മലയാളം ഇ മാഗസിൻ.കോം

പതിനായിരം കടന്ന് രോഗികൾ, രോഗവ്യാപനം ഉയരുന്നു, കേരളത്തിൽ കോവിഡ്‌ നിയന്ത്രണങ്ങളും കടുപ്പിക്കുന്നു: പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ

കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും നിയന്ത്രണം വരുന്നു. പരമാവധി 50 മുതൽ 100 പേർ വരെ മാത്രമേ ഇനി പൊതുപരിപാടികളിൽ പങ്കെടുക്കാവൂ. ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവായവരോ, വാക്സീൻ രണ്ട് ഡോസും എടുത്തവരോ മാത്രമേ ഇനി ഷോപ്പിംഗ് മാളുകളിൽ പ്രവേശിക്കാവൂ.

അടുത്ത രണ്ടാഴ്ചത്തേയ്ക്ക് കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവു എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഹോട്ടലുകളിലും പകുതി സീറ്റില്‍ മാത്രമായിരിക്കും പ്രവേശനം. പൊതുപരിപാടികളുടെ ദൈർഘ്യം കുറയ്ക്കും. ചടങ്ങുകളിൽ ഹാളിൽ നൂറുപേർക്ക് മാത്രമാകും പ്രവേശനം. പൊതുപരിപാടികളിൽ ഭക്ഷണവിതരണം പാടില്ലെന്നും ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്തിന് അകത്തുള്ള യാത്രകൾക്കും സംസ്ഥാനാന്തര യാത്രകൾക്കും വിലക്കില്ല. എന്നാൽ, ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ജാഗ്രത പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമാക്കും. ഇഫ്താർ സംഗമത്തിൽ അടക്കം മതപരമായ ചടങ്ങുകളിൽ ഒത്തുചേരൽ ഒഴിവാക്കണമെന്ന് ഉത്തരവിൽ പറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ ജില്ലകളിൽ കളക്ടർമാർക്ക് 144 പ്രഖ്യാപിക്കാമെന്നും ഉത്തരവിലുണ്ട്.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ രോഗം നിയന്ത്രിക്കാന്‍ സ്വീകരിക്കേണ്ട മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളിലൂടെ കോവിഡ് നിയന്ത്രിക്കാനാകുമെന്ന് സര്‍ക്കാര്‍ വ്യക്തത വരുത്തി. വ്യാപകമായ പരിശോധന, കര്‍ശനമായ നിയന്ത്രണങ്ങള്‍, ഊർജിതമായ വാക്സിനേഷൻ എന്നിങ്ങനെ മുന്‍കരുതലുകളാണ് ഇതിനായി സ്വീകരിക്കേണ്ടത്. തിരക്കുള്ള മാളുകളിലും മാര്‍ക്കറ്റുകളില്‍ നിയന്ത്രണവും പരിശോധനയും കര്‍ശമാക്കും. അതേസമയം മാളുകളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ല.

കോവിഡ് മുന്നണി പ്രവർത്തകർ, കോവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല,ഷോപ്പിങ് മാളുകള്‍ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എകര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് കൂടുതൽ വാക്സീൻ എത്തിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ തീരുമാനമായി. വാക്സീൻ കിട്ടുന്ന മുറയ്ക്ക് മെഗാ വാക്സിനേഷൻ ക്യാമ്പുകൾ വിപുലീകരിക്കും. ഒരു ദിവസം രണ്ടര ലക്ഷം വരെ പേർക്ക് വാക്സീൻ നൽകാൻ തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്തെ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗങ്ങളിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കാനും ധാരണയായി.

പ്രാദേശിക തലത്തിൽ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കളക്ടർമാർക്ക് ഇതിനകം നൽകിയിട്ടുണ്ട്. ഇത് കൂടാതെ പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ആലോചന.

ഈ മാസം 19 മുതൽ കൂടുതൽ മാസ് വാക്സീൻ വിതരണകേന്ദ്രങ്ങൾ സജ്ജമാക്കും. വാക്സീൻ വിതരണം ത്വരിതഗതിയിലാക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചാകും ഇത് നടപ്പാക്കുക. വാക്സിനേഷൻ വഴി ആർജിതപ്രതിരോധശേഷി പരമാവധി പേരിൽ ഉണ്ടാക്കുകയാണ് ലക്ഷ്യം.

രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  തിങ്കളാഴ്ച മുതൽ സന്ദർശക വിലക്ക് ഏർപ്പെടുത്തി. ആശുപത്രിയിൽ തിരക്കൊഴിവാക്കാൻ രോഗിയോടൊപ്പം കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കുകയുള്ളൂ.  കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ  ചികിത്സയിൽ കഴിയുന്ന രോഗികളുടെ സുരക്ഷ മുൻനിർത്തി സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടിയുമായി സഹകരിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മറ്റു നിര്‍ദേശങ്ങള്‍
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശനമായ നിയന്ത്രണം തുടരണം.
സംസ്ഥാനത്ത് വിവാഹം,ഗൃഹപ്രവേശം, പൊതുപരിപാടികള്‍, എന്നിവയ്ക്ക് ഇനി മുന്‍കൂര്‍ അനുമതിവേണം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമായിരിക്കും മാളിലും മാര്‍ക്കറ്റിലും പ്രവേശനം.
നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണം.
വാക്‌സിന്‍ രണ്ടാമത്തെ ഡോസ് എടുത്തവര്‍ക്കും മാളില്‍ പ്രവേശിക്കാം.
സ്‌കൂള്‍ കുട്ടികള്‍ക്ക് ബസ് സൗകര്യം കൃത്യമായി ഏര്‍പ്പെടുത്താന്‍ നിര്‍ദേശം.
ട്യൂഷന്‍ സെന്ററുകളില്‍ ജാഗ്രത പുലര്‍ത്തണം.
പൊതുപരിപാടികളില്‍ 50 മുതല്‍ 100 വരെ പേര്‍ക്ക് മാത്രം പ്രവേശനം.

ഉത്സവങ്ങൾ, പെരുന്നാളുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവ നടത്തുമ്പോൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിൽനിന്നു മുൻകൂർ അനുമതി വാങ്ങിയിരിക്കണം. കഴിയുന്നതും ചടങ്ങുകൾ മാത്രമായി ഇവ പൂർത്തിയാക്കണം. അന്നദാനം അടക്കമുള്ള പരിപാടികൾ ഒഴിവാക്കണം. ആരാധാനാലയങ്ങളിൽ ടാങ്കുകളിലും മറ്റും വെള്ളം സംഭരിച്ച് പൊതുവായി ഉപയോഗിക്കുന്നതിനു പകരം പൈപ്പ് വഴി വെള്ളം ഉപയോഗിക്കണം. ആവശ്യത്തിനു സാനിറ്റൈസറും കൈ കഴുകുന്നതിനുള്ള മറ്റു സൗകര്യങ്ങളും എല്ലായിടത്തും ഉറപ്പാക്കണം.

ഇൻഡോർ പരിപാടികളിൽ 75ഉം ഔട്ട് ഡോർ പരിപാടികളിൽ 150 പേരും മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. സാമൂഹിക അകലം കർശനമായി ഉറപ്പാക്കണം. പത്തു വയസിനു താഴെയുള്ള കുട്ടികളും 60 വയസിനു മുകളിലുള്ളവരും ഗർഭിണികളും വീടുകളിൽത്തന്നെ കഴിയണമെന്നും കളക്ടർ പറഞ്ഞു.

ആരാധനാലയങ്ങൾക്കുള്ളിലും പുറത്തും വീടുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അനൗൺസ്‌മെന്റ് നടത്തണം. തിരക്കേറിയ സമയങ്ങളിൽ നിർബന്ധമായും അനൗൺസ്‌മെന്റ് വേണം. ആരാധനാലയങ്ങളിലെ 45 വയസിനു മേൽ പ്രായമുള്ള എല്ലാ പുരോഹിതന്മാരും സഹായികളും കോവിഡ് വാക്‌സിൻ എടുക്കണമെന്നു കളക്ടർ അഭ്യർഥിച്ചു. വാക്‌സിൻ എടുത്തിട്ടില്ലാത്തവരും 45 വയസിനു താഴെ പ്രായമുള്ള മറ്റുള്ളവരും ഓരോ 15 ദിവസം കഴിയുമ്പോഴും ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റിവാണെന്ന് ഉറപ്പാക്കണമെന്നും തിരുവനന്തപുരം കളക്ടർ പറഞ്ഞു.

Avatar

Staff Reporter