മലയാളം ഇ മാഗസിൻ.കോം

സൂരജിന്റെ സുഹൃത്ത്‌ സുരേഷ്‌ ലഹരിക്കായി പാമ്പിൻ കുഞ്ഞുങ്ങളെ നാവിൽ കടിക്കാൻ നൽകിയിരുന്നു: പുറത്തു വരുന്നത്‌ ഞെട്ടിക്കുന്ന കാര്യങ്ങൾ

ഉത്ര കൊലക്കേസിൽ പുതിയ വഴിത്തിരിവ്. കൊല്ലം അഞ്ചലിൽ യുവതിയെ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസിലെ പ്രതിയായ പാമ്പുപിടിത്തക്കാരൻ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമുള്ളതായി കണ്ടെത്തി. വനംവകുപ്പ് നടത്തിയ തെളിവെടുപ്പിലാണ് പുതിയ കണ്ടെത്തൽ. പാമ്പിനെ പിടികൂടുമ്പോൾ മുട്ടകളുണ്ടെങ്കിൽ, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവർക്ക് നാവിൽ കടിപ്പിക്കാൻ കൈമാറുക പതിവായിരുന്നുവെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

അതേസമയം തന്റെ സങ്കൽപ്പത്തിലുള്ള ഭാര്യയാകാൻ കഴിയാത്തതിനാലാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് ഭർത്താവും പ്രതിയുമായ സൂരജ് വനംവകുപ്പിന് മൊഴി നൽകി. സുരേഷിന്റെ പക്കൽനിന്നാണ് ഉത്രയുടെ ഭർത്താവ് സൂരജ് പാമ്പിനെ വാങ്ങിയത്. മൂർഖൻ പാമ്പിനെ വാങ്ങിയത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് സുരേഷിന് അറിയാമായിരുന്നു എന്നും സൂരജ് പറഞ്ഞു.

സൂരജിന് പാമ്പിനെ കൈമാറിയ സുരേഷ് വീട്ടിൽ വിരിയുന്ന പാമ്പുകളെ ജനവാസ മേഘലകളില്‍ നേരത്തെയും ഇറക്കിവിട്ടുണ്ടെന്ന് കണ്ടെത്തി.ഉത്ര മരിക്കുന്നതിന് മുന്‍പും ഇത്തരം പ്രവര്‍ത്തികളില്‍ സുരേഷ് ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഇതിലൂടെ അന്വേഷണസംഘത്തിന് കണ്ടെത്താനായി. കല്ലുവാതുക്കളെ ശാസ്ത്രിമുക്കിലെ ഒരു പുരയിടത്തില്‍ നിന്നാണ് സുരേഷ് ആദ്യം ഉത്രയെ കടിപ്പിച്ച അണലിയെ പിടികൂടിയത്.

ചാത്തന്നൂരിലെ എസ്ബിഐയ്ക്ക് സമീപത്ത് വച്ചാണ് സുരേഷ് പാമ്പുകളെ സൂരജിന് കൈമാറിയത്. കൂടുതല്‍ തെളുവുകള്‍ക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. സുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതിനെ പിന്നീട് വനപാലകര്‍ വനത്തില്‍ കൊണ്ടുപോയി വിടുകയായിരുന്നു. ഉത്രയെ കൊലപ്പെടുത്താന്‍ സുരേഷ് അണലിയേയും മൂര്‍ഖനെയുമാണ് സൂരജിന് കൈമാറിയതെന്ന് പരിശോധനയില്‍ കണ്ടെത്തി.

നാലു വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും പിടികൂടിയ പാമ്പുകളെ പിന്നീട് എവിടെ നിന്നും പിടിച്ചാണ് സൂരജിന് നല്‍കിയതെന്ന പൊലീസിന്റെ ചോദ്യത്തിന് ഓര്‍മ്മയില്ലെന്നാണ് സുരേഷ് പറയുന്നത്. പാമ്പിനെ പിടികൂടി വില്‍പന നടത്തിയതിനും, തല്ലിക്കൊന്നു എന്നീ കുറ്റങ്ങള്‍ വനംവകുപ്പ് രണ്ടു പേര്‍ക്കുമെതിരേ ചുമത്തിയിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഏഴ് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ഇത്.

മൂർഖനെ പിടികൂടിയ ആലംകോട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതി സുരേഷിനെ വീണ്ടും എത്തിച്ച് തെളിവെടുത്തു. മൂർഖൻ കൊഴിച്ചിട്ട പടം ഇവിടെനിന്നു കണ്ടെത്തി. ഇത് കൂടുതൽ പരിശോധനയ്ക്ക് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്നോളജിയിലേക്ക് അയച്ചു. പ്രശസ്ത പാമ്പുപിടുത്തക്കാരൻ വാവാ സുരേഷും തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി സർജൻ ഡോ. ജേക്കബും ആലംകോട്ട് എത്തിയിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ചൊവ്വാഴ്ച സൂരജിനെയും സുരേഷിനെയും വീണ്ടും മൂന്നുദിവസത്തെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അഞ്ചൽ റെയ്ഞ്ച് ഓഫീസർ ബി ആർ ജയൻ പറഞ്ഞു.

Avatar

Staff Reporter