മലയാള സിനിമയിൽ കർണ്ണന്മാർ 2. ആർ എസ് വിമലിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി കർണൻ എന്ന ചിത്രം ഒരുങ്ങുന്നതിനു പുറമെ മറ്റൊരു കർണനും അണിയറയിൽ പുരോഗമിക്കുന്നതായി വാർത്ത. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലും കർണൻ കേന്ദ്ര കഥാപാത്രമാകുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സംവിധായകനും നടനുമായ പി ശ്രീകുമാറാണ്.
18 വർഷം മുൻപ് ഈ പ്രോജക്ടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നിരുന്നതായി പി ശ്രീകുമാർ പറഞ്ഞു. ഇപ്പോൾ തിരക്കഥ പൂർണരൂപത്തിലാണെന്നും ഉടൻ തന്നെ ചിത്രീകരണം തുടങ്ങുമെന്നും പി ശ്രീകുമാർ പറഞ്ഞു. തിരക്കഥ ആദ്യം വായിച്ചു കേൾപ്പിക്കുന്നത് മോഹൻലാലിനെയാണ്. അദ്ദേഹം ചെയ്യാമെന്ന് സമ്മതിക്കുകയുമായിരുന്നു. പിന്നീടാണ് മമ്മൂട്ടിയും തിരക്കഥ വായിക്കുന്നത്. വായിച്ചു തീർന്ന ഉടൻ മമ്മൂട്ടി, ഞാൻ ഈ സിനിമ ചെയ്യുമന്ന് പറഞ്ഞ് എന്നെ ആലിംഗനം ചെയ്തിട്ട് അപാര തിരക്കഥ എന്നു പറഞ്ഞു. അതിനുശേഷം മോഹൻലാലിനോട് ഇക്കാര്യം സംസാരിച്ചപ്പോൾ അദ്ദേഹം മമ്മുക്ക ചെയ്താൽ നന്നായിരിക്കുമെന്ന് ഇങ്ങോട്ട് പറയുകയുമായിരുന്നു.
ഈ പ്രോജക്ടിനെക്കുറിച്ച് പൃഥ്വിരാജിനും അറിയാമായിരുന്നുവെന്നും പൃഥ്വിരാജ് തിരക്കഥ കേൾക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ വിവാഹത്തിരക്കുകൾ മൂലം അന്ന് അത് നടന്നില്ലെന്നും ഇപ്പോൾ ഈ ചിത്രം അനൗൺസ് ചെയ്യാനിരിക്കെയാണ് പൃഥ്വിരാജ് കർണൻ എന്ന ടൈറ്റിലോടെ മറ്റൊരു പ്രോജക്ട് പ്രഖ്യാപിച്ചതെന്നും പി ശ്രീകുമാർ കൂട്ടിച്ചേർത്തു. 100 ദിവസത്തെ ചിത്രീകരണം വേണ്ടി വരുന്ന സിനിമയുടെ ബഡ്ജറ്റ് 50 കോടി രൂപയാണ്. രാജസ്ഥാൻ, ഹൈദരാബാദ്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളാകും ലൊക്കേഷൻ.