മലയാളം ഇ മാഗസിൻ.കോം

ഒരു ജോലി ഉള്ളതുകൊണ്ട് മാത്രം ആധുനിക സമൂഹം നേരിടുന്ന ചില വെല്ലുവിളികൾ

വേണ്ടത്ര വിദ്യാഭ്യാസമൊക്കെ നേടിക്കഴിഞ്ഞാൽ പിന്നെ ഒരു നല്ല ജോലി ലഭിക്കുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. അത്‌ ആണായാലും പെണ്ണായാലും ആ ആഗ്രഹത്തിന് മാറ്റമില്ല.  എന്നാല്‍ ജോലി ലഭിച്ചാല്‍ ഒപ്പം മറ്റു ചില പ്രശ്നങ്ങള്‍ അവരെ അലട്ടാന്‍ തുടങ്ങുന്ന കാഴ്ച്ചയ്ക്കാണ് ആധുനിക സമൂഹം ഇപ്പോള്‍ സാക്ഷിയാകുന്നത്. സാമ്പത്തികമായി അല്‍പം ആശ്വാസമാകുമെങ്കിലും മാനസികമായി പലരും സ്വന്തം ജോലി മൂലം തളരുകയാണ്. ജോലിയെടുക്കുന്നത് മൂലമുള്ള മാനസിക സമ്മര്‍ദ്ദം ആളുകളില്‍ വളരെ അധികമാണെന്ന് ഒരു സർവ്വേ വ്യക്തമാക്കുന്നു. ജോലി മൂലം ആളുകളില്‍ വലിയ ആരോഗ്യപ്രശ്നമുണ്ടാകുന്നുണ്ട്, സർവ്വേ ചൂണ്ടിക്കാട്ടി. പുകവലി, മദ്യപാനം പോലുള്ള ലഹരികള്‍ക്ക് അടിമപ്പെടാന്‍ ജോലിയുടെ സമ്മര്‍ദ്ദം ഇവരെ നിര്‍ബന്ധിതരാക്കുകയായിരുന്നു. വ്യായാമമില്ലായ്മയും കൂടി ചേരുമ്പോള്‍ ശാരീരികവും മാനസികവുമായി വലിയ ബുദ്ധിമുട്ടുകളാണ് ആളുകള്‍ക്കുണ്ടാക്കുന്നത്.

ഭക്ഷണം കഴിക്കുന്നത് വല്ലാതെ കുറയുകയും വ്യായാമം ഇല്ലാതാകുന്നതുമാണ് പ്രധാന പ്രശ്നമെന്നു സര്‍വെയില്‍ പങ്കെടുത്ത പകുതിയോളം പേരും പറഞ്ഞു. ജീവിത രീതി നിയന്ത്രിക്കുന്നതിനായി പത്ത് മിനിറ്റോളം ദിവസവും വിനിയോഗിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. ഈ കാരണങ്ങള്‍ മൂലം സമ്മര്‍ദ്ദവും വിശ്രമ രഹിതവുമായ രീതിയില്‍ ജോലിയെടുക്കുന്നത് ആളുകളെ വേഗത്തിലുള്ള മരണത്തിലേക്കാണ് തള്ളിവിടുന്നതെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ നടത്തിയ സര്‍വെയിലാണ് ഇത്തരത്തില്‍ ഒരു കണ്ടെത്തല്‍.

വിശാലമായ സര്‍വെയായിരുന്നു ഹാര്‍ട്ട് ഫൗണ്ടേഷനില്‍ നടത്തിയത്. നാല്‍പ്പത് ശതമാനത്തോളം പേര്‍ക്കും ജോലി വളരെ പ്രതിലോമകരമായാണ് അവരുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നത് എന്ന് പഠനത്തില്‍ കണ്ടെത്തി. അഞ്ച് വര്‍ഷം നീണ്ട പഠനമായിരുന്നു ഹാര്‍ട്ട് ഫൗണ്ടേഷന്‍ നടത്തിയത്. അറുപത് ശതമാനം പേരും പണം ലഭിക്കാതെ അധിക ജോലി എടുക്കുന്നവരാണ്. ഇങ്ങനെ ആഴ്ച്ചയില്‍ 5 മണിക്കൂറെങ്കിലും ജോലി ചെയ്യേണ്ടി വരുന്നു. ശരീരത്തെ കാര്യക്ഷമമായി കൊണ്ടുപോയില്ലെങ്കില്‍ എന്തെല്ലാം കാര്യങ്ങളാണ് സംഭവിക്കുക എന്നതായിരുന്നു പഠനത്തിന്‍റെയും സര്‍വെയുടേയും പ്രധാന വിഷയമെന്ന് സ്ഥാപനത്തിലെ ഗവേഷകയായ ലിസ യങ് പറയുന്നു.

Staff Reporter