മലയാളം ഇ മാഗസിൻ.കോം

നയൻതാരയുടെ വാടകഗർഭധാരണം: നടന്നത് ഗുരുതര നിയമലംഘനം, ആശുപത്രിയുടെ ലൈസൻസ് പോകും?

ചെന്നൈ: ഇരട്ടക്കുട്ടികളുടെ അമ്മയായ നടി നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും വാടകഗർഭധാരണം സംബന്ധിച്ച നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി. എന്നാൽ, ഇവരെ ചികിത്സിച്ച സ്വകാര്യാശുപത്രി അതുസംബന്ധിച്ച രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തി.

നയൻതാരയ്ക്കും വിഘ്‌നേഷിനും ഇരട്ടക്കുട്ടികൾ പിറന്നെന്ന വാർത്ത വന്നതുമുതൽ ഇരുവരും വാടക ഗർഭധാരണ നിയമം ലംഘിച്ചെന്ന പരാതി ഉയർന്നിരുന്നു. അഞ്ചുമാസം മുമ്പുമാത്രമാണ് നയൻതാരയും വിഘ്‌നേഷും വിവാഹിതരായതെന്നും ഗർഭപാത്രം വാടകയ്ക്കെടുക്കുന്നതിന് വിവാഹം കഴിഞ്ഞ് ചുരുങ്ങിയത് അഞ്ചുവർഷം കഴിഞ്ഞാലേ അനുമതി ലഭിക്കൂ എന്നുമായിരുന്നു പ്രധാന ആരോപണം.

ഔപചാരികമായ വിവാഹച്ചടങ്ങുനടന്നത് ഈ വർഷം ജൂണിലാണെങ്കിലും 2016 മാർച്ച് 11-നുതന്നെ നയൻതാരയും വിഘ്‌നേഷും നിയമപരമായി വിവാഹിതരായിരുന്നെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞവർഷമാണ് വാടകഗർഭധാരണ നിയന്ത്രണനിയമം പ്രാബല്യത്തിൽ വന്നത്. അതിനു മുമ്പുതന്നെ അവർ വാടക ഗർഭധാരണത്തിനുള്ള നടപടികൾ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും നിയമം ലംഘിച്ചെന്ന് പറയാനാവില്ലെന്ന് ആരോഗ്യവകുപ്പു ഡയറക്ടർ ബുധനാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഇവരെ ചികിത്സിച്ച ആശുപത്രി അതു സംബന്ധിച്ച രേഖകളൊന്നും സൂക്ഷിക്കാത്തത് ഗുരുതരമായ കാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആശുപത്രിയുടെ ലൈസൻസ് എന്തുകൊണ്ട് റദ്ദാക്കിക്കൂടാ എന്നും സമിതി ആരാഞ്ഞിട്ടുണ്ട്.

വാടകഗർഭധാരണം സംബന്ധിച്ച വിശദാംശങ്ങൾ നയൻതാരയോ വിഘ്‌നേഷോ വെളിപ്പെടുത്തിയിട്ടില്ല. പരാതികൾ വന്ന സാഹചര്യത്തിൽ തമിഴ്‌നാട് ആരോഗ്യവകുപ്പ് സ്വമേധയാ അന്വേഷണം തുടങ്ങുകയായിരുന്നു.

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീനിൽ തന്നെ എല്ലാ സൈസിലുമുള്ള ബോക്സ്‌, കുറഞ്ഞ ചെലവിൽ പേപ്പർ ബോക്സ്‌ നിർമ്മാണം ഇനി ആർക്കും തുടങ്ങാം മികച്ച ലാഭവും നേടാം, Paper Box Manufacturing Unit

Avatar

Staff Reporter