മലയാളം ഇ മാഗസിൻ.കോം

കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്ക്‌ അറിയാം, വിവാദ പ്രസ്താവനയുമായി നടനും എം എൽ എയുമായ മുകേഷ്‌ രംഗത്ത്‌!

വേങ്ങര തെരഞ്ഞെടുപ്പ് ചൂടില്‍ വേകുമ്പോള്‍ മലയാള സിനിമാ ലോകം ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു.  വെങ്ങരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ നടനും ഇടതുപക്ഷ എം.എല്‍.എ യുമായ മുകേഷിന്‍റെ പ്രസ്താവനയാണ് സിനിമാ കലാകാരന്മാരുടെ കൂട്ടായ്മയായ അമ്മയില്‍ വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നത്.

അമ്മ എന്ന സംഘടന ഇടത് പക്ഷത്തിന്‍റെ പോഷക സംഘടനയാണ് എന്ന നിലയിലുള്ള മുകേഷിന്‍റെ പരാമര്‍ശത്തില്‍ അമ്മയിലെ പല താരങ്ങള്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. അമ്മയുടെ ഭാരവാഹികളില്‍ പലര്‍ക്കും ഇടതുപക്ഷ ആഭിമുഖ്യം ഉണ്ടെങ്കിലും രാഷ്ട്രീയ നിറം നോക്കാതെ എല്ലാവരും ഒരുമിച്ച് നില്‍ക്കുന്ന കാഴ്ച്ചയായിരുന്നു സിനിമാ ലോകത്ത് ഇതുവരെ ഉണ്ടായിരുന്നത്.

എന്നാല്‍ നടന്‍ മുകേഷ് വെങ്ങരയില്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ മലയാള സിനിമാ കൂട്ടായ്മയെ പ്രതിസന്ധിയിലാക്കിയത്. അമ്മയെ തകര്‍ക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നു എന്ന മുകേഷിന്‍റെ പ്രസ്താവനയാണ് പല താരങ്ങളെയും ചൊടിപ്പിച്ചത്.  അമ്മ എന്ന സംഘടന ഒരു ഇടതുപക്ഷ പോഷക സംഘടനയാണ് എന്ന വ്യാഖ്യാനം ആണ് മുകേഷിന്‍റെ വാക്കുകള്‍ക്ക് ചിലര്‍ നല്‍കിയിരിക്കുന്നത്. മുകേഷിന്‍റെ വാക്കുകളുടെ ധ്വനിയും അത് തന്നെയാണ്.

താരസംഘടനയായ അമ്മയെ പൊളിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും മുകേഷ് പറഞ്ഞു. സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നുണ്ടെങ്കില്‍ കലാ സാംസ്‌കാരിക മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇവിടങ്ങളിലേക്ക് നുഴഞ്ഞ് കയറാന്‍ ഒരു ഭാഗത്ത് നിന്ന് എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. 

ദിലീപിനെ പരസ്യമായ് അനുകൂലിച്ച് അമ്മയിലെ ചില പ്രധാന പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയതോടെ അസ്വസ്ഥരായിരുന്ന വലിയൊരുവിഭാഗം നടിനടന്മാര്‍ ഇത് കൂടി ഉയര്‍ത്തിക്കാട്ടി സംഘടനയില്‍ കലാപക്കൊടി ഉയര്‍ത്തുവാനാണ് ആലോചിക്കുന്നത്.

മലയാള സിനിമയും താര സംഘടനയും ഇടത്പക്ഷത്തിന്‍റെ കുത്തകയൊന്നുമല്ല എന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് വേണ്ടതെന്നും പല ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു.

അതേ സമയം അമ്മയെ പൊളിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ വിരുദ്ധര്‍ ആരെല്ലാമെന്ന ചോദ്യത്തിന് മുകേഷ് മറുപടി പറഞ്ഞില്ല. ഇടത് വിരുദ്ധര്‍ എന്ത് പ്രവര്‍ത്തനം നടത്തിയാലും അമ്മയെ പിളര്‍ത്താന്‍ കഴിയില്ല. സര്‍ക്കാര്‍ അമ്മയോടൊപ്പമാണെന്ന ധ്വനിയും മുകേഷ് തന്റെ വാക്കുകളിലൂടെ മുന്നോട്ട് വെച്ചു. മലയാള സിനിമയിലെ കൂട്ടായ്മയെ തകര്‍ക്കുവാനാണ് ഇടതുപക്ഷ നേതാക്കള്‍ ശ്രമിക്കുന്നത് എന്നും പലരും അഭിപ്രായപ്പെടുന്നു. ഏതായാലും മുകേഷിന്‍റെ പ്രസ്താവന വരും ദിവസങ്ങളില്‍ അമ്മയ്ക്കും ഇടതുപക്ഷത്തിനും ഒരുപോലെ തലവേദനയാകും.

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com