മലയാളം ഇ മാഗസിൻ.കോം

സൈബർ ലോകത്ത്‌ എന്തുമാകാമെന്ന ധാരണ ഇനി വേണ്ട: സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇടും മുൻപ്‌ ഇക്കാര്യങ്ങൾ അറിഞ്ഞു വച്ചോളൂ

സൈബർ ലോകത്ത്‌ എന്തുമാകാമെന്ന ധാരണ ഇനി വേണ്ട. സമൂഹമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അതിന്‌ തടയിടാനൊരുങ്ങുകയാണ്‌ സർക്കാർ. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന്‌ നിലവിലുള്ള നിയമ വ്യവസ്ഥകൾ അപര്യാപ്തമായതിനാൽ പൊ ലീസ്‌ ആക്ടിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചിരിക്കുകയാണ്‌ സംസ്ഥാനം. ഈ ഭേദഗതി, ഓർഡിനൻസായി പുറപ്പെടുവിക്കുന്നതിന്‌ ഗവർണറോട്‌ ശുപാർശ ചെയ്യാൻ ഒക്ടോബർ 21ന്‌ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

സ്വകാര്യജീവിതത്തിനും സൈബർ ആക്രമണങ്ങൾ വലിയ ഭീഷണിയായിരിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള പൊ ലീസ്‌ ആക്ടിൽ 118-എ എന്ന വകുപ്പ്‌ കൂട്ടിച്ചേർക്കാനാണ്‌ മന്ത്രിസഭ ശുപാർശ ചെയ്യുന്നത്‌. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച്‌ ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക്‌ അഞ്ചുവർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ്‌ കൂട്ടിച്ചേർക്കുന്ന വകുപ്പിലുള്ളത്‌.

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചരണങ്ങളെ കുറിച്ച്‌ കേരള ഹൈക്കോടതി തന്നെ മെയ്‌ മാസത്തിൽ ഒരു കേസിൽ പരാമർശിച്ചിരുന്നു. വർധിച്ചുവരുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ ചീഫ്‌ സെക്രട്ടറിക്കും പൊലീസ്‌ മേധാവിക്കും ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു.

കോവിഡ്‌ കാലത്ത്‌ സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങളും വിദ്വേഷ പ്രസ്താവനകളും ഏറെ വർധിച്ചിട്ടുണ്ട്‌. ഇതെല്ലാം കണക്കിലെടുത്താണ്‌ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്‌. ആശങ്കാജനകമായ രീതിയിൽ അടുത്ത കാലത്ത്‌ സൈബർ വേദികൾ ഉപയോഗിച്ച്‌ നടത്തിയ ചില കുറ്റകൃത്യങ്ങൾ സ്ത്രീകൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്‌ തീരുമാനം.

2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പൊ ലീസ്‌ ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിനു എതിരാണ്‌ എന്നു കണ്ട്‌ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടാൻ പൊലീസിന്‌ കഴിയാത്ത സാഹചര്യമുണ്ട്‌. ഇതെല്ലാം കണക്കിലെടുത്താണ്‌ നിയമത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചത്‌.

Avatar

Staff Reporter