മലയാളം ഇ മാഗസിൻ.കോം

ഇനി എല്ലാവർക്കും ബിവറേജസിൽ പോയി മദ്യം വാങ്ങാൻ സാധിക്കില്ല, കടുത്ത നിയന്ത്രണങ്ങളും നിർദ്ദേശങ്ങളുമായി സർക്കാർ

സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി സര്‍ക്കാര്‍. ഒരു ഡോസ് വാക്‌സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ പരിശോധന ഫലമോ ഉള്ളവര്‍ക്ക് മാത്രമേ മദ്യം വാങ്ങാന്‍ കഴിയൂ. ഇന്ന് മുതല്‍ ഈ നിബന്ധന ബിവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലറ്റുകളിലടക്കം നടപ്പാക്കും. എല്ലാ ഔട്ട്‌ലറ്റുകളിലും ഇത് സംബന്ധിച്ച നോട്ടീസ് പതിക്കാന്‍ ബെവ്‌കോ നിര്‍ദേശം നല്‍കി.

കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ പൊലീസ് സാന്നിധ്യം ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലുണ്ടാകും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍, ഒരു ഡോസ് വാക്‌സിന്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് എടുത്തവര്‍.72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കോവിഡ് വന്നു പോയതിന്റെ സര്‍ട്ടിഫിക്കേറ്റ് ഉള്ളവര്‍. എന്നിങ്ങനെയാണ് മദ്യം വാങ്ങുന്നതിനായി ബെവ്‌കോ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

കോവിഡ് സാഹചര്യത്തിൽ കടകളിൽ സാധനങ്ങൾ വാങ്ങുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ബെവ്കോയിൽ ബാധകമാക്കാഞ്ഞത് ഹൈക്കോടതി വിമർശിച്ചിരുന്നു. സംസ്ഥാനത്തെ മദ്യശാലകളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടച്ചിടണമെന്ന് ഹൈക്കോടതി. ഉപഭോക്താക്കള്‍ക്ക് മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ബെവ്‌കോയ്ക്ക് ഹൈകോടതി നിര്‍ദേശം നല്‍കി.

മദ്യം വാങ്ങാന്‍ എത്തുന്ന ജനങ്ങളെ പകര്‍ച്ച വ്യാധികള്‍ക്ക് മുന്നിലേക്ക് തള്ളി വിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. മദ്യ വില്‍പ്പനശാലകളിലെ അടിസ്ഥാന സൗകര്യമില്ലായ്മ പരിഹരിക്കാത്തതില്‍ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് അസുഖം വന്നോട്ടെയെന്ന് കരുതാനാകില്ലെന്നും മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം. ഇതേത്തുടർന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം.

സൗകര്യങ്ങളില്ലാത്ത മദ്യ ഷോപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സൗകര്യമില്ലെന്ന് കണ്ടെത്തിയ ഷോപ്പുകള്‍ക്ക് എല്ലാം അനുമതി നല്‍കിയത് എക്സ്സൈസ് കമ്മീഷണറാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു മാസം വേണമെന്നും ബെവ്കോ അറിയിച്ചു.

Avatar

Staff Reporter