മൂന്നു ലക്ഷം രൂപക്ക് ബെൻസ്, ആറുലക്ഷം രൂപക്ക് ജാഗ്വാർ, വെറും എട്ടുലക്ഷം രൂപ നൽകിയാൽ ഔഡി, ഇന്നോവയാണെങ്കിൽ രണ്ട് ലക്ഷം രൂപ നൽകിയാൽ ഓകെ. ഇത്ര ചെറിയ തുകകൾ ഇത്ര വലിയ ആഡംബര വാഹനങ്ങൾക്ക് മതിയാകുമോ എന്നല്ലേ? മതിയാകും. എന്ന് മാത്രമല്ല, നമ്മുടെ നാട്ടിലെ നിരത്തുകളിൽ ചീറിപ്പായുന്ന പല ആഢംബര കാറുകളും അതിന്റെ ഇപ്പോഴത്തെ ഉടമകൾ സ്വന്തമാക്കിയിട്ടുള്ളതും ഇതേ വിലകൾ നൽകിയാണ്. അത്തരം ഭാഗ്യവന്മാരെ തിരിച്ചറിയാനും ഒരു മാർഗമുണ്ട്. കാറിന്റെ നമ്പർപ്ലേറ്റിലേക്കൊന്ന് നോക്കിയാൽ മതി.
കേരള രജിസ്ട്രേഷൻ കാറുകളല്ലെങ്കിൽ ഉറപ്പിക്കാം, ഇവർ ആ കാർ സ്വന്തമാക്കിയത് തുച്ഛമായ വിലയ്ക്കാണെന്ന്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇവിടേക്ക് സ്വന്തം കാറുകളിൽ വന്നുമടങ്ങുന്നവരുടെ കാര്യമല്ലെന്ന് പ്രത്യേകം ഓർക്കണം. കേരളത്തിൽ ജീവിക്കുകയും അന്യസംസ്ഥാന രജിസ്ട്രേഷനുള്ള ആഡംബര വാഹനങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ കാര്യമാണ്. ഇവർ ഭാഗ്യവാന്മാരാണെങ്കിലും തട്ടിപ്പുകാരും കൂടിയാണ് എന്ന് മനസ്സിലാക്കിക്കൊള്ളുക. കേരളത്തിന് കിട്ടേണ്ട നികുതി വെട്ടിക്കാനാണ് ഇക്കൂട്ടർ കാറിന്റെ രജിസ്ട്രേഷൻ മാറ്റാതെ നിലനിർത്തുന്നത്.
തട്ടിപ്പിലേക്ക് പോകും മുമ്പ് ഇത്ര ചുളുവിലക്ക് ഈ കാറുകൾ എവിടെ കിട്ടുമെന്ന് അറിഞ്ഞിരിക്കണം. ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളിൽ നിരത്തിലിറക്കാൻ കഴിയാത്ത വാഹനങ്ങളാണ് ചുളുവിലയിൽ കേരളത്തിലേക്ക് ഒഴുകുന്നത്. ഡൽഹി, ഛത്തീസ്ഖഢ്, യു.പി., മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആറു മുതൽ 12 വർഷം വരെ ഉപയോഗിച്ച ആഡംബര വാഹനങ്ങൾ നിസ്സാര തുക നൽകിയാൽ നിങ്ങളുടെ കയ്യിലിരിക്കും. അവിടെ വെച്ച് തന്നെ ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ നിങ്ങളുടെ പേരിലേക്ക് മാറ്റുകയും ചെയ്യും. ഒറ്റ കുഴപ്പം മാത്രം അഡ്രസ് അവിടുത്തെ ഒരു വ്യാജ സംവിധാനമായിരിക്കും.
ഇതര സംസ്ഥാന വാഹനങ്ങൾ കേരളത്തിൽ ഓടണമെങ്കിൽ ടാക്‌സ് അടച്ച് കേരള രജിസ്‌ട്രേഷനിലേക്ക് മാറ്റണം. എന്നാൽ, ഈ നികുതി നൽകാതിരിക്കാനാണ് അവിടുത്തെ സെറ്റപ്പിൽ ഒരു രജിസ്ട്രേഷൻ മാറ്റം. അടുത്തിടെ വാഹന പരിശോധനയ്ക്കിടെ ഒരു ബിഎംഡബ്യൂ മുതലാളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വലയിൽ വീണതോടെയാണ് ഉദ്യോഗസ്ഥർക്കും ഈ സംവിധാനത്തെ കുറിച്ച് ധാരണ വന്നത്. 2013 മോഡൽ ബി.എം.ഡബ്ല്യു. കാർ വിലയുടെ 15 ശതമാനം നികുതി അടയ്ക്കണമെന്ന് പറഞ്ഞതോടെയാണ് ചത്തീസ്ഗഢിൽനിന്ന് വാഹനം വന്ന വഴി യുവാവ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.
മൂന്നുലക്ഷം രൂപയ്ക്കാണ് ഒരു സുഹൃത്ത് വഴി ഛത്തീസ്ഖഢിൽനിന്ന് യുവാവ് 2013 മോഡൽ ബി.എം.ഡബ്ല്യു. കാർ വാങ്ങിയത്. രജിസ്‌ട്രേഷൻ മണിപ്പൂരിൽ യുവാവിന്റെ പേരിൽത്തന്നെ വ്യാജ വിലാസത്തിൽ ചെയ്തു. നടപടികൾ പൂർത്തിയാക്കി കാർ മണിപ്പൂർ ആർ.ടി. ഓഫീസിൽ രജിസ്റ്റർ ചെയ്ത് സ്വന്തം പേരിലാക്കി കേരളത്തിലെത്തിച്ചു. സംഭവം മനസ്സിലാക്കിയ ഉദ്യോഗസ്ഥർ കൂടുതൽ പരിശോധിച്ചപ്പോൾ ആഡംബര കാറുകൾ കൂടുതൽ വാങ്ങിയിട്ടുള്ളവർ എറണാകുളം ജില്ലക്കാരാണെന്ന മറ്റൊരു പ്രധാന കാര്യം കൂടി ശ്രദ്ധയിൽപ്പെട്ടു.
റോഡിലെ ക്യാമറകൾ പരിശോധിച്ചതിലൂടെയും ടോൾ പ്ലാസകളിലെ ഫാസ് ടാഗ് രേഖകൾ പരിശോധിച്ചതിലൂടെയും എതാണ്ട് 3500ൽ അധികം ആഡംബര കാറുകളാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങി അവിടെ രജിസ്റ്റർ ചെയ്ത ശേഷം എറണാകുളത്ത് കൊണ്ടു വന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തി. മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൂട്ടൽ പ്രകാരം ഈ വാഹനങ്ങൾ കേരള രജിസ്ട്രേഷനിലേക്ക് മാറ്റുകയാണെങ്കിൽ നികുതി ഇനത്തിൽ സർക്കാരിന് കിട്ടുന്നത് കോടികളാണ്. ഇത്തരത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ വാഹനങ്ങൾ എത്രയും വേഗം നികുതിയടച്ച് കേരള രജിസ്ട്രേഷനിലേക്ക് മാറ്റിയില്ലെങ്കിൽ 50% പിഴപ്പലിശ ഉൾപ്പടെ ചുമത്തും. ഇതു കൂടാതെ വണ്ടി പിടിച്ചെടുത്ത് ബ്ലാക്ക്ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്യുമെന്നാണ് ആർ ടി ഒ മുന്നറിയിപ്പ്.