18
April, 2019
Thursday
07:47 PM
banner
banner
banner

‘കെവിൻ ചേട്ടൻ ബാക്കിയാക്കിയ സ്വപ്നങ്ങൾ എനിക്ക് യാഥാർഥ്യം ആക്കണം’: കെവിന്റെ ആത്മാവിനോടും കേരളത്തോടും നീനുവിന് പറയാനുള്ളത്‌!

കെവിൻ എന്ന ചെറുപ്പക്കാരനെ ഒരുപാട് സ്നേഹിച്ച് ഒന്നിച്ചൊരു ജീവിതം ഒരുപാട് ആഗ്രഹിച്ചാണ് നീനു എന്ന 21 വയസുകാരി പെണ്കുട്ടി കെവിനൊപ്പം ഇറങ്ങി തിരിച്ചത്. മാതാപിതാക്കൾ വച്ചു നീട്ടിയ സമ്പത്തിനെക്കാളും ആര്ഭാടങ്ങളെക്കാളും ജാതിമഹത്വത്തെക്കാളും അവൾക്ക് ഇഷ്ടം സാധാരണക്കാരനായ കെവിന്റെ ഭാര്യ ആയി ജീവിക്കുവാൻ ആയിരുന്നു.

കെവിന്റെ മരണം നൽകിയ ആഘാതം ചെറുത് അല്ല എങ്കിലും നീനു ഇനി കരയില്ല. അവൾക്ക് മുന്നിൽ ജീവിക്കുവാൻ ഉള്ള അടുത്ത പ്രതീക്ഷ കെവിന്റെ കുടുംബം ആണ്. കെവിൻ ബാക്കി വച്ചുപോയ കുറെ സ്വപ്നങ്ങളാണ്. ശക്തമായ പേമാരി വന്നാലും ഉലയാത്ത മനസുമായി ഒരു കുടുംബത്തെ മുഴുവൻ താങ്ങി നിർത്തുന്ന കെവിന്റെ അച്ഛൻ ജോസഫിന്റെ മനോബലം നീനുവിനും ആ അച്ഛൻ പകർന്നു നൽകി കഴിഞ്ഞു.

മകന്റെ മരണത്തിന് കാരണക്കാരി എന്നു പറഞ്ഞു മാറ്റി നിർത്താതെ മകളെപോലെ ചേർത്തുപിടിച്ച് ആ അച്ഛൻ പകർന്നു കൊടുത്ത ധൈര്യത്തിൽ കെവിന്റെ മരണശേഷം ആദ്യമായി നീനു ഒരു മാധ്യമത്തിന് മുന്നിൽ മനസു തുറന്നു സംസാരിച്ചിരിക്കുകയാണ്.

“രജിസ്റ്റർ മാരേജ് കഴിഞ്ഞ ഉടനെ പപ്പ ഫോൺ വിളിച്ചു, നേരിൽ കാണണം എന്ന് പറഞ്ഞു. കണ്ടാൽ മാത്രം മതിയെന്ന അപേക്ഷയെ തുടർന്ന് സ്റ്റേഷനിലേക്ക് കെവിനൊപ്പം പോയി. അവിടെ വച്ച് എസ്.ഐ കെവിനെ പിടിച്ച് തള്ളുകയും ഞങ്ങളെ ഒരുപാട് അസഭ്യം പറയുകയും ചെയ്തു.

എല്ലാം സഹിച്ചുകൊണ്ട് തന്നെ അവരോട് തീർത്തും പറഞ്ഞു പോകുന്നെങ്കിൽ അത് കെവിനൊപ്പം ആയിരിക്കും എന്ന്. പിന്നീട് വീട്ടുകാർ അനുനയിപ്പിക്കാൻ നോക്കി. ഒരു മാസത്തിനകം വിവാഹം നടത്തി തരാം എന്ന് പറഞ്ഞു. എങ്കിൽ അതുവരെ ഹോസ്റ്റലിൽ തന്നെ നിന്നോളാമെന്ന് കെവിൻ പറഞ്ഞത് അവർക്ക് ഇഷ്ടപ്പെട്ടില്ല. എസ്.ഐ. കെവിനെ പിടിച്ച് അകത്തേക്ക് തള്ളി.”

അതേ പോലീസ് സ്റ്റേഷനിലേക്ക് നീനു പിന്നീട് പോയത് രണ്ടു ദിവസത്തിന് ശേഷം കെവിനെ കാണാനില്ല എന്ന പരാതി നൽകുവാൻ ആയിരുന്നു. അപ്പോഴും നീനുവിന്റെ മനസിൽ ഒരു പ്രതീക്ഷ ബാക്കി നിൽക്കുന്നുണ്ടായിരുന്നു ജന്മം തന്ന മാതാപിതാക്കളും കൂടെ പിറന്ന സഹോദരനും എത്രയൊക്കെ ചീത്ത പറഞ്ഞാലും ഭീഷണി മുഴക്കിയാലും ഒരിക്കലും ഈ മകളുടെ ഭർത്താവിനെ കൊന്ന് മകളുടെ താലി അറുത്ത് കളായില്ല എന്നൊരു പ്രതീക്ഷ.

വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കെവിന്റെ മൃതദേഹം കിട്ടിയതോടെ നീനുവിന്റെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും അവസാനിച്ചിരുന്നു. കെവിന്റെ ഷർട്ടും കെട്ടിപിടിച്ചു ആ മൃതദേഹത്തിൽ കിടന്ന് അലറി വിളിക്കുന്ന നീനുവിന്റെ ചിത്രം ഓരോ മലയാളി മനസിലും നീറുന്ന ഓർമ്മയായി എന്നും ഉണ്ടാകും.

ജനങ്ങളെ സംരക്ഷിക്കേണ്ട ചുമതലയുള്ള പൊലീസുകാർ എങ്കിലും കൃത്യ സമയത്ത്‌ ഒന്നുണർന്നു പ്രവർത്തിച്ചെങ്കിൽ നീനുവിന് കൂട്ടായി ഇന്ന് കെവിൻ ജീവിച്ചിരുന്നേനെ എന്ന് നീനു പറയുന്നു. ഇനിയുള്ള ജീവിതം എങ്ങിനെ എന്ന ചോദ്യത്തിന് നീനുവിന് ഒരു മറുപടിയെ ഉള്ളു…,

“അച്ഛനെയും അമ്മയെയും ചേച്ചിയെയും എന്നെ ഏല്പിച്ചാണ് കെവിൻ ചേട്ടൻ പോയത്. അവർക്ക് കെവിൻ ചേട്ടന്റെ സ്ഥാനത് ഇനി ഞാൻ ആണ്. എനിക്ക് പഠിക്കണം, ഒരു ജോലി വാങ്ങി ഇവരെയൊക്കെ നോക്കണം. കെവിൻ ചേട്ടന്റെ സ്വപ്നങ്ങൾ യാഥാർഥ്യം ആക്കണം. ചേച്ചിയുടെ വിവാഹം നടത്തണം വീട് വയ്ക്കണം…”

ഇത് ഒരു പെണ്കുട്ടിയുടെ വെറും വാക്കുകൾ അല്ല…, കൈ പിടിച്ചു കൂടെ നടന്നവനെ ഒരു യാത്ര പോലും ചോദിക്കാതെ വിധി തട്ടിയെടുത്തപ്പോൾ ഒറ്റയ്ക്കായി പോയവളുടെ കണ്ണുനീര് കൊണ്ട് അവൾ ബലപ്പെടുത്തി എടുത്ത അവളുടെ ഉറച്ച തീരുമാനം ആണ്. ഒറ്റയ്ക്ക് അല്ല അവൾ, ചേർത്തു പിടിക്കാൻ ഒരു അച്ഛനും ഒരു കുടുംബവും ഉണ്ട് ഇന്നവൾക്ക്.. ആ കുടുംബത്തിന്റെ ഇനിയുള്ള പ്രതീക്ഷ അവളാണ്… നീനു… കേരളത്തിന്റെ മുഴുവൻ പ്രതീക്ഷ ആണവൾ…

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments