മലയാളം ഇ മാഗസിൻ.കോം

സമൂഹ അടുക്കളകൾ വീണ്ടും, മൂന്നാം തരംഗം നേരത്തെ? രണ്ടിൽ ഒരാൾക്ക്‌ കോവിഡ്‌: സംസ്ഥാനത്ത്‌ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കോവിഡ്‌ വ്യാപനം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്‌ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആവശ്യമെങ്കിൽ സമൂഹ അടുക്കളകൾ വീണ്ടും തുടങ്ങും. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ഒരുക്കങ്ങൾ വിലയിരുത്താൻ യോഗം വിളിക്കണം. ആരും പട്ടിണി കിടക്കാനുള്ള സാഹചര്യം ഉണ്ടാകരുത്. പഞ്ചായത്തുകളിലെ ഒരുക്കം വിലയിരുത്താൻ പ്രസിഡന്റുമാരുടെ യോഗം വിളിക്കും.

ഒരു കുടുംബത്തിലെ മുഴുവൻ ആളുകൾക്കും രോഗം വരുന്ന സാഹചര്യമാണെന്ന് യോഗം വിലയിരുത്തി. കോവിഡ് വ്യാപനം ഉയർന്നു നിൽക്കുകയാണ്. മൂന്നാം തരംഗത്തിന്റെ മൂർധന്യത നേരത്തെ ആകാമെന്നും യോഗം വിലയിരുത്തി.

തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ ‘സി’ കാറ്റഗറിയിലയതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇവിടെ പൊതുപരിപാടികൾ പാടില്ല, തിയറ്റർ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ തുടങ്ങിയവ അടയ്ക്കണം. ആരാധനാലയങ്ങളിൽ ഓൺലൈൻ ആരാധന മാത്രമേ നടത്താവൂ. ഡിഗ്രി, പിജി അവസാന സെമസ്റ്റർ, 10, പ്ലസ് ടു ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈനായി മാത്രമേ അനുവദിക്കൂ.

പരിശോധിക്കുന്നവരില്‍ രണ്ടിലൊരാള്‍ പോസിറ്റീവെന്ന അതീവഗുരുതരാവസ്ഥയെ നേരിടാന്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുകയാണ്‌. 9 ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം ജില്ല ഏറ്റവുമധികം നിയന്ത്രണമുള്ള ‘സി’ വിഭാഗത്തിലാണ്. തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിൽ സിൻഡ്രോമിക് മാനേജ്‌മെന്റ് രീതിയാകും നടപ്പിലാക്കുക.

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പരിശോധന കൂടാതെതന്നെ രോഗിയായി കണക്കാക്കി ക്വാറന്റീനിൽ പ്രവേശിക്കുന്ന രീതിയാണ് ഇത്. ഇത്തരക്കാരിൽ കോവിഡ് സ്ഥിരീകരിക്കണമെന്നില്ല. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ കർശനമായി 7 ദിവസം ക്വാറന്റീനിൽ കഴിയണം. കൃത്യസമയത്ത് പരിശോധനകൾ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

തിരുവനന്തപുരത്ത് തിയറ്ററുകളും ജിമ്മുകളും സ്വിമ്മിങ് പൂളുകളും പൂട്ടി. ബി വിഭാഗത്തിൽ പെട്ട തൃശൂർ, എറണാകുളം, വയനാട്, ആലപ്പുഴ, പാലക്കാട് ജില്ലകളിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇവിടെ പൊതുപരിപാടികളും മതപരമായ ഒത്തുചേരലുകളും നിരോധിച്ചു. ഈ ജില്ലകളിലും വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേരേ പാടുള്ളൂ.

കണ്ണൂർ, മലപ്പുറം ജില്ലകൾ ‘എ’ വിഭാഗത്തിലാണ്. ഇവിടെ വിവാഹ, മരണാനന്തര ചടങ്ങുകളിൽ 50 പേർ വരെയാകാം. രോഗവ്യാപനം കുറഞ്ഞ കാസർകോടും കോഴിക്കോടും ഒരു വിഭാഗത്തിലും ഉൾപ്പെട്ടിട്ടില്ല. എന്നാൽ, വിവാഹങ്ങൾക്കും മറ്റും അകലം ഉറപ്പു വരുത്തണം.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter