മലയാളം ഇ മാഗസിൻ.കോം

മലയാള സിനിമയിൽ ഇതുവരെ തകർക്കാൻ പറ്റാത്ത ഒരു റെക്കോർഡ് മോഹൻലാലിനു സ്വന്തം

മലയാള സിനിമയുടെ സുവർണ്ണകാലം എന്ന് വിശേഷിപ്പിക്കാവുന്നത് 90കൾ ആണ്. ആ സമയത്താണ് മലയാള സിനിമയുടെ ഗതി മാറ്റിയ 2 താരങ്ങളുടെ രാജ വാഴ്ച പ്രേക്ഷകർ കണ്ടത്. അതുവരെ കണ്ടതൊന്നും ഒന്നുമല്ല എന്ന തരത്തിലാണ് സിനിമയും സാങ്കേതികതയും വളർന്നത്. അതിന് ചുക്കാൻ പിടിച്ചത് മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും.

മലയാളിക്ക് എക്കാലത്തും ഓർമ്മയിൽ സൂക്ഷിക്കാൻ ഒട്ടനവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടുകൾ ഉണ്ടായതും ആ കാലഘട്ടത്തിൽ തന്നെ. മികച്ച സഹ നടന്മാരും ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമെല്ലാം ആ സമയം മലയാള സിനിമയെ മുന്നോട്ട് നയിച്ചു.

\"\"

സൈക്കിളിൽ ഡബിൾസ് വച്ച് കിലോമീറ്ററുകൾ ദൂരെയുള്ള ടാക്കീസിലേക്ക് പാഞ്ഞ യുവത്വം ഇന്നില്ല. അവർ വിജയിപ്പിച്ച സിനിമകൾക്ക് കയ്യും കണക്കുമില്ല. നൂറുകളും ഇരുന്നൂറുകളും പിന്നിട്ട് 300ഉം 400ഉം ദിവസങ്ങൾക്ക് മേൽ ഓടിയ ചിത്രങ്ങൾ വരെ ആക്കൂട്ടത്തിലുണ്ട്. ഇന്നൊരു സിനിമ 100 ദിവസം പിന്നിട്ടാൽ അത് റെക്കോർഡ്. എന്നാൽ മലയാള സിനിമാ ചരിത്രത്തിൽ 300 ദിവസം പിന്നിട്ട സിനിമകൾ കൂടുതലും മോഹൻലാലിനു സ്വന്തമാണ്. മമ്മൂട്ടിക്ക് അതിന്റെ പകുതി പോലും സിനിമകൾ അവകാശപ്പെടാനില്ല. 2000 നു ശേഷം ഒരു ചിത്രവും 300 കടന്നിട്ടുമില്ല.

\"\"

1988ൽ പുറത്തിറങ്ങിയ ചിത്രമാണ് റെക്കോർഡ് ഭേദിച്ച ആദ്യ ചിത്രം. 365 ദിവസമാണ് ചിത്രം എന്ന സിനിമ തീയറ്ററിൽ നിറഞ്ഞോടിയത്. 1991ൽ പുറത്തിറങ്ങിയ കിലുക്കവും 365 ദിവസത്തെ പ്രദർശന വിജയം നേടിയ സിനിമയാണ്. 1993ൽ പുറത്തിറങ്ങിയ ദേവാസുരം 325 ദിവസമാണ് തീയറ്ററിൽ ഓടിയത്. 1993ൽ തന്നെ റിലീസ് ചെയ്ത മണിച്ചിത്രത്താഴും 300 ദിവസം കടന്ന മോഹൻലാൽ ചിത്രമാണ്.

\"\"

1995ലെ റിലീസ് ആയ സ്ഫടികം 333 ദിവസം പ്രദർശിപ്പിച്ച മറ്റൊരു മോഹൻലാൽ ചിത്രമാണ്. 1997 ൽ പുറത്തിറങ്ങിയ ആറാം തമ്പുരാൻ 300 ദിവസം തീയറ്ററുകളിൽ തകർത്താടി. ഒടുവിൽ ഏറ്റവും അവസാനം 300 കടന്ന ചിത്രം മോഹൻലാൽ-ഷാജി കൈലാസ് – രഞ്ജിത് ടീമിന്റെ നരസിംഹം (2000) ആയിരുന്നു. അങ്ങനെ 7 ട്രിപ്പിൾ സെഞ്ച്വറികൾ മോഹൻലാലിന് സ്വന്തം.

എന്നാൽ മമ്മൂട്ടിക്ക് അവകാശപ്പെടാൻ 1989ൽ പുറത്തിറങ്ങി 300 ദിവസം തീയറ്ററിൽ ഓടിയ ഒരു വടക്കൻ വീരഗാഥയും, 1996ലെ റിലീസ് ചിത്രമായ ഹിറ്റ്ലറും (300 ദിവസം) മാത്രമാണുള്ളത്.

\"\"

അതേസമയം ഏറ്റവും കൂടുതൽ ദിവസം തീയറ്ററുകളിൽ നിറഞ്ഞാടിയ സിനിമ ഇതൊന്നുമല്ല. 1991ൽ പുറത്തിറങ്ങിയ സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിലെ ഗോഡ്ഫാദർ ആണ് തകർക്കാൻ പറ്റാത്ത നേട്ടം കൈവരിച്ച ആ സിനിമ. 404 ദിവസങ്ങളാണ് ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാൻ മുതലാളിയും ബിഗ് സ്ക്രീനിൽ തകർത്താടിയത്.

Avatar

Sajitha San