലക്ഷണങ്ങളായ പനിയും തൊണ്ടവേദനയുമെല്ലാം അനുഭവപ്പെടുക.

വരണ്ട നാവാണ് പുതിയ കോവിഡ് ലക്ഷണങ്ങളില്‍ രണ്ടാമത്തേത്. ഇക്കാലയളവില്‍ നാവ് വെള്ള നിറമായി മാറുന്നു. ചിലപ്പോള്‍ നാവില്‍ വെളുത്ത നിറത്തിലുള്ള കുത്തുകള്‍ പ്രത്യക്ഷപ്പെടും. ഈ ലക്ഷണങ്ങള്‍ കണ്ടുവരുന്ന ആളുകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പ്രയാസമുണ്ടാകും. ഉമിനീര്‍ കുറവായതിനാല്‍ തന്നെ ഭക്ഷണം ചവച്ചരച്ച് കഴിക്കാന്‍ സാധിക്കില്ല. സാധാരണ നിലയില്‍ സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും.

ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ അടിയന്തിരമായി ചികിത്സ തേടേണ്ടതാണ്. ഇത് വൈറസ് വ്യാപനം തടയാന്‍ സാധിക്കും.

കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നതിൽ പ്രായവും ഒരു ഘടകമാണ്. ഉദാഹരണത്തിന് കോവിഡ് പോസിറ്റീവായ എല്ലാ പ്രായത്തിലുള്ളവർക്കും വിറയലും കുളിരും അനുഭവപ്പെടുന്നതായി കണ്ടു. അതേ സമയം 5 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും ടീനേജുകാർക്കും തലവേദന അനുഭവപ്പെട്ടിരുന്നു. 18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് വിശപ്പില്ലായ്‌മയും ഉണ്ടായി. പേശിവേദന മുതിർന്നവരിൽ കോവിഡിന്റെ ലക്ഷണം ആയിരുന്നു. കുട്ടികളിൽ ചുമ, പനി, വിശപ്പില്ലായ്‌മ എന്നിവ അനുഭവപ്പെട്ടിരുന്നു.

കോവിഡ് ബാധിച്ചവരിൽ മിക്കവരും പരിശോധന നടത്തുന്നില്ലെന്നും അതുകൊണ്ടുതന്നെ സെൽഫ് ഐസൊലേറ്റ് ചെയ്യുന്നില്ലെന്നും ഇതിനു കാരണം പലപ്പോഴും കോവിഡിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാത്തതു കൊണ്ടാണ് എന്നും പഠനം നടത്തിയ REACT പ്രോഗ്രാമിന്റെ ഡയറക്ടർ ആയ പ്രൊഫ. പോൾ എലിയറ്റ് പറയുന്നു.

Avatar

Staff Reporter