മലയാളം ഇ മാഗസിൻ.കോം

പോസിറ്റീവ്‌ ആയി നെഗറ്റീവ്‌ ആയവർ വീണ്ടും പോസിറ്റീവാകുന്നു, ഒരാളിൽ നിന്ന് 5 പേരിലേക്ക്‌ പകരുന്നു: വേണം ഇക്കാര്യങ്ങളിൽ അതീവ ശ്രദ്ധ

കോവിഡിന്റെ അതിതീവ്ര വ്യാപനത്തെ തുടർന്ന് കേരളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്‌. ആദ്യ രണ്ടു തരംഗത്തിലും കോവിഡ്‌ പോസിറ്റീവായവർ തന്നെ വീണ്ടും പോസിറ്റീവാകുന്നു. ഒമിക്രോൺ ഏതു വഴിയും വരാം. അതിനാൽ ജാഗ്രത പാലിക്കുക. ഈ സാഹചര്യത്തിലാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. വ്യാപന ശേഷി കുടുതലായതിനാൽ ഇപ്പോൾ പടരുന്നത് ഒമിക്രോൺ വകഭേദമാകാൻ സാധ്യതയുണ്ട്‌.

20-30 പ്രായമുള്ളവരിലാണ് കോവിഡ് വ്യാപനം ഈ തരംഗത്തിൽ കൂടുതലായി കാണുന്നത്. മുൻപ് ഒരാളിൽ നിന്ന് പരമാവധി രണ്ടോ മൂന്നോ പേരിലേക്കാണ് കോവിഡ് പകർന്നിരുന്നതെങ്കിൽ ഇപ്പോൾ ഒരാളിൽ നിന്ന് അഞ്ച് പേരിലേക്കാണ് പകരുന്നത്. കോവിഡ് വരാതെ നോക്കുക, വന്നാൽ ജാഗ്രത പാലിക്കുക എന്നതാണ് ചെയ്യാനുള്ളത്.

മുൻപ് ഒരു വീട്ടിൽ താമസിക്കുന്ന എല്ലാവരിലേക്കുമാണ് കോവിഡ് പകർന്നതെങ്കിൽ ഇപ്പോൾ ഒരുമിച്ച് യാത്ര ചെയ്യുന്നവർ, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നവർ എന്നിവരിലേക്കും കോവിഡ് പകരുന്നു. ഒരു മുൻകരുതൽ എന്ന നിലയിൽ അർഹരായവർ എത്രയും വേഗം വാക്സീൻ സ്വീകരിക്കണം. വാക്സീൻ എടുത്തവരിൽ രോഗത്തിന്റെ കാഠിന്യം കുറവാണ്. 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, പ്രമേഹരോഗികൾ, കിഡ്നി, കരൾ രോഗികൾ, ആസ്മ മറ്റ് ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗ പ്രശ്നം ഉള്ളവർ എല്ലാം അധിക ശ്രദ്ധ വേണ്ടവരാണെന്ന് മറക്കരുത്‌.

ഭൂരിഭാഗം പേർക്കും കിടത്തി ചികിത്സ ആവശ്യമില്ല. ശരീരത്തിലെ ഓക്സിജൻ താഴുന്ന രോഗികൾ, ശ്വാസംമുട്ടൽ അനുഭവപ്പെടുന്നവർ എന്നിവർ ചികിത്സ തേടണം. അടുത്തുള്ള ആശുപത്രികളെ ആദ്യം ആശ്രയിക്കണം. അവരുടെ നിർദേശപ്രകാരം മാത്രം മെഡിക്കൽ കോളജ് പോലെ ആശുപത്രികളിൽ പ്രവേശിക്കുക. സ്വയം പരിശോധനയും സ്വയം ചികിത്സയും പാടില്ല. ഡോക്ടറുടെ നിർദേശത്തോടെ മാത്രം മരുന്നുകൾ ഉപയോഗിക്കുക, പരിശോധനാ ഫലം ആരോഗ്യവകുപ്പിനെ അറിയിക്കണം.

കഴിവതും ആശുപത്രി സന്ദർശനം ഒഴിവാക്കണം, ആൾക്കൂട്ടം ഉണ്ടാകാതെ അകന്നു നിൽക്കണം. പുറത്തുപോകുന്നവർ സുരക്ഷിതമായ ഒന്നിലധികം എൻ 95 മാസ്ക് ഉപയോഗിക്കണം. മാസ്ക് ഉപയോഗം ശ്രദ്ധയോടെ വേണം. ഇവ അണുവിമുക്തമാക്കി കൈകാര്യം ചെയ്യണം. എപ്പോഴും കൈകൾ സാനിറ്റൈസ് ചെയ്യണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ശുചിയാക്കണം. പറ്റുമെങ്കിൽ വീട്ടിലും മാസ്ക് ഉപയോഗിക്കണം. പുറത്തു പോകുന്നവർ വീട്ടിൽ എത്തുമ്പോൾ രണ്ട് മാസ്ക് ഉപയോഗിക്കണം. പുറത്തുപോകുന്നവർ കഴിവതും വീട്ടിലുളള മറ്റുള്ളവരുമായി സമ്പർക്കം കുറയ്ക്കണം.

ക്വാറന്റീനിൽ കഴിയുന്നവർ പുറത്തിറങ്ങരുത്. മാസ്ക് ഒഴിവാക്കരുത്. ക്വാറന്റീനിൽ കഴിയുന്നവർ മറ്റുള്ളവർക്കു കോവിഡ് വരാതിരിക്കാൻ അതീവശ്രദ്ധ പുലർത്തണം. മറ്റു രോഗങ്ങൾ ഉള്ളവർക്ക് കോവിഡ് വന്നാൽ നിലവിൽ ഉപയോഗിക്കുന്ന മരുന്നുകൾ തുടരണം. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter