മലയാളം ഇ മാഗസിൻ.കോം

പറഞ്ഞതൊക്കെയും കള്ളം? യുവതിയെ 10 വർഷം ഒളിച്ചു താമസിപ്പിച്ചുവെന്ന വെളിപ്പെടുത്തലിന്‌ പുതിയ ട്വിസ്റ്റ്‌

നെന്മാറയില്‍ വീട്ടുകാർ എതിർത്തതിനെ തുടർന്ന് രണ്ടു മത വിഭാഗത്തിൽപ്പെട്ട കമിതാക്കൾ യുവാവിന്റെ വീട്ടിൽ ആരുമറിയാതെ ഒളിച്ചു താമസിച്ചത് നീണ്ട പത്തുവർഷം എന്ന വെളിപ്പെടുത്തൽ പുറത്തു വന്നത്‌ കഴിഞ്ഞ ദിവസമാണ്‌. വീട്ടുകാരും നാട്ടുകാരും പ്രണയ സാഫല്യം അംഗീകരിക്കാതായതാണ് റഹ്‌മാൻ എന്ന യുവാവിനെ സാഹസത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു ഇരുവരും മാധ്യമങ്ങളോടടക്കം പറഞ്ഞിരുന്നത്‌.

അതേ സമയം യുവതിയെ പത്തുവര്‍ഷം മുറിയില്‍ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി മാതാപിതാക്കള്‍ രംഗത്തു വന്നിരിക്കുകയാണ്‌ ഇപ്പോൾ. മൂന്നു മാസം മുൻപ് ആണ് സജിത പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയുന്ന ജനലിന്‍റെ അഴികള്‍ മുറിച്ചുമാറ്റിയതെന്ന് റഹ്മാന്‍റെ പിതാവ് മുഹമ്മദ് കരീമും മാതാവ് ആത്തികയും മാധ്യമങ്ങളോടു പറഞ്ഞു.

പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ അറിയുമായിരുന്നു. റഹ്മാന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മൂന്നു വര്‍ഷം മുൻപ് വീടിന്‍റെ മേല്‍ക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്‍റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്.

ഒരു കട്ടില്‍ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോയ് മാത്രമാണുണ്ടായിരുന്നതെന്നും മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാന്‍ പറഞ്ഞത്. വര്‍ഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാന്‍റെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാൽ, റഹ്മാനും സജിതയും അവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്.

എന്നാൽ സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ: മൂന്നു മാസം മുമ്പ് കാണാതായ റഹിമാൻ എന്ന യുവാവിനെ സഹോദരൻ ബഷീർ നെന്മാറയിൽ കണ്ടു മുട്ടി. ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന റഹിമാൻ ടിപ്പർ ലോറി ഡ്രൈവറായ ബഷീറിനെ കണ്ടതും വേഗത കൂട്ടി. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നെന്മാറയിൽ പോലീസ് പരിശോധന നടക്കുന്നുണ്ടായിരുന്നു. പരിശോധനയ്ക്കുനിന്ന പൊലിസുകാരോട് ബൈക്ക് യാത്രികന്റെ പേരിൽ ചില കേസുകളുണ്ടെന്നും പിടിക്കണമെന്നും ബഷീർ അഭ്യർത്ഥിച്ചു. തുടർന്ന് വയർലെസ് സന്ദേശം ലഭിച്ച പൊലിസ് അടുത്ത ജംഗ്ഷനിൽ റഹിമാനെ പിടികൂടി. പുറകെയെത്തിയ ബഷീറിനോട് നിങ്ങളെന്നെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലേ എന്നു ചോദിച്ച് റഹിമാൻ കയർത്തു. വീട്ടിൽ നിന്നിറങ്ങി പോയതിനെക്കുറിച്ചു ചോദിച്ചപ്പോൾ എനിക്കൊരു പെണ്ണുണ്ട്. വിത്തനശേരിയിൽ വാടയ്ക്കു താമസിക്കുകയാണെന്ന് മറുപടിയും പറഞ്ഞു.

തുടർന്നു പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സിനിമയെ വെല്ലുന്ന ജീവിത കഥ പുറം ലോകം അറിഞ്ഞത്. 2010 ഫെബ്രുവരിയാണ് സംഭവങ്ങളുടെ തുടക്കം. അയിലൂർ കാരക്കാട്ട്പറമ്പ് മുഹമ്മദ് ഖനിയുടെ മകൻ റഹ്മാനാണ്(34) നാട്ടിലുള്ള വേലായുധന്റെ മകൾ സജിതയെ (28) സ്വന്തം വീട്ടിലെ മുറിയിൽ പത്തു വർഷം ഒളിപ്പിച്ചിരുത്തിയത്. 24 വയസ്സുകാരനായ യുവാവ് 18 കാരിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. പ്രണയത്തിനൊടുവിൽ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചുവെങ്കിലും ഇരു വീട്ടുകാരും വിവാഹത്തെ എതിർത്തതോടെയാണ് യുവതി വീടുവിട്ടിറങ്ങി യുവാവിനോടൊപ്പമെത്തി. അസൗകര്യങ്ങൾ കുറഞ്ഞ യുവാവിന്റെ വീട്ടിലെത്തിയ യുവതിയെ ശുചിമുറിയില്ലാത്ത മുറിയിൽ വീട്ടുകാർ പോലുമറിയാതെ താമസിപ്പിക്കുകയായിരുന്നു. സജിതയെ താലി കെട്ടി റഹിമാൻ അന്നു രാത്രി വീട്ടിലെ സ്വന്തം മുറിയിൽ താമസിപ്പിച്ചു.

ഒളിജീവിതത്തിനായി പിന്നെ റഹിമാൻ നടത്തിയതെല്ലാം സിനിമാക്കഥയെ വെല്ലും തിരക്കഥ. ഇലക്ട്രിക് കാര്യങ്ങളിൽ അഗ്രഗണ്യനായ റഹിമാൻ സ്വിച്ചിട്ടാൽ ലോക്കാവും വിധം വാതിലിന്റെ ഓടാമ്പൽ ഘടിപ്പിച്ചു. രണ്ടു വയറുകൾ മുറിയ്ക്ക് പുറത്തേക്കിട്ട് വീട്ടുകാരെ ഭയപ്പെടുത്തുകയും മാനസിക വിഭ്രാന്തിയുള്ളപോലെ പെരുമാറുകയും ചെയ്തു. തന്റെ കാര്യങ്ങൾ താൻ നോക്കും ഒന്നിലും ഇടപെടേണ്ട എന്ന മട്ടിലായി കാര്യങ്ങൾ. വയറുകൾ ഭിത്തിയിൽ മു്ടടിയിരിക്കുന്നതിനാൽ തന്റെ മുറിയുടെ കതകിൽ തൊട്ടാൽ ഷോക്കടിക്കും എന്നു ഭീഷണിപ്പെടുത്തി. ഒന്നു രണ്ടു പേർക്ക് ഷോക്കടിച്ചതോടെ വീട്ടുകാരും സമീപവാസികളും യുവാവിന്റെ മറിയിൽ കയറനുള്ള ശ്രമം ഉപേക്ഷിച്ചു. പിറ്റേദിവസം മുതൽ കുടുംബത്തൊടൊപ്പമിരുന്ന് ഇന്നുവരെ ഭക്ഷണം കഴിയ്ക്കാൻ റഹിമാൻ തയാറായിരുന്നില്ല.

പ്ലേറ്റിൽ സ്വയം വിളമ്പി മുറിയിൽ കൊണ്ടുചെന്ന് സജിതയ്ക്കൊപ്പമിരുന്ന് കഴിക്കുകയായിരുന്നു. ഒരു ജഗ്ഗ് ചായ കുടിക്കുന്നവനാണ് താനെന്ന് പറഞ്ഞ് ജഗ്ഗിൽ ചായയും വെള്ളവും എടുത്തു കൊണ്ടു പോകും. മാനസിക നില തെറ്റിയ മകനെന്ന പരിഗണന ബാപ്പയും ഉമ്മയും നൽകിയത് മുതലാക്കുകയും ചെയ്തു. മാതാപിതാക്കൾക്കും ഭാര്യയ്ക്കുമൊപ്പം ഒരേസമയം ജീവിച്ചു. വീടിനു പുറത്തിറങ്ങുമ്പോൾ മുറിയുടെ വാതിൽ പൂട്ടിയിടും. മുറിയുടെ വാതിൽ അകത്തുനിന്നു തുറക്കാൻ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കുകയും ചെയ്തു.

ഇതിനിടെ കഴിഞ്ഞ മൂന്നു മാസം മുമ്പാണ് യുവാവ് മറ്റൊരു സ്ഥാപനത്തിൽ ജോലിക്കു ചേർന്നത്. ഇതോടെ മുറിയ്ക്കകത്തേക്കുള്ള പ്രവേശനം വീടിന്റെ മേൽക്കുര വഴിയാക്കി. അങ്ങനെ ഒളിവിലിരിക്കെയാണ് സഹോദരൻ യുവാവിനെ കണ്ടെത്തുന്നത്. മകൾ മരിച്ചെന്നു സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ച യുവതിയുടെ മാതാപിതാക്കൾക്കും ഞെട്ടൽ വിട്ടുമാറിയിട്ടില്ല. നഷ്ടപ്പെട്ട മകളെ തിരിച്ചുകിട്ടിയതിന്റെ സന്തോഷവും തൊട്ടപ്പുറത്ത് കൺമുന്നിൽ നിന്നകന്നു ജീവിച്ചതിന്റെ പരിഭവവും അവർ പറഞ്ഞെങ്കിലും യുവാവിനൊപ്പം ഒന്നിച്ചു ജീവിയ്ക്കാൻ അനുവാദം നൽകി.

സംഭവം സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന, കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള വനിതാ കമ്മിഷന്‍ വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഉടന്‍തന്നെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും. സജിത എന്ന യുവതി അയല്‍വാസിയായ റഹ്മാന്‍ എന്ന യുവാവിനൊപ്പം ഇത്രയും കാലം അയാളുടെ വീട്ടിലെ ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും ഇതിനുള്ളില്‍ കഴിഞ്ഞുവെന്ന വാര്‍ത്ത അവിശ്വസനീയവും യുക്തിക്ക് നിരക്കാത്തതുമാണ്. ആര്‍ത്തവകാലമുള്‍പ്പെടെ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെ കഴിയാന്‍ നിര്‍ബന്ധിതയായിയെന്നത് അവരെ താമസിപ്പിച്ച റഹ്മാനെതിരെ നിയമനടപടി വേണ്ടതരത്തില്‍ മനുഷ്യാവകാശ ലംഘനമാണ്.

വാതിലില്‍ വൈദ്യുതികടത്തിവിട്ട് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിലൂടെ പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണ് ഈ സംഭവമെന്ന് കമ്മിഷന്‍ വിലയിരുത്തി. കാമുകി, കാമുകന്‍, പ്രണയം എന്ന നിസ്സാരപദങ്ങളിലൂടെ സംഭവത്തിന്റെ ഗൗരവം കുറച്ചുകാട്ടിയ ചില മാധ്യമങ്ങളുടെ ശ്രമം പൗരബോധമുള്ള സമൂഹത്തിന് യോജിച്ചതല്ലെന്നും കമ്മിഷന്‍ വിലയിരുത്തി.

Avatar

Staff Reporter