മലയാളം ഇ മാഗസിൻ.കോം

തിരുവനന്തപുരത്തിനു പിന്നാലെ എറണാകുളത്തും കോഴിക്കോട്ടും കോവിഡ്‌ നിയന്ത്രണങ്ങൾ കടുപ്പിച്ചു: പുറത്തിറങ്ങുന്നവർ അറിയേണ്ട കാര്യങ്ങൾ

കൊവിഡ് ടിപിആർ കുത്തനെ കൂടിയ പശ്ചാത്തലത്തില്‍ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താന്‍ തീരുമാനം. ബീച്ചിലടക്കം നിയന്ത്രണം കടുപ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലിയിൽ പൊതുയോഗങ്ങൾ വിലക്കും, ബസ്സില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല, നഗരത്തിലടക്കം പരിശോധന കർശനമാക്കുമെന്നും കളക്ടർ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.

അതേസമയം, ഒമിക്രോൺ ബാധ രോഗ പ്രതിരോധശേഷി കൂട്ടുമെന്നും രോഗം വന്നാലും ഗുരുതമാകില്ലെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം അസംബന്ധമെന്ന് വിദഗ്ധർ ഓർമ്മപ്പെടുത്തി. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളില്‍ 38 പേർക്ക് ഒമിക്രോൺ സാധ്യത സ്ഥിരീകരിച്ചത് സമൂഹ വ്യാപനം തുടങ്ങിയെന്നതിന് തെളിവാണെന്നും ഡോക്ടർമാർ പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളത്തും കര്‍ശനനിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. ജില്ലയില്‍ എല്ലാ പൊതു പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തി. നേരത്തെ തീരുമാനിച്ച പരിപാടികളും മാറ്റി വയ്ക്കണം. സര്‍ക്കാര്‍ ചടങ്ങുകളും യോഗങ്ങളും ഓണ്‍ലൈനായി മാത്രമായി നിശ്ചയിക്കണം.

മരണാനന്തര ചടങ്ങുകള്‍, വിവാഹം എന്നിവയ്ക്ക് പരമാവധി 50 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. ഷോപ്പിംഗ് മാളുകളിലും ജനത്തിരക്ക് നിയന്ത്രിക്കാന്‍ 25 സ്‌ക്വയര്‍ ഫീരില്‍ ഒരാളെന്ന നിലയിലാണ് പ്രവേശനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ സ്ഥാപനം 15 ദിവസം അടച്ചിടണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലും കര്‍ശനനിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുളള പ്രവേശനം നിഷേധിച്ചു. പൊന്മുടിയില്‍ തിങ്കളാഴ്ച വരെയാണ് പ്രവേശനം. ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 40 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ ഇവാനിയോസ് കോളേജും അടച്ചു. 31-ാം തീയതി വരെ ഓണ്‍ലൈനായി ക്ലാസുകള്‍ തുടരുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഒന്ന്, മൂന്ന് സെമസ്റ്ററുകളുടെ ഇന്റേണല്‍ പരീക്ഷകളും, 25ാം തീയതി നടത്താനിരുന്ന കോളേജ് തെരഞ്ഞെടുപ്പും മാറ്റി വെച്ചിട്ടുണ്ട്.

ALSO, WATCH THIS VIDEO

Avatar

Staff Reporter