കൊല്ലം അഞ്ചലില്‍ ഭാര്യയെ മൂര്‍ഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സൂരജ്. പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് പായസത്തിലും ജ്യൂസിലുമായി ഉത്രയ്ക്ക് ഉറക്കഗുളിക നല്‍കിയിരുന്നതായി സൂരജ് പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.

ഇതുകൊണ്ടാകാം പാമ്പ് കടിയേറ്റിട്ടും ഉത്ര അറിയാതിരുന്നതെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം എത്തിയാല്‍ മത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. ആദ്യത്തെ തവണ അണലിയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോഴും ഉറക്കഗുളിക നല്‍കിയിരുന്നതായി സൂരജ് പറയുന്നു.
പാമ്പിന്റെ കടിയേറ്റപ്പോള്‍ ഉത്ര എന്തുക്കൊണ്ട് അറിഞ്ഞില്ലാ എന്നുള്ള ചോദ്യങ്ങള്‍ ഉണര്‍ന്നിരുന്നു. ഉത്രയുടെ ദേഹത്തേയ്ക്ക് പാമ്പിനെ കുടഞ്ഞിട്ടെന്ന് സൂരജ് സമ്മതിക്കുന്നുണ്ട്. എന്നാല്‍ പാമ്പ് ചീറ്റുന്ന ശബ്ദം മാത്രമേ കേട്ടുളൂവെന്നും കൊത്തുന്നത് കണ്ടിട്ടില്ലെന്നും സൂരജ് കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്.

അതേ സമയം ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് വാങ്ങിയ മൂര്‍ഖന്‍ പാമ്പ് അപൂര്‍വമായി കാണപ്പെടുന്ന ഒരിനം മൂര്‍ഖനാണെന്ന് പൊലീസ് പറയുന്നു. പാമ്പ് പിടുത്തക്കാരനായ സുരേഷ് ചാത്തന്നൂര്‍ ചിറക്കര ഭാഗത്തു നിന്നാണ് മൂര്‍ഖനെ പിടികൂടി സൂരജിന് നല്‍കിയതെന്ന് പൊലീസിനോട് പറഞ്ഞു. അഞ്ചൽ പ്രദേശത്തൊക്കെ ഇതിന്റെ സാന്നിധ്യം അപൂർവ്വമാണ്.
പാമ്പിന്റെ ജഡഭാഗങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. മൂര്‍ഖന്‍ പാമ്പിന്റെ ഇനം കണ്ടെത്താന്‍ കഴിഞ്ഞാല്‍ കേസന്വേഷണത്തില്‍ ഇതു നിര്‍ണായകമാകുമെന്ന് കണ്ടെത്തല്‍. ഉത്ര വധക്കേസില്‍ പരമാവധി ശാസ്ത്രീയ തെളിവുകളാണു ശേഖരിക്കുന്നതെന്ന് എസ്പി ഹരിശങ്കര്‍ അറിയിച്ചു. പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് രണ്ട് തവണയും ഗുളിക നല്‍കിയതായി കണ്ടെത്തി. പായസത്തിലും ജ്യൂസിലുമാണ് ഉറക്കഗുളിക പൊടിച്ചു ചേര്‍ത്തു നല്‍കിയതെന്ന് സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിനു മൊഴി നല്കി.

സൂരജ് മരുന്നു വാങ്ങിയ അടൂരിലെ കടയില്‍ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ് നടത്തി. മാര്‍ച്ച് രണ്ടിനാണ് ഉത്രക്ക് അണലിയുടെ കടിയേറ്റത്. പായസത്തില്‍ ഗുളിക ചേര്‍ത്തു നല്‍കിയെങ്കിലും അന്ന് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ ഉത്ര ബഹളം വയ്ക്കുകയായിരുന്നു. ഇത് സൂരജിന്റെ ആദ്യ ശ്രമം പാളാന്‍ കാരണമാക്കി.
മെയ് ആറിന് മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ജ്യൂസില്‍ 650 മില്ലിഗ്രാമിന്റെ ആറ് പാരസെറ്റാമോള്‍ ഗുളികകളും ഉറക്കം വരുത്തുന്ന ഏതാനും അലര്‍ജി ഗുളികകളും പൊടിച്ചു ചേര്‍ത്തിരുന്നു. ടോസ് കൂടിയ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് ഉത്ര ഉറക്കത്തില്‍ ആയിരുന്നിരിക്കാമെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് മൂര്‍ഖനെ ഉത്രയുടെ ശരീരത്തിലേക്ക് ഇട്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.